തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയേയും സർക്കാരിനെയും വിമർശിച്ച് എൻസിപി; തോൽവിയിൽ മുഖ്യമന്ത്രിയുടെ പിഴവുകൂടി വിലയിരുത്തണമെന്ന്‌ സംസ്ഥാന എക്സിക്യൂട്ടിവ് അംഗീകരിച്ച രാഷ്ട്രീയ രേഖ; മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തിയെന്നടക്കം വിമര്‍ശനം; ഇടതുപക്ഷം തെറ്റിലേക്ക് പോയപ്പോൾ ജനം സ്വയം രക്ഷാപ്രവർത്തനം നടത്തിയെന്നും പരിഹാസം; എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്നും എൻസിപി

കലാലയങ്ങളിൽ ജനാധിപത്യ സംസ്കാരം വീണ്ടെടുത്തേ മതിയാകുവെന്നും അതിന് വിലങ്ങുതടിയായി നിൽക്കുന്ന എസ്.എഫ്.ഐയെ സി.പി.എം നിയന്ത്രിക്കണമെന്നും എൻ.സി.പി

New Update
pc chacko pinarayi vijayan

കൊച്ചി: പാർട്ടി കേരളത്തിൽ ചെറുതായിരിക്കും, മുന്നണിയിലെ വല്യേട്ടനെയും ചെറിയേട്ടനെയും പോലെ എം.എൽ.എമാരും മന്ത്രിമാരും ഒന്നും ഒരുപാടുളള പാ‍ർ‍ട്ടിയല്ല എൻ.സി.പി.ആകെയുളളത് രണ്ട് എം.എൽ.മാരും ഒരു മന്ത്രിയും.എന്നിട്ടും ഇടത് മുന്നണിയിലെ 'തിരുത്തൽ ശക്തി' എന്ന് സ്വയം വീമ്പിളക്കുന്ന സി.പി.ഐയെപ്പോലെ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ട്  ഞഞ്ഞാപിഞ്ഞാ റിപോർട്ടൊന്നുമല്ല എൻ.സി.പി കേരള ഘടകം തയാറാക്കിയത്.

Advertisment

തിരഞ്ഞെടുപ്പിന് മുൻപ് നടന്നതെന്താണെന്നും എന്തൊക്കെ കാരണം കൊണ്ടാണ് തോറ്റതെന്നും തോൽവിയിൽ നിന്ന് എങ്ങനെ കരകയറണമെന്നും കൃത്യമായി എഴുതി വെച്ചിരിക്കുന്ന രാഷ്ട്രീയ രേഖയാണ് ശനിയാഴ്ച ചേർന്ന പാർട്ടി നേതൃയോഗത്തിൽ എൻ.സി.പി സംസ്ഥാന നേതൃത്വം അവതരിപ്പിച്ചത്.

നാഴികക്ക് നാൽപ്പത് വട്ടം മുന്നണിയെ തിരുത്തുമെന്നോ ചെങ്കൊടിക്ക് താഴെ അധോലോകം വളരാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിക്കുന്ന പരിപാടിയൊന്നുമില്ലെങ്കിൽ കാലത്തിൻെറ ചുവരെഴുത്ത് മനസിലാക്കി അത് സ്വന്തം പാർട്ടി ഫോറങ്ങളിലെങ്കിലും അറിയിക്കാൻ എൻ.സി.പിക്ക് കഴിഞ്ഞു.

നിശ്ചയദാർഢ്യം, പ്രതിജ്ഞാബദ്ധത, ഹൃദയപക്ഷം തുടങ്ങി കാൽപ്പനിക പദങ്ങൾ ആവർത്തിച്ച് നടക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും അസിസ്റ്റന്റുമാർക്കും എൻ.സി.പിയിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് സാരം. തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയേയും സർക്കാരിനെയും രൂക്ഷമായി വിമർശിക്കുന്നതാണ് എൻ.സി.പിയുടെ സംസ്ഥാന നേതൃയോഗത്തിൽ അവതരിപ്പിച്ച  രാഷ്ട്രീയ രേഖ.


 നാടൻ ഭാഷയിൽ പറഞ്ഞാൽ എൽ.‍‍ഡി.എഫ് തോറ്റ് തൊപ്പിയിട്ടു എന്ന് പറഞ്ഞുകൊണ്ടാണ് എൻ.സി.പിയുടെ രാഷ്ട്രീയ രേഖയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുളള ഭാഗം തുടങ്ങുന്നത്. തെറ്റിൽ നിന്ന് തെറ്റിലേക്ക് ഇടതുപക്ഷം പോയപ്പോൾ ജനങ്ങൾ സ്വയം രക്ഷാ പ്രവർത്തനം നടത്തുകയാണ്ചെയ്തത് എന്നതാണ്  രാഷ്ട്രീയ രേഖയിലെ ഏറ്റവും കടുത്ത പരാമർശം.


നവകേരള സദസിനിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചെടിച്ചട്ടി കൊണ്ടും ഹെൽമെറ്റ് കൊണ്ടും തലക്ക് അടിച്ചപ്പോൾ മുഖ്യമന്ത്രി അതിനെ വിശേഷിപ്പിച്ചത് രക്ഷാപ്രവർ‍ത്തനം എന്നായിരുന്നു. മുഖ്യമന്ത്രി രക്ഷാപ്രവർത്തനത്തെ ഉപയോഗിച്ച പരിഹാസ്യമായ അർത്ഥത്തിൽ തന്നെ തിരഞ്ഞെടുപ്പ് തോൽവിയെ പരാമർശിച്ച എൻ.സി.പി വ്യക്തിത്വമുളള പാർട്ടിയാണെന്ന് വിളിച്ചു പറയുകയാണ്.

തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയുടെ പിഴവുകൂടി വിലയിരുത്തണമെന്ന ആവശ്യവും എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗീകരിച്ച രാഷ്ട്രീയ രേഖയിലുണ്ട്.

'' മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്നതിൽ സഖാവ് പിണറായി വഹിച്ച പങ്ക് വളരെ വലുതാണ്. സാധാരണ ജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. നവ കേരള സദസ് എൽ.ഡി.എഫിനെ സഹായിക്കുമെന്ന് മുഖ്യമന്ത്രി കണക്കുകൂട്ടി. പൗര പ്രമുഖരെയും സാധാരണക്കാരെയും  വേർതിരിച്ച്, കോടികൾ ചെലവഴിച്ചു കൊണ്ടുളള യാത്രയെന്ന ദുഷ്പേര് സമ്പാദിക്കാനേ ആയുളളു.

നവകേരള സദസിൽ നിന്ന് ലഭിച്ച പരാതികളിൽ എത്രയെണ്ണം തീർപ്പായെന്ന് പറായാൻ പോലും  കഴിയാതെപോയി. ഏത് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് കരുത്തായിരുന്ന സർക്കാർ ജീവനക്കാരുടെ വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് നഷ്ടപ്പെട്ടു. ഡി.എ കുടിശിക ഉൾപ്പെടെയുളള വിഷയങ്ങളിൽ ഭരണകക്ഷി യൂണിയനിൽപ്പെട്ട ജീവനക്കാർ പോലും മാറി ചിന്തിച്ചു. വെളളക്കരം, കറൻറ് ചാർജ്, കെട്ടിടനികുതി തുടങ്ങിയ നടപടികളിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രതിഷേധം നിഷേധ വോട്ടായി മാറുക ആയിരുന്നു.

പൊലീസിൻെറ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകൾ,സിദ്ധാർത്ഥിൻെറ മരണം ഉൾപ്പെടെയുളള എസ്.എഫ്.ഐയുടെ കലാലയഗുണ്ടാ രാഷ്ട്രീയം പൊതുസമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.കലാലയങ്ങളിൽ ജനാധിപത്യ സംസ്കാരം വീണ്ടെടുത്തേ മതിയാകു. അതിന് വിലങ്ങുതടിയായി നിൽക്കുന്ന എസ്.എഫ്.ഐയെ സി.പി.എം നിയന്ത്രിക്കണം

.വിവിധ വകുപ്പുകളിൽ നടന്ന നിയമവിരുദ്ധമായ പിൻവാതിൽ നിയമനങ്ങൾ സ‍ർക്കാരിൻെറ പ്രതിഛായക്ക് കളങ്കമുണ്ടാക്കി.തൊഴിലന്വേഷകരിൽ ഇതുണ്ടാക്കിയ അമ‍ർഷം സർക്കാരിനെതിരായ വികാരമായി മാറി. ബി.ജെ.പി നേതാവുമായുളള എൽ.ഡി.എഫ് കൺവീനറുടെ കൂടിക്കാഴ്ചയും, അധികാരത്തിൻെറ ഇടനാഴികളിൽ ജീവിക്കുന്ന ദല്ലാളുമാരുമായുളള ചങ്ങാത്തവും, ഇത് സംബന്ധിച്ച് മുന്നണി കൺവീനറും പാർട്ടിയും നൽകിയ വിശദീകരണം ജനങ്ങൾക്ക് ദഹിച്ചില്ല.ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ജീരക വെളളം കുടിക്കാൻ ഉപദേശിച്ച വൈദ്യരെപോലെയാകരുത് ഇടതുപക്ഷം. തെറ്റിൽ നിന്ന് തെറ്റിലേക്ക് പോയപ്പോൾ ജനം സ്വയം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു '' എൻ.സി.പി രാഷ്ട്രീയ രേഖ വിമർശിച്ചു.


എൽ.ഡി.എഫിൻെറ ഇന്നത്തെ അവസ്ഥയേയും എൻ.സി.പി രാഷ്ട്രീയ രേഖ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എൽ.ഡി.എഫ് യോഗങ്ങൾ അടുത്തകാലത്തായി വെറും റിപ്പോർട്ടിങ്ങ് യോഗങ്ങളായി മാറുന്നു എന്നതാണ് വിമർശനം.


ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയങ്ങളും പരിപാടികളും സർക്കാരിൻെറ പ്രവർത്തനങ്ങളും ഗൗരവമായി ചർച്ചചെയ്യുന്ന വേദിയായി എൽ.ഡി.എഫ് യോഗങ്ങൾ മാറണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിലും മറ്റ് പ്രവർത്തനങ്ങളിലും ഇടതുമുന്നണിയായും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിലും മറ്റ് പ്രവർത്തനങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയായും രൂപാന്തരപ്പെടുന്ന പ്രതിഭാസം കേരള ജനത ഗൗരവത്തോടെ നോക്കികാണുന്നുണ്ടെന്നും എൻ.സി.പി രാഷ്ട്രീയ രേഖ ഓർമ്മിപ്പിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെ പരിഗണിക്കാത്തതിലുളള ശക്തമായ അതൃപ്തിയാണ് ഇതിൽ പ്രകടമായിരിക്കുന്നത്.

Advertisment