/sathyam/media/media_files/2025/02/23/9BhTq7s6UCZx7P8LSn7J.jpeg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെല്ലിമൂട് ദി ഗ്രാന്‍ഡ് റസിഡന്‍സി ബാര്‍ ഹോട്ടല്‍ കോമ്പൗണ്ടിനകത്ത് ആക്രമണം നടത്തിയ സംഘത്തിലെ പ്രധാനിയെ നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി.
നെയ്യാറ്റിന്‍കര തൊഴുക്കല്‍ മലഞ്ചാണി സാജന്‍ നിവാസില്‍ സാജന്‍ (27) ആണ് അറസ്റ്റിലായത്. ജനുവരി 27ന് രാത്രി 9. 30 ഓടെയാണ് സംഭവം. അഞ്ച് ഗുണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് ഹോട്ടല്‍ കാമ്പൗണ്ടില്‍ ആക്രമണം നടത്തി, രണ്ട് പേരെ കുത്തിയും ഒപ്പമുണ്ടായവരെ മര്‍ദിച്ചും പരിക്കേല്‍പ്പിച്ചതായാണ് കേസ്.
ആക്രമണത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ് ഷാജിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
നെയ്യാറ്റിന്‍കര, തിരുവല്ലം, കഴക്കൂട്ടം, മാരായമുട്ടം, പാറശാല, മാറനല്ലൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പിടിച്ചുപറി, അടിപിടി, അക്രമം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മയക്കുമരുന്ന് കച്ചവടം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളും, ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കല്‍ അനുഭവിച്ചിട്ടുള്ള ആളുമാണ് പ്രതി എന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.