/sathyam/media/media_files/2024/10/18/dPqiGHbaN1iTggHM7sg2.jpg)
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ അനുശോചിക്കാൻ വൈകിയെങ്കിലും കളക്ടർ അരുൺ കെ വിജയന് എതിരെ ഉയരുന്ന വിമർശനങ്ങളിൽ നൊന്ത് ഐഎഎസ് അസോസിയേഷൻ.
നവീൻ ബാബു മരിച്ച് 22 ദിവസം കഴിഞ്ഞ് മാത്രമാണ് മരണത്തിൽ അനുശോചിക്കാൻ
ഐഎഎസ് അസോസിയേഷന് മനസ്സ് വന്നത്. എന്നാൽ അത് അരുൺ കെ വിജയന് പിന്തുണ പ്രഖ്യാപിക്കാൻ വേണ്ടിയുള്ള വഴിപാട് തീർക്കൽ മാത്രമാണ് എന്ന് വ്യക്തമാണ്.
ജില്ലാ ഭരണത്തിൽ കളക്ടർക്ക് തൊട്ടുതാഴെ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ആയി പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിന്റെ നിര്യാണം ഐഎഎസ് അസോസിയേഷനെ ഒട്ടും അമ്പരപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ആകെ ആത്മവീര്യം കെടുത്തിയ സംഭവത്തിൽ അനുശോചിക്കാൻ കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടനയ്ക്ക് 22 ദിവസം വേണ്ടിവന്നു.
ഉദ്യോഗസ്ഥ വൃന്ദത്തെ നയിക്കുന്നവർ എന്ന നിലയിൽ ഐഎഎസ് മേലാളന്മാർക്ക് സഹപ്രവർത്തകരോട് ഒട്ടും അനുതാപം ഇല്ലെന്ന് ഈ സംഭവം തെളിയിക്കുന്നുണ്ട്. സ്വന്തം വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥന് എതിരെ വിമർശനം വന്നപ്പോൾ വർഗ്ഗബോധം ഉണർന്ന് പ്രതികരിക്കാൻ ചാടിയിറങ്ങി.
എന്നാൽ എഡിഎം തലത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ ഭരണ നേതൃത്വത്തിന്റെ അധിക്ഷേപ പരാമർശത്തിൽ മനംനൊന്ത് ജീവനൊടുക്കിയപ്പോൾ ഈ വർഗ്ഗബോധം ഐഎഎസ് അസോസിയേഷനെ സ്പർശിച്ചതേയില്ല. ഇതിൽ നിന്നുതന്നെ അസോസിയേഷന്റെ വരേണ്യ ബോധവും ഇരട്ടത്താപ്പും വെളിവാക്കപ്പെടുന്നുണ്ട്.
നവീൻ ബാബുവിന്റെ നിര്യാണത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്ന് അടക്കം വിമർശനങ്ങളും പരാതിയും നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയന് ഐഎഎസ് അസോസിയേഷൻ പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബി. അശോക് ഒപ്പിട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോപണ വിധേയനായ കളക്ടർക്ക് പിന്നിൽ അസോസിയേഷൻ ഒറ്റക്കെട്ടായി അണിനിരന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നത്.
കളക്ടർ അരുൺ കെ വിജയനെതിരെ പൊതുസമൂഹത്തിനു മുന്നിൽ നടക്കുന്നത് അനാവശ്യ വ്യക്തി ഹത്യയാണെന്നാണ് ഐഎഎസ് അസോസിയേഷൻ്റെ പരിദേവനം. അന്വേഷണ സംവിധാനങ്ങളോട് കളക്ടർ സത്യസന്ധമായി ഇടപെട്ടു എന്നാണ് വിശ്വസിക്കുന്നതെന്ന് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ക്രിമിനൽ കോടതി പരിശോധിക്കുന്ന ചോദ്യങ്ങളിൽ അപക്വമായ തീർപ്പുകളിൽ എത്തിച്ചേരുന്നത് ഒഴിവാക്കാൻ എല്ലാവരും തയ്യാറാകണം. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ വ്യക്തിപരമായ ആക്രമണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
ഇന്നലെ ചേർന്ന ഐഎഎസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇന്ന് പ്രസ്താവനയായി ഇറക്കിയത്. അരുൺ കെ വിജയനെതിരെ
നടക്കുന്ന വിമർശനങ്ങളിൽ ഐഎഎസ് അസോസിയേഷന് അതൃപ്തിയുണ്ടെന്ന വിവരം
ഇന്നലെത്തന്നെ പുറത്തു വന്നിരുന്നു.
എന്നാൽ അസോസിയേഷന്റെ യോഗം ചേർന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല എന്നായിരുന്നു ഭാരവാഹികളുടെ പ്രതികരണം. അരുൺ കെ വിജയൻ എതിരെ നടക്കുന്ന ഒറ്റ തിരിഞ്ഞുള്ള ആക്രമണങ്ങളിൽ അസോസിയേഷൻ ഭാരവാഹികൾ ചീഫ് സെക്രട്ടറിയെ കണ്ട് ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഇതും കഴിഞ്ഞദിവസം അസോസിയേഷൻ ഭാരവാഹികൾ നിഷേധിച്ചതാണ്. ഈ നിഷേധം നിലനിൽക്കുമ്പോഴാണ് നേരത്തെ പുറത്തുവന്ന വിവരങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് അസോസിയേഷൻ തന്നെ പ്രസ്താവന പുറത്തിറക്കിയത്.
നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ മാനഹാനി ഉണ്ടാക്കുന്ന വിധം അധിക്ഷേപിച്ച പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി
വാദം കേട്ടു കഴിഞ്ഞു.
ഈ കേസിന്റെ വാദത്തിനിടയിൽ നവീൻ ബാബുവിന്റെ കുടുംബം നിയോഗിച്ച അഭിഭാഷകൻ കളക്ടർക്ക് എതിരെ കർശനമായ സമീപനമാണ് സ്വീകരിച്ചത്. പി പി ദിവ്യ ആരോപണം ഉന്നയിച്ച ശേഷം തന്നെ വന്നു കണ്ട നവീൻ ബാബു തനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയാണ് കുടുംബത്തെ എതിർ നിലപാട് സ്വീകരിക്കാൻ
നിർബന്ധിതമാക്കിയത്.
പി പി ദിവ്യയെ സഹായിക്കുന്നതിനു വേണ്ടിയാണ് കളക്ടർ ഇത്തരമൊരു മൊഴി നൽകിയതെന്ന് പരക്കെ വിമർശനമുണ്ട്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം ആയതുകൊണ്ട് നൽകിയ മൊഴി സംബന്ധിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ കളക്ടർക്ക് പരിമിതി ഉണ്ടെന്നാണ് ഐഎഎസ് അസോസിയേഷന്റെ വിശദീകരണം.