നേമത്ത് ചുവരെഴുതിക്കൊണ്ട് സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തി രാജീവ് ചന്ദ്രശേഖർ അങ്കത്തിനിറങ്ങി. 46% ലോക്സഭാ വോട്ട് മൂലധനമാക്കി മണ്ഡലം തിരിച്ചുപിടിക്കലാണ് ബിജെപി ലക്ഷ്യം. ശക്തമായ സ്വാധീനമുള്ള ശിവൻകുട്ടിയെ മറികടക്കൽ പ്രയാസം. ശക്തനായ സ്ഥാനാർഥിയെ യുഡിഎഫ് ഇറക്കിയാൽ ചിത്രം അടിമുടി മാറും. ന്യൂനപക്ഷവോട്ട് നിർണായകമാവുന്ന നേമത്ത് ഇക്കുറി വിഐപി ത്രികോണ പോരാട്ടം കനക്കും

New Update
rajeev

തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാർത്ഥി തീരുമാനം വരുന്നതിന് മുൻപുതന്നെ നേമത്ത് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ.

Advertisment

നേമത്ത് മണ്ഡലം ഉൾപ്പെടുന്ന കാലടി തളിയിൽ ജംഗ്ഷനിൽ സ്വയം ചുവരെഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.


നേമത്ത് മത്സരിക്കാനുളള താൽപര്യം പാർട്ടിയുടെ ദേശിയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നേതൃത്വം അനുകൂല തീരുമാനം എടുക്കുമെന്നാണ്  വിശ്വസിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.


4661b836befd0ec8da2b2253a4c1d888

സംസ്ഥാനത്ത് ബിജെപി പ്രചാരണം തുടങ്ങിയ ആദ്യ മണ്ഡലമാണ് നേമം. കേരള നിയമസഭയിൽ ബിജെപി ആദ്യമായി അക്കൌണ്ട് തുറന്ന മണ്ഡലമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ നേമത്ത് ബിജെപി മത്സരിക്കാനിറങ്ങുന്നത്.

സംസ്ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വെയ്ക്കുന്ന എ ക്ലാസ് മണ്ഡലമാണ് നേമം. സിപിഐഎമ്മും നേമത്ത് അനൗദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മന്ത്രി വി ശിവൻകുട്ടി തന്നെയായിരിക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നേമത്ത് മത്സരിക്കുക.

തിരുവനന്തപുരം നഗരസഭാ കൌൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ വൈഷ്ണ സുരേഷിനെയാണ് കോൺഗ്രസ് നേമം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.

vyshna-suresh-jpg


വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കയതോടെ വിവാദത്തിലായ വൈഷ്ണക്ക് നേമത്ത് നല്ല മത്സരം കാഴ്ചവെക്കാനാകുമെന്നാണ് യുഡിഎഫ് ക്യാമ്പിൻെറ പ്രതീക്ഷ.


2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  നേമം മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന് ഉറപ്പായതോടെ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു വിഐപി പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

ബിജെപിക്ക് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നുനൽകിയ  നേമം തിരിച്ചുപിടിക്കുക എന്നത് ബിജെപിയുടെ അഭിമാനപ്രശ്നമാണ്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും, നേമം നിയമസഭാ മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റം നടത്തിയിരുന്നു.

images - 2026-02-22T234558.695


ഈ വോട്ടുവിഹിതം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്നതാണ് ബിജെപിയുടെ വലിയ പ്രതീക്ഷ.വികസന നായകൻ എന്ന പ്രതിച്ഛായയാണ് രാജീവ് ചന്ദ്രശേഖറിൻെറ അനുകൂല ഘടകം.


മുൻ കേന്ദ്രമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനപരിചയവും 'വികസന രാഷ്ട്രീയം' എന്ന മുദ്രാവാക്യവും നഗരകേന്ദ്രീകൃതമായ നേമം മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

പാർട്ടിയുടെ അമരക്കാരൻ തന്നെ നേരിട്ട് മത്സരത്തിനിറങ്ങുന്നത് അണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കും. താഴെത്തട്ടിലുള്ള പാർട്ടി സംവിധാനങ്ങളെ സജീവമാക്കാൻ ഇത് സഹായിക്കും.

നേമം മണ്ഡലത്തിലെ സംഘടനാ കരുത്തും ബിജെപിക്ക്  സഹായകമാണ്.ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് നേമം. നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ എണ്ണവും പാർട്ടി വോട്ടുകളും രാജീവ് ചന്ദ്രശേഖറിന് ഉറച്ച അടിത്തറ നൽകുന്നു.

rajeev chandrasekhar press meet-2


എൽ.ഡി.എഫിൻെറ ശക്തമായ രാഷ്ട്രീയ പ്രതിരോധം മറികടന്നുവേണം ബിജെപിക്ക് നേമത്ത് നിന്ന് ജയിച്ചു വരാൻ. നിലവിലെ എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിക്ക് മണ്ഡലത്തിലുള്ള സ്വാധീനം ചെറുതല്ല.


