Advertisment

മന്ത്രിസ്ഥാനം വീതംവെയ്പ് സംബന്ധിച്ച എൻ.സി.പി കേരള ഘടകത്തിലെ തർക്കത്തിന് പരിഹാരം കാണാൻ ദേശിയ അധ്യക്ഷൻ ശരത് പവാറിന് ആകുമോ? ഇടഞ്ഞു നിൽക്കുന്ന എ.കെ.ശശീന്ദ്രനെ അനുനയിപ്പിക്കാനായില്ലെങ്കിൽ പിളർപ്പിന് സാധ്യത. പവാറുമായുളള കൂടിക്കാഴ്ചക്ക് പോകാതെ മാറിനിൽക്കാൻ എ.കെ.ശശീന്ദ്രൻ. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ആലപ്പുഴ ജില്ലാ കമ്മിറ്റി

New Update
H

കൊച്ചി: എൻ.സി.പി സംസ്ഥാന ഘടകത്തിലെ മന്ത്രിസ്ഥാനം വീതം വെയ്പിന് ദേശിയ അധ്യക്ഷൻ ശരത് പവാറിന് കഴിയുമോ. നേതൃത്വവുമായി ചർച്ചക്ക് പോലും വഴങ്ങാതെ മാറി നിൽക്കുന്ന എ.കെ.ശശീന്ദ്രനെ അനുനയിപ്പിക്കാൻ പവാറിനാകുമോ എന്നതാണ് മറ്റൊരു ചോദ്യം. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കുന്ന തോമസ്.കെ.തോമസ് എം.എൽ.എയെ സമാധാനിപ്പിച്ച് കൂടെനിർത്തുക എന്നതും ശരത് പവാറിന് മുന്നിലുളള വെല്ലുവിളിയാണ്.

Advertisment

മന്ത്രിസ്ഥാനം വീതം വെയ്പ് സംബന്ധിച്ച് എൻ.സി.പി സംസ്ഥാന ഘടകത്തിലെ തർക്കം തീർക്കാൻ ദേശിയ അധ്യക്ഷൻ ശരത് പവാർ വെളളിയാഴ്ച കേരള നേതാക്കളെ കാണാനിരിക്കെ ഉയരുന്ന ചോദ്യങ്ങളിതാണ്. സംസ്ഥാന ഘടകത്തിൽ പിളർപ്പിന് വരെ വഴിവെച്ചേക്കാവുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് എന്നിവരെയാണ് പവാർ മുംബൈക്ക് വിളിപ്പിച്ചിരിക്കുന്നത്.

എന്നാൽ പവാറിൻെറ സമവായ ശ്രമങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന വിവരങ്ങളാണ് ഇപ്പോൾ പാർട്ടി ക്യാംപിൽ നിന്ന് പുറത്തുവരുന്നത്.മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്യുന്ന കൂടിക്കാഴ്ചക്ക് ശശീന്ദ്രൻ പോയേക്കില്ലെന്നതാണ് ആ വിവരം. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാൽ നിയമസഭാംഗത്വവും രാജിവെക്കുമെന്ന് സംസ്ഥാന നേതൃത്വത്തോട് ഭീഷണി മുഴക്കിയിരിക്കുന്ന ശശീന്ദ്രൻെറ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.

മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നത് തടയാൻ സമ്മർദ്ദ തന്ത്രം തുടരാനാണ് ശശീന്ദ്രൻ വിഭാഗത്തിൻെറ തീരുമാനം.ഇതിൻെറ ഭാഗമായി ഇന്നലെ ഓൺലൈനായി ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്ക് എതിരെ പ്രതിഷേധം ഉയർത്താൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. രാത്രി 7ന് ഓൺലൈനായി ചേർന്ന യോഗത്തിൽ തൻെറ പക്ഷത്തുളള പരമാവധി നേതാക്കളെ ശശീന്ദ്രനെ പങ്കെടുപ്പിച്ചിരുന്നു. ഒരിക്കലും ഓൺലൈൻ യോഗങ്ങളിൽ പങ്കുചേരാത്ത കോഴിക്കോട് നിന്നുളള ശശീന്ദ്രൻ പക്ഷ നേതാക്കളായ ജോബ് കോട്ടൂർ, ആലിക്കോയ എന്നിവർ ഉൾപ്പെടെ ഇന്നലെത്തെ ഓൺലൈൻ യോഗത്തിൽ ചേർന്നു.

പ്രതിഷേധത്തിനുളള ശശീന്ദ്രൻ പക്ഷത്ത് നിന്ന് ആസൂത്രിതമായ നീക്കമുണ്ടെന്ന് മനസിലാക്കിയ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ യോഗത്തിൽ കയാറാതെ മുങ്ങി.തൊണ്ടയ്ക്ക് അസുഖമായതിനാൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് താൻ തന്നെ വിളിച്ചുചേർത്ത യോഗത്തിൽ കയറാതെ പി.സി.ചാക്കോ മുങ്ങിയത്. ഓൺലൈൻ യോഗത്തിൽ നടക്കാതെപോയ പ്രതിഷേധം നാളെത്തെ മണ്ഡലം പ്രസിഡൻറുമാരുടെ യോഗത്തിൽ അരങ്ങേറ്റാനാണ് ശശീന്ദ്രൻ പക്ഷത്തെ ആലോചന. നാളെ രാവിലെ കൊച്ചിയിലാണ് സംസ്ഥാനത്തെ 140 നിയോജമണ്ഡലങ്ങളിലെയും പ്രസിഡൻറുമാരുടെയും കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ മന്ത്രിസ്ഥാനം ലഭിച്ചേതീരു എന്ന കർശന നിലപാടിലുളള തോമസ്.കെ.തോമസും സമ്മർദ്ദ തന്ത്രവുമായി രംഗത്തുണ്ട്.

