Advertisment

നവകേരള സദസ് കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാത്തിരിക്കുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധി. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത കുടിശിക തീർക്കാൻ വേണ്ടത് 30,000 കോടി. 5,45,000 സർക്കാർ ജീവനക്കാർക്ക് കോളടിച്ചു. കുടിശിക തീർക്കാൻ വഴികാണാതെ സർക്കാർ

New Update
g

തിരുവനന്തപുരം: നവകേരള സദസ് കഴിഞ്ഞെത്തുന്ന സർക്കാരിനെ കാത്തിരിക്കുന്നത് വമ്പൻ സാമ്പത്തിക ബാദ്ധ്യതയാണ്. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത കുടിശിക തീർത്ത് കൊടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടാൽ സർക്കാർ കുടുങ്ങും.

Advertisment

ഇതിനായി  ഒറ്റയടിക്ക് 30000 കോടിയോളം രൂപയുടെ ബാദ്ധ്യതയാണ് വഹിക്കേണ്ടിവരിക. സാമ്പത്തികപ്രതിസന്ധി മൂലം ശമ്പളപരിഷ്ക്കരണ കുടിശികയും നൽകിയിട്ടില്ല.

ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നു നൽകാനാകുമെന്ന് ഡിസംബർ 11നകം അറിയിക്കണമെന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ഉത്തരവിട്ടിരിക്കുകയാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയോ നിയന്ത്രണങ്ങളോ ഇതിന് ബാധകമല്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസം പകരുന്ന ഉത്തരവാണിത്. പക്ഷേ പണം എങ്ങനെ കണ്ടെത്തുെ‌മെന്നറിയാതെ ഉഴലുകയാണ് സർക്കാർ.

കുടിശ്ശിക എന്നു നൽകുമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചില്ലെങ്കിൽ ട്രൈബ്യൂണൽ സ്വന്തം നിലയ്ക്ക് തീയതി നിശ്ചയിക്കും. ഹർജി ഡിസംബർ 11നാണ് വീണ്ടും പരിഗണിക്കുന്നത്. 2021 ജനുവരി, ജൂലായ്, 2022 ജനുവരി, ജൂലായ്, 2023 ജനുവരി, ജൂലായ് എന്നിങ്ങനെയാണ് ഡി.എ നൽകാനുള്ളത്. 


അടിസ്ഥാന ശമ്പളത്തിന്റെ 18% വച്ച് കണക്കാക്കിയാൽ 5,45,000 സർക്കാർ ജീവനക്കാർക്കായി നൽകേണ്ടി വരുന്നത് 30,000 കോടിയോളം രൂപയാണ്


ജീവിതച്ചെലവിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ നൽകുന്നതാണ് ക്ഷാമബത്ത. അടിസ്ഥാനശമ്പളത്തിന്റെ നിശ്ചിത ശതമാനമാണിത്. 2019 വരെയുണ്ടായിരുന്ന 28% ഡി.എ ശമ്പളത്തിൽ ലയിപ്പിച്ചിരുന്നു.2020ജനുവരി ഒന്നിന് 4% ഡി.എ.അനുവദിച്ചു. ജൂലായിൽ 3% കൂടി നൽകി.2021ൽ ശമ്പളപരിഷ്കരണം പ്രാബല്യത്തിലായപ്പോൾ 7% ഡി.എ വീതമാണ് കിട്ടിയത്.

നാളിതുവരെ അതുമാത്രമാണ് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും കിട്ടിപ്പോരുന്നത്. അതിനുശേഷം ആറു തവണയായി 18% ഡി.എ കൂട്ടി.പക്ഷേ, അനുവദിച്ചില്ല.അതെല്ലാം നൽകിയിരുന്നെങ്കിൽ അടിസ്ഥാന ശമ്പളത്തിന്റെ 25% ഡി.എ ശമ്പളത്തിനൊപ്പം കിട്ടുമായിരുന്നു.

2021ലാണ് ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത്. അതിന് ശേഷം സംസ്ഥാനത്ത് ഡി.എ.അനുവദിച്ചിട്ടില്ല. ഓരോ ആറുമാസം കൂടുമ്പോഴും ഡി.എ.യിൽ മാറ്റം വരും. ജൂലായിൽ കേന്ദ്രസർക്കാർ 4% ഡി.എ.കൂടി അനുവദിച്ചതോടെ സംസ്ഥാനത്ത് ആനുപാതികമായി 3% അനുവദിച്ചു.

അതുകൂടി ചേരുന്നതോടെ മൊത്തം കുടിശിക 18% ആയി.അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായാണ് ഡി.എ.നിശ്ചയിക്കുക. ഇതുപ്രകാരം സർക്കാർ സർവീസിൽ പുതിയതായി ചേരുന്ന 23,700 രൂപ അടിസ്ഥാന ശമ്പളമുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ഇപ്പോൾ ഡി.എ ഇനത്തിൽ ലഭിക്കുന്നത് 1659 രൂപമാത്രമാണ്. കിട്ടേണ്ടത് 5925 രൂപയും. അതനുസരിച്ചാണെങ്കിൽ നിലവിൽ കുറവ് 4266 രൂപ.

ഇത് സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനു 7074 രൂപയും അഡീഷണൽ സെക്രട്ടറിക്കാണെങ്കിൽ 22,266 ആകും. ഇതുവെച്ച് കണക്കാക്കിയാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ഡി.എ.കുടിശികയെല്ലാം കൂടി പണമായി നൽകേണ്ടിവന്നാൽ 52000രൂപ രൊക്കം ലഭിക്കും.അഡീഷണൽ സെക്രട്ടറിക്കാണെങ്കിൽ രണ്ടുലക്ഷത്തിന് മേൽ വരും.

ഇത്രയും വരില്ലെങ്കിലും പെൻഷൻകാർക്കും ആനുപാതിക ഡി.എ.കുടിശിക തീർത്ത് നൽകേണ്ടിവരും. ഗസറ്റഡ് റാങ്കിൽ 55182 പേരും നോൺ ഗസറ്റഡ് റാങ്കിൽ 4,59,842 പേരുമാണുള്ളത്. 5.12ലക്ഷം പെൻഷൻകാരുമുണ്ട്.

Advertisment