ബിജെപിക്ക് ലഭിച്ച 'അക്കൗണ്ട്' പൂട്ടിച്ചു എന്നത് ഇടത് മുന്നണി വലിയ രാഷ്ട്രീയ വിജയമായി ഉയർത്തിക്കാട്ടുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം നടന്നാൽ ബിജെപിയെ മറികടന്ന് നേമത്ത് വെന്നിക്കൊടി പാറിക്കാനാകുമെന്നാണ് സിപിഎമ്മിൻെറ പ്രതീക്ഷ. 

കഴിഞ്ഞ തവണ കെ. മുരളീധരനെ ഇറക്കിയത് പോലെ യുഡിഎഫ് ശക്തനായ ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ വോട്ടുകൾ വിഭജിക്കപ്പെടുകയും അത് ബിജെപിയുടെ വിജയസാധ്യതയെ ബാധിക്കുകയും ചെയ്യാം.

വിജയിക്കാൻ സാധ്യതയുളളവർ എന്ന നിലയിൽ ന്യൂനപക്ഷ വോട്ടുകൾ ഇടത് മുന്നണിക്ക് അനുകൂലമായി ലഭിച്ചേക്കും.

k muraleedharan


ബിജെപി വിജയിക്കാൻ സാധ്യതയുള്ള മണ്ഡലമെന്ന നിലയിൽ, ബിജെപിക്കെതിരെ ന്യൂനപക്ഷ വോട്ടുകൾ ഒറ്റക്കെട്ടായി ഇടത് സ്ഥാനാർത്ഥിക്ക് മറിയാനാണ് സാധ്യത.


'പുറത്തുനിന്നുള്ള ആൾ' എന്ന രാജീവ് ചന്ദ്രശേഖറിൻെറ ലേബലും സാധാരണക്കാരന് അപ്രാപ്യമാണെന്ന ധാരണയും ഇടത് മുന്നണിക്ക് ഗുണകരമായി ഭവിക്കും.

രാജീവ് ചന്ദ്രശേഖർ ഒരു ടെക്നോക്രാറ്റ് എന്ന നിലയിൽ ശ്രദ്ധേയനാണെങ്കിലും, പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടുന്ന നേതാവ് എന്ന പ്രതിച്ഛായ ശിവൻകുട്ടിയെപ്പോലെയുള്ള നേതാക്കൾക്ക് അനുകൂലമായേക്കാം.

നേമം പിടിച്ചെടുക്കുക എന്നത് രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലുള്ള വ്യക്തിപരമായ വെല്ലുവിളി കൂടിയാണ്. 

rajeev chandrasekhar and bjp

ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ ചോർച്ചയില്ലാതെ പെട്ടിയിലാക്കാനും, വികസന മുരടിപ്പ് എന്ന ആയുധമുപയോഗിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനും കഴിഞ്ഞാൽ നേമം വീണ്ടും താമര വിരിയുന്ന മണ്ഡലമായി മാറിയേക്കാം.


എന്നാൽ ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാനുള്ള എൽഡിഎഫിന്റെ തന്ത്രങ്ങളും യുഡിഎഫിന്റെ വോട്ട് നിലയും ഈ മത്സരത്തിലെ നിർണ്ണായക ഘടകങ്ങളാകും.


നേമം മണ്ഡലത്തിലെ രാഷ്ട്രീയ ചതുരംഗക്കളത്തിൽ രാജീവ് ചന്ദ്രശേഖർ ഇറങ്ങുമ്പോൾ അത് കേവലം ഒരു മത്സരമല്ല, ബിജെപിയെ സംബന്ധിച്ച് ഒരു തിരിച്ചുപിടിക്കൽ പോരാട്ടമാണ്.

കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലെ വോട്ട് നില പരിശോധിച്ചാൽ മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റം വ്യക്തമാകും.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ വിജയിച്ചപ്പോൾ 47.5 ശതമാനം വോട്ടുകളാണ് ബിജെപി നേമത്ത് നേടിയത്.

v sivankutty press meet

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ എൽ.ഡി.എഫിലെ വി.ശിവൻകുട്ടിയോട് തോറ്റപ്പോൾ ബിജെപിയുടെ വോട്ട്  35.5ശതമാനത്തിലേക്ക് വീണു.

എന്നാൽ 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ ബിജെപിയുടെ വോട്ട് നേട്ടം 46ശതമാനമാണ്.ലോകസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ ബിജെപിയുടെ ലീഡ് 22000 ൽപ്പരം വോട്ടുകളാണ്.

Advertisment