വടക്കഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. നടപടി നേഘയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ. ഭർത്താവിനെതിരായ ആരോപണത്തിൽ ഉറച്ച് യുവതിയുടെ കുടുംബം

New Update
nekha subhramanyan

പാലക്കാട്: വടക്കഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. മരിച്ച നേഘയുടെ ഭർത്താവ് ആലത്തൂർ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 

Advertisment

പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. ആലത്തൂർ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണച്ചുമതലയുള്ളത്.


നേഘയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 


നേഖ ആത്മഹത്യചെയ്യില്ലെന്നും ഭര്‍ത്താവ് പ്രദീപ് കൊന്നതാണെന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലെന്ന കാരണം പറഞ്ഞ് പ്രദീപ് നേഖയെ ഉപദ്രവിക്കാറുണ്ടായിരുന്നു. 

രണ്ടു വര്‍ഷം മുമ്പാണ് മകള്‍ ജനിച്ചത്. പ്രദീപ് കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെത്തുന്ന പ്രദീപ് നേഖയെ മര്‍ദിക്കാറുണ്ടെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.

Advertisment