നവകേരള ആശയം എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ഓണസങ്കല്‍പം: സംസ്ഥാനതല ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

New Update
onam varakhosham
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള നവകേരള സങ്കല്‍പം എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ഐശ്വര്യ സമൃദ്ധമായ ഓണസങ്കല്‍പം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഓണം ഒരുമയുടെ ഈണം-ദി റിയല്‍ കേരള സ്റ്റോറി' എന്ന പ്രമേയത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമ സങ്കല്‍പം ഉറപ്പാക്കാന്‍ എല്ലാ മേഖലകളെയും സര്‍ക്കാര്‍ ഒരുപോലെ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയ ജനത ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെയും സാഹോദര്യത്തിന്‍റെയു നേര്‍കണ്ണാടിയാണ് ഓണസങ്കല്‍പം. അതിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായപ്പോഴെല്ലാം കേരള ജനത അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ചിട്ടുണ്ട്.
Advertisment

onam aakosham



ആഘോഷങ്ങള്‍ നല്‍കുന്നത് കൂടിച്ചേരലിന്‍റെ സന്തോഷമാണ്. അതില്‍ മാനവികതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശമാണുള്ളത്. ആ സാഹോദര്യചിന്തയെ അപകടപ്പെടുത്തുകയും ആഘോഷങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെയും മാത്രമായി ചുരുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഈ പ്രതിലോമ ചിന്തകള്‍ക്കെതിരെയുള്ള മാനസിക ഐക്യം രൂപപ്പെടാന്‍ ഉതകുന്നതായിരിക്കണം ഓരോ ആഘോഷവും. അതിലൂടെ ഓണം ഉയര്‍ത്തിപ്പിടിക്കുന്ന ഒരുമയുടെ സന്ദേശം ലോകത്തിനാകെ പകര്‍ന്നു നല്‍കാന്‍ കഴിയണം.

പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തിനാകെ മാതൃകയാകുന്ന സംസ്ഥാനം എന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട്. ഇത് സാധ്യമാക്കാന്‍ നാടിന്‍റെ ഐക്യവും ജനങ്ങളുടെ ഒരുമയുമാണ് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മതസാഹോദര്യത്തിന്‍റെ പ്രതീകമാണ് ഓണവും ഓണാഘോഷവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ ആശയപ്രചരണം ലോകമെങ്ങും എത്തിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

onam varakhosham 12



മുന്‍ വര്‍ഷങ്ങളേക്കാള്‍ ഏറെ വിപുലമായാണ് ഇത്തവണ ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്വാഗതം ആശംസിച്ച പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയായിരുന്നു.

 കേരളം തനിക്ക് വീട് പോലെയാണെന്നും ഓണാഘോഷത്തിന് അതിഥിയായി ക്ഷണിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വിശിഷ്ടാതിഥിയായ നടന്‍ രവി മോഹന്‍ (ജയം രവി) പറഞ്ഞു.

ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഓണം മതസാഹോദര്യത്തിന്‍റെ ഉത്സവമാണെന്നും അത് മുന്നോട്ടുവയ്ക്കുന്ന ഐക്യം എക്കാലവും നിലനില്‍ക്കണമെന്നും വിശിഷ്ടാതിഥിയായ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പറഞ്ഞു.

Photo 4


എ.എ റഹീം എംപി, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്‍റണി രാജു, വി. ജോയ്, ഡി.കെ മുരളി, ഐ.ബി സതീഷ്, വി.കെ പ്രശാന്ത്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, കെടിഡിസി ചെയര്‍മാന്‍ എസ്കെ സജീഷ്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍  എന്നിവര്‍ സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങിനു ശേഷം കൈരളി ടിവി ചിങ്ങനിലാവ് മെഗാ ഷോ അരങ്ങേറി.

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഡ്രോണ്‍ ഷോ ഇത്തവണ ഓണം വാരാഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. എല്ലാ ദിവസവും 20 മിനിറ്റ് വീതമാണ് ഡ്രോണ്‍ ഷോ.

Photo 3



സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുന്നത്. ഈ വേദികളില്‍ സിനിമ, സംഗീത, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടികള്‍ അവതരിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 10,000 ത്തോളം കലാകാരന്‍മാര്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമാകും. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും.


ഓണം വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. 150 ഓളം ഫ്ളോട്ടുകള്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നേതൃത്വം നല്‍കും.
Advertisment