ഇതിൻെറ ഭാഗമായാണ് തോമസ്.കെ.തോമസിനെ മന്ത്രിയാക്കാണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയത്. എൻ.സി.പി ആലപ്പുഴ ജില്ലാ നേതൃത്വവുമായി തോമസ്.കെ.തോമസ് നേരത്തെ അകൽച്ചയിലായിരുന്നു. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുമായുളള പ്രശ്നങ്ങൾ പറഞ്ഞുതീർത്തതോടെ ജില്ലാ നേതൃത്വവുമായും അടുക്കുകയായിരുന്നു.

പി.സി.ചാക്കോയ്ക്ക് ഒപ്പമുളള സാദത്ത് ഹമീദാണ് എൻ.സി.പിയുടെ ആലപ്പുഴ ജില്ലാ പ്രസിഡൻറ് തോമസ്.കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നതും പി.സി.ചാക്കോയുടെ നിർദ്ദേശ പ്രകാരമെന്നാണ് സൂചന. അടുത്തിടെ എ.കെ.ശശീന്ദ്രനുമായി അകന്ന പി.സി.ചാക്കോയുടെ മുൻകൈയ്യിലാണ് തോമസ്.കെ.തോമസിനെ മന്ത്രിയാക്കാനുളള നീക്കങ്ങൾ നടന്നത്.

ഈ മാസം 30നകം മന്ത്രിസ്ഥാനം സംബന്ധിച്ച് തീർപ്പുണ്ടാകണമെന്ന നിലപാടിലാണ് തോമസ്.കെ തോമസ് വിഭാഗം.ശരത് പവാറിൻെറ ഇടപെടലിനെ പ്രതീക്ഷയോടെ കാണുന്ന തോമസ് വിഭാഗം,മന്ത്രിസ്ഥാനത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയുമ്പോൾ സംസ്ഥാന അധ്യക്ഷ പദവി ലഭിക്കുന്നതിന് വേണ്ടിയാണ് ശശീന്ദ്രൻ നിയമസഭാംഗത്വം രാജിവെക്കുമെന്ന് ഭീഷണി മുഴക്കുന്നതെന്ന അനുമാനത്തിലാണ് പി.സി.ചാക്കോ.

ദേശിയ വർക്കിങ്ങ് പ്രസിഡൻറായ പി.സി.ചാക്കോ പ്രവർത്തനം ദേശിയതലത്തിലേക്ക് മാറ്റിയാൽ ഇവിട ഒഴിവുവരികയും ചെയ്യും. വർക്കിങ്ങ് പ്രസിഡൻറ് പദവി ഏറ്റെടുത്തെങ്കിലും പ്രവർത്തനം ദേശിയതലത്തിലേക്ക് മാറ്റാൻ ചാക്കോ ഇതുവരെ തയാറായിട്ടില്ല. സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ താൽപര്യമില്ലാത്തത് കൊണ്ടാണിതെന്നാണ് എതിർ വിഭാഗത്തിൻെറ ആക്ഷേപം.

മഹരാഷ്ട്രയിലെ പിളർപ്പോടെ എൻ.സി.പിക്ക് ഭരണപങ്കാളിത്തമുളള സംസ്ഥാനം കേരളം മാത്രമാണ്.നേരത്തെ എൻ.സി.പിയുടെ ഭാഗമായിരുന്ന മാണി.സി.കാപ്പനെ തിരികെ കൊണ്ടുവരാനുളള ഉദ്ദേശവും പി.സി.ചാക്കോയ്ക്ക് ഉണ്ടെന്ന് സൂചനയുണ്ട്. ഇപ്പോൾ യു,ഡി.എഫിലുളള മാണി.സി.കാപ്പൻ എൻ.സി.പിയിലൂടെ ഇടത് മുന്നണിയിലെത്തുമ്പോൾ അദ്ദേഹത്തിന് സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകാനാണ് ചാക്കേയുടെ ഉദ്ദേശമെന്ന് സംശയം ഉയർന്നിട്ടുണ്ട്.

എന്നാൽ എൻ.സി.പിയിൽ എത്തിയാലും മാണി.സി.കാപ്പൻ ഇപ്പോൾ പ്രതിനിധീകരിക്കുന്ന പാലാ സീറ്റ് അദ്ദേഹത്തിന് ലഭിക്കാൻ സാധ്യത കുറവാണ്. കേരളാ കോൺഗ്രസ് എമ്മിൻെറ തട്ടകമായ പാലാ, അവർക്ക് തന്നെ നൽകാനെ ഇടത് മുന്നണി തീരുമാനിക്കു. അതുകൊണ്ടുതന്നെ എൻ.സി.പിയിലേക്ക് തിരിച്ചുവരുന്നത് കാപ്പന് നഷ്ടക്കച്ചവടം ആകാനാണ് സാധ്യത.

 

Advertisment