നിസഹകരണവുമായി ആന്റണി രാജു. കോഴ ആരോപണത്തില്‍ എന്‍സിപിയുടെ അന്വേഷണം വഴിമുട്ടി. പാര്‍ട്ടിയുടെ അന്വേഷണത്തോട് സഹകരിച്ചത് കോവൂര്‍ കുഞ്ഞുമോന്‍ മാത്രം. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ് കെ. തോമസിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ കമ്മീഷന്‍. ഉപതിരഞ്ഞെടുപ്പിന് ശേഷം ശക്തമായ നീക്കങ്ങളിലേക്ക് എന്‍സിപി

എൻ.സി.പിയിലെ മന്ത്രിമാറ്റത്തിന് വിലങ്ങുതടിയായി മാറിയ കൂറുമാറ്റ കോഴ ആരോപണം സംബന്ധിച്ച പാർട്ടിതല അന്വേഷണം   ആന്റണി രാജുവിൻെറ നിസഹകരണത്തിന് മുന്നിൽ വഴിമുട്ടി

New Update
 antony raju thomas k thomas

തിരുവനന്തപുരം: എൻ.സി.പിയിലെ മന്ത്രിമാറ്റത്തിന് വിലങ്ങുതടിയായി മാറിയ കൂറുമാറ്റ കോഴ ആരോപണം സംബന്ധിച്ച പാർട്ടിതല അന്വേഷണം ആന്റണി രാജുവിൻെറ നിസഹകരണത്തിന് മുന്നിൽ വഴിമുട്ടി. 

Advertisment

അന്വേഷണ കമ്മീഷൻ ആവർത്തിച്ചിട്ട് അഭ്യർത്ഥിച്ചിട്ടും  അന്വേഷണത്തോട് സഹകരിക്കാൻ ആന്റണി രാജു കൂട്ടാക്കിയില്ല. കോഴ വാഗ്ദാനം ലഭിച്ചെന്ന് ആക്ഷേപമുളളവരിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ മാത്രമാണ് എൻ.സി.പിയുടെ അഭ്യന്തര അന്വേഷണത്തോട് സഹകരിച്ചത്.

മുഖ്യമന്ത്രിക്ക് മുന്നിലും മാധ്യമങ്ങൾക്ക് മുന്നിലും കോഴ ആരോപണം ശക്തമായി നിഷേധിച്ചയാളാണ് കോവൂർ കുഞ്ഞുമോൻ. ആന്റണി രാജു സഹകരിച്ചില്ലെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.


എന്നാൽ  കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം മുഖ്യമന്ത്രിക്ക് മുന്നിലും മാധ്യമങ്ങൾക്ക് മുന്നിലും തുറന്ന് പറഞ്ഞ ആന്റണി രാജുവിൻെറ മൊഴി എടുക്കാതെ അന്വേഷണം പൂർണമാവില്ല. ആൻറണി രാജുവിൻെറ മൊഴിയെടുക്കാത്ത പക്ഷം  കോഴ ആരോപണത്തിൽ നിന്ന് തോമസ്.കെ.തോമസിനെ കുറ്റ വിമുക്തനാക്കി കൊണ്ടുളള റിപ്പോർട്ടിന് വിശ്വാസ്യത ലഭിക്കില്ല.


റിപ്പോർട്ട് പുറത്തുവന്നശേഷവും ആൻറണി രാജു ആരോപണം ആവർത്തിച്ചാൽ എൻ.സി.പിയും പാർട്ടിതല അന്വേഷണ കമ്മീഷനും വെട്ടിലാകും. ഈ സാഹചര്യത്തിൽ  പാർട്ടി വൈസ് പ്രസിഡന്റ് പി എം സുരേഷ് ബാബുവിൻെറ നേതൃത്വത്തിലുളള അന്വേഷണ കമ്മീഷൻ എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.

കമ്മീഷൻ്റെ കണ്ടെത്തലുകളുടെ  അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡൻ്റ്  പി.സി. ചാക്കോ ദേശീയ -സംസ്ഥാന നേതാക്കളുമായി ആലോചിച്ച്  തുടർ നടപടികൾ സ്വീകരിക്കാനാണ് ഇപ്പോഴത്തെ ധാരണ.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.സി.ചാക്കോ മുംബൈയിലാണ്. കമ്മീഷൻ നേരിടുന്ന പ്രതിസന്ധി ദേശീയ അധ്യക്ഷനുമായി ചർച്ച ചെയ്തേക്കും.


ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ മന്ത്രിസ്ഥാനമാറ്റം സംബന്ധിച്ചോ കോഴ ആരോപണത്തിലോ ഒരുതരത്തിലുളള പ്രതികരണവും നടത്തരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശമുണ്ട്.


പാലക്കാട് ഉപതിരഞ്ഞെടുപ്പിൻെറ പോളിങ്ങ് കഴിയുന്ന നവംബർ 20ന് ശേഷം എൻ.സി.പിയിൽ നിന്ന് ശക്തമായ നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. പാലക്കാട് പോളിങ്ങിന് മുൻപ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക ലക്ഷ്യമിട്ടാണ് വേഗത്തിൽ നടപടികൾ നീക്കിയത്.

എന്നാൽ ആന്റണി രാജു സഹകരിക്കാൻ തയാറാകാതിരുന്നതോടെ കുഴപ്പത്തിലായി. ആന്റണി രാജു സഹകരിച്ചില്ലെങ്കിലും തോമസ്.കെ.തോമസിനെ കുറ്റവിമുക്തരാക്കി കൊണ്ട് റിപ്പോർട്ട് നൽകി കഴിഞ്ഞു. ഈ റിപ്പോർട്ട് ആയുധമാക്കിയാകും മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട്‌ മുന്നണിക്കുളളിൽ എൻ.സി.പി നടത്തുന്ന അടുത്ത നീക്കങ്ങൾ.

ആന്റണി രാജു അന്വേഷണത്തോട് സഹകരിച്ചില്ലെന്ന വിവരം എൻ.സി.പി നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

''വിവാദ വിഷയവുമായി ബന്ധപ്പെട്ട മൂന്ന് എം.എൽ. ഏമാരെയും നേരിൽ കണ്ട് സംസാരിച്ചു  തെളിവെടുക്കുവാനാണ് കമ്മീഷൻ തയ്യാറായത്. അതിനുവേണ്ടി രണ്ട് ദിവസത്തോളം കമ്മീഷൻ അംഗങ്ങൾ 4 പേരും തിരുവനന്തപുരത്ത് ചെലവഴിച്ചു.  തോമസ് കെ. തോമസ് എം.എൽ.എയും കോവൂർ കുഞ്ഞുമോൻ എം.എൽ.എയും മണിക്കുറുകൾ നീണ്ട മൊഴി രേഖപ്പെടുത്തലിനും തെളിവുകൾ നൽകുന്നതിനും കമ്മീഷനോട് സഹകരിച്ചു. എന്നാൽ ആൻ്റണി രാജു എം.എൽ.എ കമ്മീഷനോട് സഹകരിക്കുവാൻ തയ്യാറായില്ല. കമ്മീഷൻ്റെ കണ്ടെത്തലുകളുടെ  അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോ ദേശീയ  -സംസ്ഥാന നേതാക്കളുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കും'' എൻ.സി.പിയുടെ വാർത്താകുറിപ്പിൽ പറയുന്നു.


കോഴ വാഗ്ദാനം പുറത്തായ ശേഷം തോമസ്.കെ.തോമസ് രൂക്ഷമായ ഭാഷയിൽ ആന്റണി രാജുവിനെ വിമർശിച്ചിരുന്നു. ഇതിന്  ആന്റണി രാജു കടുത്ത ഭാഷയിൽ മറുപടി പറയുകയും ചെയ്തിരുന്നു.


രണ്ട് പേരും തമ്മിലുളള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായതാണ്  എൻ.സി.പി അന്വേഷണ കമ്മീഷനോട് സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് ആന്റണി രാജുവിനെ എത്തിച്ചത്. 
എൻ.സി.പിയിലെ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആവശ്യപ്പെട്ട് തോമസ് കെ തോമസ് എം എൽ എ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന ആരോപണം മുഖ്യമന്ത്രിക്ക് മുന്നിലെത്തിയതോടെയാണ് എൻ.സി.പിയിലെ മന്ത്രി മാറ്റം തടസപ്പെട്ടത്.

Advertisment