മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന പാർട്ടിയുടെ അന്ത്യശാസനം വകവയ്ക്കാതെ എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിൽ  പ്രതിസന്ധി രൂക്ഷം. ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും അടിയന്തിര യോഗം വിളിച്ച് പി.സി ചാക്കോ. ശശീന്ദ്രനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി നിയുക്ത മന്ത്രി തോമസ് കെ തോമസ്

സംസ്ഥാന നേതൃത്വം മന്ത്രിസ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിട്ടും രാജിവെയ്ക്കാൻ കൂട്ടാക്കാതെ എ.കെ. ശശീന്ദ്രൻ

New Update
ak saseendran thomas k thomas pc chacko pinarayi vijayan
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാന നേതൃത്വം മന്ത്രിസ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിട്ടും രാജിവെയ്ക്കാൻ കൂട്ടാക്കാതെ എ.കെ. ശശീന്ദ്രൻ. രണ്ടാം പിണറായി മന്ത്രിസഭയുടെ ശേഷിക്കുന്ന കാലാവധിയിൽ കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസിനെ മന്ത്രിയാക്കണമെന്ന് വ്യക്തമാക്കിയിട്ടും ശശീന്ദ്രൻ സ്ഥാനം ഒഴിയാത്തത് എൻ.സി.പി സംസ്ഥാന ഘടകത്തിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.

Advertisment

പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും അടിയന്തിര യോഗം വിളിച്ചു. വൈകുന്നേരം 7ന് ഓൺലൈനായാണ് യോഗം.

പാർട്ടി ആവശ്യപ്പെട്ടിട്ടും രാജിവെയ്ക്കാതെ പിടിച്ച് നിൽക്കുന്ന ശശീന്ദ്രൻ, മുഖ്യമന്ത്രിയുടെ പിന്തുണയിലാണ് പാർട്ടിയെ വെല്ലുവിളിക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തൽ. ശശീന്ദ്രൻെറ രാജിയിൽ തീരുമാനം ഉണ്ടാക്കാൻ ഇടപെടൽ അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയെ കാണാനുളള ശ്രമത്തിലാണ് തോമസ്.കെ.തോമസ്. ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാനുളള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുകയാണ് തോമസ്.കെ.തോമസ്.

തോമസിന് ചാക്കോയുടെ പിന്തുണ

സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ പിന്തുണയിലാണ് മന്ത്രിസ്ഥാനത്തേക്കുളള തോമസ്.കെ.തോമസിൻെറ നീക്കം. രാജി ആവശ്യം അവഗണിച്ച് മന്ത്രിസ്ഥാനത്ത് തുടരുമ്പോഴും  എൻ.സി.പിയിൽ ഏ.കെ ശശീന്ദ്രന് പിന്തുണ നഷ്ടമാകുകയാണ്. മന്ത്രി സ്ഥാനം വീതം വെയ്ക്കാൻ തീരുമാനമെടുത്ത സംസ്ഥാന ഭാരവാഹിയോഗത്തിൽ പിന്തുണച്ചവർ പോലും ഇപ്പോൾ ശശീന്ദ്രനെ കൈയ്യൊഴിയുകയാണ്.

സ്വന്തം തട്ടകമായ കോഴിക്കോട്ടെ ജില്ലാ നേതൃത്വമാണ് ശശീന്ദ്രനെ കൈവിട്ടത്. സംസ്ഥാന അധ്യക്ഷൻ്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് നേരത്തെ ശശീന്ദ്രന് പൂർണ പിന്തുണ പ്രഖ്യാപിച്ച എൻ.സി.പി  കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഇന്നത്തെ തീരുമാനം. എ.കെ.ശശീന്ദ്രൻ രാജിവച്ച് തോമസ് കെ തോമസിന് അവസരം നൽകണമെന്നാണ് ഇന്ന് ചേർന്ന കോഴിക്കോട് ജില്ലക്കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം  ആവശ്യപ്പെട്ടത്.


എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന ഏ.കെ ശശീന്ദ്രൻ്റെ ഭീഷണിക്കെതിരെയും യോഗത്തിൽ  കടുത്ത വിമർശനമുയർന്നു.ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം ഇതിനെ എതിർത്തതോടെ ചേരിതിരിഞ്ഞുളള തർക്കം നടന്നു.


