ആലപ്പുഴ: എൻ.സി.പി മത്സരിക്കുന്ന കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ആവശ്യം തളളി മുഖ്യമന്ത്രി.
സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് ജില്ലാ സെക്രട്ടറി മറുപടി നൽകിയിട്ടും കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസിനെയും ഘടക കക്ഷിയായ എൻ.സി.പിയേയും ചേർത്ത് പിടിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം.
ഘടകകക്ഷികളെ കൂടെ നിർത്തണമെന്ന് പൊതു ചർച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ആവർത്തിച്ചു. ഘടകകക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദക്ക് ചേർന്നതല്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ ജനപ്രതിനിധികളെയും ഒന്നിച്ച് കാണാനാകണം. മുന്നണിയെ കൂട്ടായി നയിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ജില്ലാ സമ്മേളന പ്രതിനിധികളെ ഓർമ്മിപ്പിച്ചു.
കുട്ടനാട് സി.പി.എം ഏറ്റെടുക്കുന്നുവെന്ന പ്രചരണം ശക്തമാണ്. ഈ സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ ചർച്ചകൾ കൂടി പുറത്തുവന്നാൽ എൻ.സി.പി നേതൃത്വവും അത് ഗൗരവമായി എടുക്കും.
ഇതിനകം തന്നെ കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നുവെന്ന പ്രചരണത്തിൻെറ നിജസ്ഥിതി അറിയാൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന ജില്ലാ സമ്മേളനത്തിലെ ആവശ്യത്തെ മുഖ്യമന്ത്രി മുളയിലെ നുളളിയത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ചർച്ചകൾ അവസാനിക്കാനാണ് സാധ്യത.
എന്നാൽ കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് കൊണ്ടാണ് ജില്ലാ സെക്രട്ടറി ആർ.നാസർ ചർച്ചകൾക്ക് മറുപടി പറഞ്ഞത്.
കുട്ടനാട്ടിൽ ഏത് ഘടകകക്ഷി മത്സരിച്ചാലും വിയർപ്പൊഴുക്കി പണിയെടുക്കുന്നത് സി.പി.എം പ്രവർത്തകരാണ്. ആർക്കും നിഷേധിക്കാവാത്ത വസ്തുതയാണത്.
കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ആർ.നാസർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഹരിപ്പാട് വെച്ച് നടക്കുന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസിനെതിരെ രൂക്ഷ വിമർശമാണ് ഉയർന്നത്. കുട്ടനാട് എം.എൽ.എ തെക്കും വടക്കും അറിയാത്തവനാണ്.
എല്ലാ കരാറുകാരിൽ നിന്നും എം.എൽ.എ പണം വാങ്ങുന്നുണ്ടെന്നും കുട്ടനാട് ഏരിയ കമ്മിറ്റിയിൽ നിന്നുളള പ്രതിനിധി വിമർശിച്ചു. ജനപ്രതിനിധി എന്ന നിലയിൽ കുട്ടനാട് എം.എൽ.എ പൂർണ പരാജയമാണെന്നും പ്രതിനിധികൾ വിമർശിച്ചു.
മണ്ഡലത്തിലെ പ്രബല സമുദായങ്ങളെല്ലാം തോമസിന് എതിരാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ തോമസ് കെ.തോമസിന് എതിരായി നടത്തിയ വിമർശനങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ഇക്കാര്യം പറഞ്ഞത്.
എൻ.സി.പിയുടെ ശക്തമായ സമ്മർദ്ദം അവഗണിച്ച് തോമസ് കെ.തോമസിനെ മന്ത്രിയാക്കാതിരുന്ന മുഖ്യമന്ത്രിയെ ചർച്ചയിൽ പങ്കെടുത്തവർ അഭിനന്ദിക്കുകയും ചെയ്തു. തോമസ്.കെ.തോമസിൻെറ പാർട്ടിക്ക് കുട്ടനാട്ടിലും ആലപ്പുഴയിലും ഒരു സ്വാധീനവും ഇല്ലെന്ന ആക്ഷേപവും ചർച്ചയിൽ ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യമുളളതിനാൽ പൊതു ചർച്ചയിൽ വിമർശനങ്ങൾക്കും സ്വയം വിമർശനത്തേക്കാളും പുകഴ്ത്തലും പ്രശംസയുമാണ് ഉയർന്ന് കേട്ടത്.വിമർശനങ്ങളിൽ മിതത്വം പാലിച്ച പ്രതിനിധികളെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.