കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്ന എന്‍.സി.സി. ക്യാമ്പിനിടെ ജീവനക്കാരന്റെ മുഖത്തിടിച്ചു പരുക്കേല്‍പ്പിച്ച് കമാന്റിങ് ഓഫീസര്‍. പരുക്കേറ്റ സീനിയര്‍ അക്കൗണ്ടന്റ് ചികിത്സ തേടി. എന്‍.സി.സിക്കു തന്നെ നാണക്കേടായ സംഭവത്തിനിടയാക്കിയ കമാന്റിങ് ഓഫീസര്‍ക്കെതിരെ മുന്‍പും സമാന പരാതികള്‍. പരാതിയെ തുടര്‍ന്നു കമാന്റിങ് ഓഫീസറെ ഇടുക്കിയിലേക്കു മാറ്റി

സമ്മര്‍ദങ്ങളെ തുടര്‍ന്നു പോലീസ് മൊഴിയെടുക്കല്‍ നടത്തിയെങ്കിലും സ്‌റ്റേറ്റ് പോലീസ് വിഷയത്തില്‍ ഇടപെടല്‍ നടത്തരുതെന്നും തങ്ങള്‍ നടപടി സ്വീകരിച്ചുകൊള്ളാമെന്ന നിലപാട് എടുത്തു

New Update
Untitled

കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്ന എന്‍.സി.സി 17 കേരള ബെറ്റാലിയന്റെ ആനുവല്‍ ട്രെയിനിങ് ക്യാമ്പില്‍ ജീവനക്കാരന്റെ മുഖത്തിടിച്ചു പരുക്കേല്‍പ്പിച്ച് കമാന്റിങ് ഓഫീസര്‍. കമാന്റിങ് ഓഫീസര്‍ കേണല്‍ ജി.പി. സിങ്ങിനെതിരെയാണു ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.


Advertisment

ക്യാമ്പ് സംബന്ധിച്ച കണക്കുകള്‍ ബ്രീഫ് ചെയ്യാന്‍ കമാന്റിങ് ഓഫീസറായ ജി.പി. സിങ്ങ് നിര്‍ദേശം നല്‍കി. ഇതോടെ സീനിയര്‍ ക്ലര്‍ക്കുമാരായ ഷാജിമോന്‍, വി.വി. മധു, ക്ലര്‍ക്ക് ശ്രീജിത്ത് എന്നിവര്‍ കണക്ക് സമര്‍പ്പിക്കാന്‍ എത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം.


ഇതില്‍ മധു ബില്ലുകള്‍ എല്ലാം ലഭിച്ചിട്ടില്ല, അന്തിമ കണക്കില്‍ ചെറിയ വ്യത്യാസം വന്നേക്കാം എന്നു കേണല്‍ ജി.പി സിങ്ങിനെ അറിയിച്ചു. ഇതോടെ കമാന്റിങ് ഓഫീസര്‍ ഹിന്ദിയില്‍ അസഭ്യം പറഞ്ഞു.

ഇതോടെ താൻ പല ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ ഒന്നും ഇങ്ങനെ പെരുമാറിയിട്ടില്ലെന്നു പറഞ്ഞതില്‍ പ്രകോപിതനായാണു ജി.പി സിങ്ങ് മധുവിന്റെ മുഖത്തിടിച്ചത്. 

മറ്റു രണ്ടു ജീവനക്കാരുടെ മുന്‍പില്‍വെച്ചായിരുന്നു മര്‍ദനം. പിന്നാലെ പ്രശ്‌നമായേക്കാമെന്നു കരുതി ജി.പി. സിങ് സ്വയം ഷര്‍ട്ട് വിലിച്ചു കീറി മധു അക്രമിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നു.


സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ ജി.പി. സിങ്ങിന്റെ ഈ നീക്കം പൊളിയുകയായിരുന്നു. പിന്നാലെ മധു ചികിത്സതേടുകയും കുറവിലങ്ങാട് പോലീസിലും കോട്ടയം കഞ്ഞിക്കുഴിയില്‍ ഉള്ള ഗ്രൂപ്പ് ഹെഡ്ക്വര്‍ട്ടേഴ്‌സിലെ ബ്രിഗേഡറിയര്‍ ജി.വി.എസ്. റെഡിക്കും പരാതി നല്‍കി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥരെയാണ് പി.എസ്.സി വഴി എന്‍.സി.സിയില്‍ സിവിലിയൻ ജീവനക്കാരായി നിയമിക്കുക.


Untitled

ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ മധുവിനൊപ്പം ഉറച്ചു നിന്നു. എന്നാല്‍, പരാതി ഒത്തുതീര്‍പ്പാക്കാനുള്ള നീക്കമാണ് പിന്നീട് നടന്നത്. ഇതോടെ കേരളാ എന്‍.സി.സി. സിവിലിയന്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.എന്‍.സി.സി.സി.എസ്.എ) വിഷയത്തില്‍ ഇടപെടുകയും പരാതിയുമായി മുന്നോട്ടുപോകാന്‍ മധുവിന് പിന്തുണ നല്‍കുകയും ചെയ്തു. 

സമ്മര്‍ദങ്ങളെ തുടര്‍ന്നു പോലീസ് മൊഴിയെടുക്കല്‍ നടത്തിയെങ്കിലും സ്‌റ്റേറ്റ് പോലീസ് വിഷയത്തില്‍ ഇടപെടല്‍ നടത്തരുതെന്നും തങ്ങള്‍ നടപടി സ്വീകരിച്ചുകൊള്ളാമെന്ന നിലപാട് എടുത്തു. തുടര്‍ നടപടി ഉണ്ടാകാതെ വന്നതോടെ കെ.എന്‍.സി.സി.സി.എസ്.എയുടെ നേതൃത്വത്തില്‍ കേരളത്തിലെ 25 എന്‍.സി.സി കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.  

പിന്നാലെ സെപ്റ്റംബര്‍ 3ന് കരിദിനം ആചരിക്കുകയും ചെയ്തു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴസിനു മുന്‍പില്‍ പ്രതിഷേധ സമരം നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു.


അതേസമയം അസോസിയേഷന്‍ എന്‍.സി.സി. അഡി. ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ജി.പി. സിങ്ങിനെ കുറവിലങ്ങാടു നിന്നും ഇടുക്കി ജില്ലയിലേക്കു മാറ്റിയിട്ടുണ്ട്. എന്നാല്‍, ജി.പി. സിങ്ങിനു കീഴില്‍ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു ഭയമാണെന്നും മുന്‍പും ഇയാളില്‍ നിന്നും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഈ പരാതികളും അധികൃതര്‍ക്കു മുന്നിലുണ്ട്.


കേണല്‍ ജി.പി.സിങ്ങിനെ കേരളത്തില്‍ നിന്നു മാറ്റണമെന്നാണ് അസോസിയേഷന്റെ ആവശ്യം. അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പിനായി ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച കുറവിലങ്ങാടെത്തും.

Advertisment