കൊച്ചി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ അജീഷ് കൊല്ലപ്പെട്ട സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ എൻസിപി. വനംവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വനംമന്ത്രിയുടെ ഭാഗത്ത് തികഞ്ഞ അനാസ്ഥ ഉണ്ടായതായി യോഗം നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ എന്‍സിപി യുടെ മന്ത്രിയെ പിന്‍വലിക്കാന്‍ സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ചു. മന്ത്രിസ്ഥാനത്തുനിന്നും എ കെ ശശീന്ദ്രനെ മാറ്റി പകരം പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള മന്ത്രിസ്ഥാനം തോമസ് കെ തോമസിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും തീരുമാനമായി.
സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം.
സംസ്ഥാനത്ത് മാനന്തവാടിയിലെ കുടിയേറ്റ കർഷകനായ അജീഷ് ഉൾപ്പെടെ 43 ഓളം പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ മരണങ്ങളെ എല്ലാം വളരെ ലാഘവത്തോടെ കാണുന്ന വനമന്ത്രി ജനങ്ങളെ പരിഹസിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് യോഗം വിമര്‍ശിച്ചു.
/sathyam/media/media_files/yIqo7PsTibBYbnDff8vC.jpg)
അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കാന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. പി സി ചാക്കോ എന്‍സിപി യുടെ പേരില്‍ ഇനി എല്‍ഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാനും എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്താനും പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
എന്‍സിപി യുടെ കൊടിയും ചിഹ്നവും ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച എല്ലാവരുടെയും യോഗം വിപ്പ് നല്‍കി വിളിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
പി.സി ചാക്കോ നിലവിൽ ചിഹ്നവും കൊടിയും ഇല്ലാത്ത പാർട്ടിയുടെ നേതാവായി മാറി. മാത്രവുമല്ല എൻസിപി ശരത് ചന്ദ്ര പവാർ(എൻസിപി-എസ്) എന്ന പാർട്ടിയുടെ പേര് മഹാരാഷ്ട്ര രാജ്യസഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം നൽകിയ പേരായതിനാൽ ആ പാർട്ടിക്ക് ഇപ്പോൾ കൊടിയോ അംഗീകാരമോ പേരോ പോലും ഇല്ലെന്നതാണ് വസ്തുതതയെന്നും യോഗം വിമര്‍ശിച്ചു.