ടെക്നോപാര്‍ക്കിലെ നെസ്റ്റ് ഡിജിറ്റല്‍ സ്മാര്‍ട്ട് ടെക്നോളജി സെന്‍റര്‍ ഒന്നാം വാര്‍ഷികമാഘോഷിച്ചു

ആഗോള സാങ്കേതികവിദ്യാധിഷ്ഠിത മേഖലയിലെ മുന്‍നിര കമ്പനിയായ എസ്ടിസി വളര്‍ച്ചാ പാതയില്‍

New Update
Pic
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര ആഗോള സാങ്കേതികവിദ്യാധിഷ്ഠിത കമ്പനിയായ നെസ്റ്റ് ഡിജിറ്റല്‍സ് സ്മാര്‍ട്ട് ടെക്നോളജി സെന്‍ററിന്‍റെ (എസ്ടിസി) ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ടെക്നോപാര്‍ക്ക് വേദിയായി. എസ്ടിസി പുനരാരംഭിച്ചതിന് ശേഷമുള്ള ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കാണ് ടെക്നോപാര്‍ക്ക് വേദിയായത്.
Advertisment

ചടങ്ങില്‍ നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍. ജഹാംഗീര്‍, ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, നെസ്റ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റും ബിസിനസ് ഓപ്പറേഷന്‍സ് മേധാവിയുമായ സാബു ഷംസുദീന്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ്- കോര്‍പ്പറേറ്റ് ഷാഫി യുഎം, വൈസ് പ്രസിഡന്‍റ് ഫിനാന്‍സ് ഡിനി ഈപ്പന്‍, സിഎഫ്ഒ ജയരാജ് കുളങ്ങര, എസ്ടിസി ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
 
മുന്‍നിര സാങ്കേതികവിദ്യകളിലൂടെ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്ന എസ്ടിസി നിര്‍മ്മിതബുദ്ധി (എഐ) സൈബര്‍ സുരക്ഷ, പ്രോഡക്ട് എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള കമ്പനിയാണ്. നൂതന സാങ്കേതികവിദ്യാ മേഖലയിലെ നവീകരണത്തിന്‍റെ കേന്ദ്രമായാണ് എസ്ടിസി സജ്ജീകരിച്ചിരിക്കുന്നത്.

നെസ്റ്റ് ഡിജിറ്റല്‍സ് സ്മാര്‍ട്ട് ടെക്നോളജി സെന്‍ററിന്‍റെ പ്രാരംഭ ഡിസൈന്‍ ഘട്ടം മുതല്‍ ഉത്പന്നം പുറത്തിറക്കുന്നത് വരെയും എഐ അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ വികസനവും സുരക്ഷാ രീതികളുമാണ് ഉപയോഗിക്കുന്നതെന്ന്  നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജഹാംഗീര്‍ പറഞ്ഞു. ഉയര്‍ന്ന വിശ്വാസ്യതയും മികച്ച സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് ഉത്പന്നങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ ഈ സമീപനം സഹായിക്കുന്നു. സാങ്കേതികവിദ്യാ മേഖലയില്‍ ലോകമെമ്പാടും നൂതന പരിഹാരങ്ങള്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം എല്ലാ പങ്കാളികള്‍ക്കും മികച്ച സേവനം ലഭ്യമാക്കുന്ന ഒരു ആഗോള സാങ്കേതികവിദ്യാധിഷ്ഠിത കമ്പനിയാകുക എന്നതാണ് എസ്ടിസി യിലൂടെ ലക്ഷ്യമിടുന്നതെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അല്‍താഫ് ജഹാംഗീര്‍ പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1000 ജീവനക്കാരെ ഉള്‍പ്പെടുത്തി എസ്ടിസി വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായി നെസ്റ്റ് ഡിജിറ്റല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നസ്നീന്‍ ജഹാംഗീര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിനെ സ്മാര്‍ട്ട് സാങ്കേതികവിദ്യകളുടെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റാന്‍ നെസ്റ്റ് ഡിജിറ്റല്‍സ് പ്രതിജ്ഞാബദ്ധരാണ്. എസ്ടിസിയുടെ വളര്‍ച്ചയ്ക്ക് അപാര സാധ്യതകളുള്ള ഇടമാണ് ടെക്നോപാര്‍ക്ക്. പ്രതിഭാധനരായ ജീവനക്കാരുടെ മികവും വിഎല്‍എസ്ഐ, എംബഡഡ് സോഫ്റ്റ്‌വെയര്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന ഡിജിറ്റല്‍ പരിഹാരങ്ങള്‍ക്കായുള്ള ആഗോള ആവശ്യവും ഉപയോഗപ്പെടുത്തി മുന്നേറാന്‍ കമ്പനിയ്ക്ക് സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ സാങ്കേതികവിദ്യാധിഷ്ഠിത സേവനം ലഭ്യമാക്കുന്നതും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ നെസ്റ്റ് ഗ്രൂപ്പിന്‍റെ ഭാഗമാണ് നെസ്റ്റ് ഡിജിറ്റല്‍. സോഫ്റ്റ്‌വെയര്‍ വികസനം, ഗവേഷണ വികസനം, ടെസ്റ്റ് ഓട്ടോമേഷന്‍, റോബോട്ടിക്സ് എന്നിവയുള്‍പ്പെടെയുള്ള സംയോജിത നിര്‍മ്മാണ സേവനങ്ങള്‍ക്ക് പുറമെ എയ്റോസ്പേസ്, സ്പേസ്, പ്രതിരോധം, ആരോഗ്യ സംരക്ഷണം, വ്യാവസായിക, ഗതാഗത മേഖലകളില്‍ ആഗോളതലത്തില്‍ ഉപഭോക്തൃ സേവനം ലഭ്യമാക്കുന്ന കേരളത്തില്‍ നിന്നുള്ള കമ്പനിയാണ് നെസ്റ്റ് ഗ്രൂപ്പ്.
Advertisment