/sathyam/media/media_files/ZwsGEdsIn2EHQNqN6agm.jpg)
കോട്ടയം: ജില്ലയിൽ മൂന്നുസ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 3.70 കോടി രൂപ മുടക്കി നിർമിച്ച കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌കൂളിലെ പുതിയ കെട്ടിടം, കിഫ്ബി വഴി മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പനമറ്റം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം, കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ടു നിർമിച്ച നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
സംസ്ഥാനവ്യാപകമായി 68 പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചത്. പൊതുവിദ്യാഭ്യാസസംരക്ഷയജ്ഞം സർക്കാർ പരിപാടി മാത്രമായിരുന്നില്ലെന്നും നാടാകെ അതേറ്റെടുത്തതു കൊണ്ടാണ് ഇന്നു കാണുന്ന മാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തിൽ മാത്രമല്ല അക്കാദമിക് മികവിലും മുന്നേറ്റമുണ്ടായി. അക്കാദമിക മികവ് വർധിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഏഴുവർഷം കൊണ്ടു 10 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസരംഗത്തേക്കു തിരിച്ചെത്തിയത്. 45000 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികൾ ആക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്‌കൂൾ അങ്കണത്തിൽ നടന്ന സ്‌കൂൾ തല ചടങ്ങ് സർക്കാർ ചീഫ്. വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു ശിലാഫലക അനാച്ഛാദനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായിരുന്നു. നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിലും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. പനമറ്റം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സ്‌കൂൾ തല ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ചടങ്ങിൽ അധ്യക്ഷയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us