ഭിന്നത  രൂക്ഷമായതോടെ മന്ത്രിമാറ്റം സംസ്ഥാന  അധ്യക്ഷൻ്റെ തീരുമാനത്തിന് വിടുകയായിരുന്നു. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ നിർദ്ദേശ പ്രകാരമാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഇന്ന്  ചേർന്നത്. ശശീന്ദ്രനെ പിന്തുണച്ചിരുന്ന ഏക ജില്ലാ ഘടകത്തിൻെറ തീരുമാനവും അനുകൂലമാക്കിയെടുക്കുകയായിരുന്നു പി.സി.ചാക്കോയുടെ തന്ത്രം.

എ.കെ,ശശീന്ദ്രന് ഒപ്പം നിന്നിരുന്ന കോഴിക്കോട് ജില്ലാ പ്രസിഡൻറ് മുക്കം മുഹമ്മദും ഇന്ന് അദ്ദേഹത്തെ തളളിപ്പറഞ്ഞു. ശശീന്ദ്രൻ രാജിവെച്ച് തോമസ്.കെ.തോമസിന് അവസരം നൽകണം എന്ന നിർദ്ദേശം വെച്ചത് മുക്കം മുഹമ്മദായിരുന്നു.

പാർട്ടി നിർദ്ദേശം അനുസരിച്ച് രാജിവെയ്ക്കാൻ എ.കെ.ശശീന്ദ്രൻ തയാറാകുന്നില്ലെങ്കിൽ മറ്റ് ജില്ലാ കമ്മിറ്റികൾ കൂടി വിളിച്ചു ചേർത്ത് രാജി ആവശ്യം ഉന്നയിക്കാൻ തീരുമാനമുണ്ട്. ഇന്നത്തെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡൻറുമാരുടെയും യോഗത്തിലെ തീരുമാനം അനുസരിച്ചാകും മറ്റ് നടപടികൾ.

2000ലെ തര്‍ക്കത്തിന്റെ തനിയാവര്‍ത്തനം ?

മന്ത്രിസ്ഥാനം സംബന്ധിച്ച് എൻ.സി.പി സംസ്ഥാന ഘടകത്തിൽ ഉണ്ടായിരിക്കുന്ന ഇപ്പോഴത്തെ തർക്കത്തിന് 2000-ൽ എ.സി.ഷൺമുഖദാസും വി.സി കബീറും തമ്മിലുണ്ടായ തർക്കത്തിന് സമാനമാണ്. അന്ന് എൻ.സി.പിയിലായിരുന്നില്ല തർക്കം, അതിൻെറ പൂർവ രൂപമായ കോൺഗ്രസ് എസിൽ ആയിരുന്നു എന്നുമാത്രം.

ഇ.കെ.നായനാർ മന്ത്രിസഭയിൽ ആരോഗ്യമന്ത്രി ആയിരുന്ന എ.സി. ഷൺമുഖദാസ് അവസാന വർഷം രാജിവെച്ച് മന്ത്രിസ്ഥാനം വി.സി. കബീറിന് നൽകണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. എന്നാൽ മന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുക്കാൻ ഷൺമുഖദാസ് കൂട്ടാക്കിയില്ല.

ആഗ്രഹിച്ച മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് വന്നതോടെ പാർട്ടി പിളർത്തി പുറത്ത് പോകാൻ വി.സി. കബീറും അദ്ദേഹത്തെ അനുകൂലിക്കുന്നവരും തീരുമാനിച്ചു. പാർട്ടി പിളരുമെന്ന് വന്നതോടെ കടുംപിടുത്തം മാറ്റിവെച്ച് രാജിവെയ്ക്കാൻ എ.സി. ഷൺമുഖദാസ് സന്നദ്ധമായി. അങ്ങനെയാണ് 2000, ജനുവരി 19ന് വി.സി.കബീർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റത്.

ഷൺമുഖദാസിൻെറ ഉറ്റ സുഹൃത്തും അനുയായിയുമായ എ.കെ. ശശീന്ദ്രനും ഇതേ മാതൃക പിന്തുടരണമെന്നാണ് കോൺഗ്രസ് എസ് കാലം മുതൽ പാർട്ടിയിലുളള നേതാക്കൾ അഭിപ്രായപ്പെടുന്നത്.

Advertisment