/sathyam/media/media_files/2024/10/25/3wrtwAWdlRzaTWX3ZtXf.jpg)
തിരുവനന്തപുരം: എൻ.സി.പിയിലെ മന്ത്രിമാറ്റത്തിന് തടയിട്ട കൂറുമാറ്റ കോഴ ആരോപണം സംബന്ധിച്ച പാർട്ടിതല അന്വേഷണം തുടങ്ങി. പാർട്ടിയെ പ്രതിരോധത്തിലാക്കിയ കോഴ ആരോപണം അന്വേഷിക്കാൻ നിയോഗിച്ച നാലംഗ കമ്മീഷനാണ് വസ്തുതാന്വേഷണം തുടങ്ങിയത്.
അന്വേഷണ നടപടികളുടെ ഭാഗമായി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന കുട്ടനാട് എം.എൽ.എ തോമസ്. കെ. തോമസ് എം.എൽ.എയിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തു.
തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു എൻ.സി.പി നേതൃത്വം നിയോഗിച്ച നാലംഗ കമ്മീഷൻ തോമസ് കെ.തോമസിൽ നിന്ന് മൊഴിയെടുത്തത്. കമ്മീഷൻ മുൻപാകെ തോമസ് കെ.തോമസ് ആരോപണം നിഷേധിച്ചു.
ആരോപണം കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് തോമസ്.കെ.തോമസ് സ്വീകരിച്ചത്. ആന്റണി രാജു എം.എൽ.എ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉന്നയിക്കുന്ന ആക്ഷേപമാണ് ഇതൊന്നും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആരോപണം നിഷേധിച്ചിട്ടുണ്ടെന്നും തോമസ് കെ.തോമസ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നേരത്തെ ആരോപണം പുറത്തുവന്നപ്പോഴും തോമസ് കെ.തോമസ് ഇതേ സമീപനമാണ് സ്വീകരിച്ചത്.
ആരോപണങ്ങൾ ശരിയാണോ അല്ലയോയെന്ന് പാർട്ടി കമ്മീഷൻ തീരുമാനിക്കട്ടെ എന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ തോമസ്.കെ.തോമസ് നടത്തിയ
പ്രതികരണം.
കോഴ ആരോപണത്തിൻെറ നിജസ്ഥിതി കണ്ടെത്താൻ ഘടകകക്ഷി എം.എൽ.എമാരായ ആന്റണി രാജുവിൻെറയും കോവൂർ കുഞ്ഞുമോൻെറയും മൊഴിയെടുക്കേണ്ടത് അനിവാര്യമാണ്.
ഈ എം.എൽ.മാരോടാണ് കൂറുമാറ്റാൻ 50 കോടി രൂപവീതം വാഗ്ദാനം ചെയ്തത്. എന്നാൽ എൻ.സി.പിയുടെ ആഭ്യന്തര അന്വേഷണ കമ്മീഷൻ മുൻപാകെ ഹാജരായി മൊഴികൊടുക്കാൻ ഘടകകക്ഷി എം.എൽ.എമാർ തയാറാകുമോ എന്നാണ് അറിയാനുളളത്.
കോഴ വാഗ്ദാനം പുറത്തായ ശേഷം തോമസ്. കെ. തോമസ് രൂക്ഷമായ ഭാഷയിൽ ആന്റണി രാജുവിനെ വിമർശിച്ചിരുന്നു. ആന്റണി രാജു കടുത്ത ഭാഷയിൽ മറുപടി പറയുകയും ചെയ്തിരുന്നു.
രണ്ട് പേരും തമ്മിലുളള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായ സാഹചര്യത്തിൽ എൻ.സി.പിയുടെ അന്വേഷണ കമ്മീഷൻെറ ചോദ്യങ്ങൾക്ക് മുന്നിൽ നിന്നുകൊടുക്കാൻ ആന്റണി രാജു സന്നദ്ധനാകുമോയെന്ന് സംശയമാണ്.
തോമസ്. കെ. തോമസിനെ ആരോപണ മുക്തനാക്കുക ലക്ഷ്യമിട്ടാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന് ആക്ഷേപം ഉണ്ട്. അതുകൂടി കണക്കിലെടുത്താൽ ആന്റണി രാജു നിന്ന് എൻ.സി.പി കമ്മീഷന് മുൻപിൽ ഹാജരാകാനുളള ഒരു സാധ്യതയുമില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുളളവരിൽ നിന്ന് ലഭിക്കുന്ന വിവരം.
അല്ലെങ്കിൽ മുഖ്യമന്ത്രിയോ മുന്നണി നേതൃത്വമോ നിർദ്ദേശം നൽകണം. മന്ത്രിമാറ്റത്തോട് തന്നെ താൽപര്യക്കുറവുളളതിനാൽ മുഖ്യമന്ത്രിയോ മുന്നണി നേതൃത്വമോ അതിന് തയാറാകാൻ സാധ്യത വിരളമാണ്.
എൻ.സി.പിയിലെ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആവശ്യപ്പെട്ട് തോമസ് കെ തോമസ് എം എൽ എ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന ആരോപണം മുഖ്യമന്ത്രിക്ക് മുന്നിലെത്തിയതോടെയാണ് എൻ.സി.പിയിലെ മന്ത്രി മാറ്റം തടസപ്പെട്ടത്.
മന്ത്രിമാറ്റം ആവശ്യപ്പെട്ട് എ.കെ.ശശീന്ദ്രൻ, തോമസ്.കെ.തോമസ് എന്നിവർക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയോടാണ് കൂറുമാറ്റ കോഴയുടെ കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. തോമസ്.കെ.തോമസ് ആരോപണം അപ്പോൾ തന്നെ നിഷേധിച്ചിരുന്നു.
എന്നാൽ കുട്ടനാട് എം.എൽ.എയുടെ നിഷേധം കണക്കിലെടുക്കാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ഇതോടെയാണ് മന്ത്രി സ്ഥാനത്ത് എത്താനുളള തോമസ് കെ.തോമസിൻെറ നീക്കം തടസപ്പെട്ടത്.
ഒക്ടോബർ 19ന് ചേർന്ന എൻ.സി.പി നേതൃയോഗം വിഷയം ചർച്ച ചെയ്ത് വീണ്ടും മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനിടെ കോഴ വാഗ്ദാനം മാധ്യമങ്ങളിലൂടെ പുറത്തായി. ഇതോടെ നിൽക്കക്കളളി ഇല്ലാതായ പാർട്ടി നേതൃത്വം ഗത്യന്തരമില്ലാതെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കം രംഗത്ത് വന്നതോടെയാണ് മുഖം രക്ഷിക്കാൻ പാർട്ടി തല അന്വേഷണം പ്രഖ്യാപിച്ചത്. അതുവഴി തോമസ് കെ.തോമസിന് ക്ലീന്‍ ചിറ്റ് നൽകാനും ലക്ഷ്യമിട്ടിരുന്നു.
എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ വിശ്വസ്തരായ പി എം സുരേഷ് ബാബു, കെ ആർ രാജൻ, ലതികാ സുഭാഷ്, ജോബ് കാട്ടൂർ എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.
ജനാധിപത്യ കേരളാ കോൺഗ്രസ് എം.എൽ.എ ആന്റണി രാജു, ആർ.എസ്. പി ലെനിനിസ്റ്റ് എം.എൽ.എ കോവൂർ കുഞ്ഞുമോൻ എന്നിവരുടെ മൊഴിയെടുക്കാതെ എങ്ങനെ അന്വേഷണം പൂർത്തിയാക്കും എന്നാണ് ഇനി അറിയാനുളളത്.