വയനാട്: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ നീലിഗിരി ജില്ലയിൽ പ്രവേശിക്കാനുള്ള ഏഴ് ചെക്ക് പോസ്റ്റുകളിൽ ഇനി പ്രത്യേകം പാസ് ആവശ്യമില്ലെന്ന തീരുമാനം വന്നതോടെ ഏറെ ആശ്വാസത്തിലാണ് വിനോദ സഞ്ചാര മേഖല.
നാടുകാണി, ചോലാടി, താളൂർ, കക്കനഹള്ളി, പാട്ടവയൽ, നമ്പ്യാർക്കുന്ന് , പൂളക്കുണ്ട് ചെക്പോസ്റ്റുകളിലെ നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. ഇവിടങ്ങൾ വഴിയുള്ള യാത്രയ്ക്ക് ഇനി ഇ പാസ് ആവശ്യമില്ല.
ഇ പാസ് സംവിധാനം നിലവിൽ അഞ്ച് ചെക്ക് പോസ്റ്റുകളിൽ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ഇതോടെ ഊട്ടി അടക്കമുള്ള വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ്വാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പതിനാല് ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശിക്കാൻ ഇ പാസ് വേണമെന്ന നിബന്ധനയ്‌ക്ക് ഇളവ് വരുത്തി മേലെ ഗൂഡല്ലൂർ, മസിനഗുഡി, ഗദ്ദ, കുഞ്ചപ്പന, കല്ലാർ എന്നിവടങ്ങളിൽ മാത്രമാണിപ്പോൾ പരിശോധനയും നിയന്ത്രണവും തുടരാൻ തീരുമാനിച്ചത്.
2024 മെയ് മാസം മുതലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇ പാസ് സംവിധാനം നിലവിൽ വന്നത്.
/sathyam/media/media_files/2025/04/24/1egneTZDxJq0cAxhnTT4.jpg)
കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽനിന്നും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിൽ നിന്നുമുള്ള വാഹനങ്ങൾ നീലഗിരിയിൽ പ്രവേശിക്കണമെങ്കിൽ ഇ പാസ് വേണം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
നിയന്ത്രണ പ്രകാരം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ആറായിരവും ശനി- ഞായർ ദിവസങ്ങളിൽ എട്ടായിരം വീതം പാസുകളുമാണ് അനുവദിച്ചിരുന്നത്.
വാഹനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും നിയന്ത്രണം കർശനമാക്കിയിരുന്നത്. ഇവയിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്.
കടുത്ത നിയന്ത്രണം വിനോദ സഞ്ചാരത്തെ സാരമായി ബാധിക്കുകയും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരിൽ വൻ തോതിൽ വരുമാനം കുറയുന്നതിനും ഇടയാക്കിയിരുന്നു.
ഇതി വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. ഹോട്ടലുകൾ നടത്തുന്നവരുടെയും ടാക്സി സർവീസുകാരുടെയും വരുമാനം കുത്തനെ ഇടിയുകയായിരുന്നു. കർശന നിയന്ത്രണം ഒഴിവാക്കിയതോടെ ആശ്വാസത്തിലാണ് ഇവരെല്ലാം.