കുമരകം: 70ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മണിക്കൂറുകള്‍ മാത്രം. അവസാന വട്ട പരിശീലനം നടത്തി ബോട്ട്ക്ലബുകള്‍. ഇക്കുറി നെഹ്റുട്രോഫിയില്‍ മുത്തമിടാന്‍ 19 ചുണ്ടന്‍വള്ളാണു മാറ്റുരക്കുന്നത്.
തുഴത്താളത്തിന്റെ ആരവത്തിനു മുമ്പേ ചുണ്ടന്‍ വള്ളങ്ങളുടെ അവസാനവട്ടം പരിശീലനം തകൃതിയാണ്. പുന്നമടയിലും വേമ്പനാട്ടുകായലിന്റെ വിവിധഭാഗങ്ങളിലും കുമരകത്തെ മുത്തേരിമടയിലുമാണു തുഴച്ചില്‍ പരിശീലനം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ അഞ്ചാം കിരീടമെന്ന ലക്ഷ്യമിട്ടാണു പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വരവ്. 15 തവണ നെഹ്റുട്രോഫി നേടിയ കാരിച്ചാല്‍ ചുണ്ടനിലാണു മത്സരിക്കുന്നത്. പി.ബി.സിയും കുമരകം ടൗണ്‍ ബോട്ട് ക്ലബും (2004-07) മാത്രമാണു തുടര്‍ച്ചയായ നാലു നെഹ്റു ട്രോഫികള്‍ നേടിയിട്ടുള്ളത്. 2018 മുതല്‍ 2023 വരെയാണു പി.ബി.സിയുടെ തുടര്‍ച്ചയായ കിരീട നേട്ടം.
1988, 1998 വര്‍ഷങ്ങളിലും ട്രോഫി നേടി. ആകെ 6 നെഹ്റു ട്രോഫികള്‍.15 നെഹ്റു ട്രോഫികളുമായി ഏറ്റവും കൂടുതല്‍ നെഹ്റു ട്രോഫിയെന്ന റെക്കോര്‍ഡുള്ള കാരിച്ചാല്‍ ചുണ്ടനിലാണു ടീം തുഴയുന്നത്. ഇതുവരെ നടന്ന മൂന്നു സി.ബി.എല്‍ സീസണുകളിലും ടൈറ്റില്‍ വിജയികളാണ്. 2020, 2021 വര്‍ഷങ്ങളില്‍ നെഹ്റുട്രോഫി മത്സരം നടന്നില്ല.
പള്ളാത്തുരുത്തി ബോട്ട് ക്ലബിനു വെല്ലുവിളി ഉയര്‍ത്തുന്നത് ഏറ്റവും കൂടുതല്‍ വെള്ളിക്കപ്പില്‍ മുത്തമിട്ട യു.ബി.സി കൈനകരിയാണ്. ഇത്തവണ തലവടി ചുണ്ടനിലാണു തുഴയെറിയുന്നത്. വില്ലേജ് ബോട്ട് ക്ലബ് കൈനകരി എത്തുന്നത് കഴിഞ്ഞവര്‍ഷം ജേതാക്കളായ വീയപുരം ചുണ്ടനിലാണ്.
പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ് പായിപ്പാടനിലും കുമരകം ടൗണ്‍ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലും തുഴയെറിയുമ്പോള്‍ ഓളപ്പരപ്പിലെ മത്സരം തീപാറും.
കുമരകം ബോട്ടക്ലബ് മേല്‍പ്പാടത്താണു തീവ്ര പരിശീലനം നടത്തുന്നത്. ഇക്കുറി പള്ളാത്തുരുത്തിക്കും യു.ബി.സി കൈനകരിക്കുമെല്ലാം കടുത്ത വെല്ലുവിയാകുമെന്നുറപ്പിച്ചുള്ള പരിശീലമാണ് മേല്‍പ്പാടത്ത് പുരോഗമിക്കുന്നത്.