മതേതര സര്‍ക്കാര്‍ സമുദായം തിരിച്ച് സംഗമം നടത്തുന്നതിലെ യുക്തിയെന്ത്? ന്യൂനപക്ഷ- ഭൂരിപക്ഷ വിഭാഗങ്ങളിലെ ജനങ്ങളെല്ലാം ചേര്‍ന്നാണ് പിണറായി സര്‍ക്കാരിന് വോട്ടു ചെയ്തത്. സര്‍ക്കാര്‍ സമുദായങ്ങളെ തരം തിരിച്ച് അഭിസംബോധന ചെയ്യുന്നതിന്റെ ഗുണം വര്‍ഗീയ ശക്തികള്‍ക്കാവില്ലേ ? ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ന്യൂനപക്ഷ സംഗമത്തില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. സംഗമമല്ല, വെറും സെമിനാറെന്ന് മലക്കംമറിച്ചില്‍

ഓഗസ്റ്റ് 29ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇറക്കിയ ഉത്തരവ് ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാരിന്റെ വിശദീകരണം.  

New Update
pinarayi

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്തുന്നത് വിവാദമായതോടെ മലക്കം മറിഞ്ഞ് സര്‍ക്കാര്‍. സംസ്ഥാന ന്യൂനപക്ഷ വകുപ്പാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നത്. ക്രിസ്ത്യന്‍ -മുസ്ലിം വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാക്കി ഈ സംഗമത്തെ മാറ്റാനാണ് നീക്കം. 


Advertisment

ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് 1500 പേരെ പങ്കെടുപ്പിക്കാനായിരുന്നു പദ്ധതി. ന്യൂനപക്ഷ സംഗമ വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാര്‍ സാമുദായിക, മതപരമായ പ്രീണനം നടത്തുകയാണെന്ന് ആരോപണമുയര്‍ന്നു. ഇതോടെയാണ് നടത്തുന്നത് ന്യൂനപക്ഷ സംഗമം അല്ലെന്നും ആശയങ്ങള്‍ സമാഹരിക്കാനുള്ള സെമിനാര്‍ മാത്രമാണെന്നും വിശദീകരണമുണ്ടായത്.


ഓഗസ്റ്റ് 29ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇറക്കിയ ഉത്തരവ് ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാരിന്റെ വിശദീകരണം.  

cm pinarayi vijayann

ആ ഉത്തരവ് പറയുന്നതിങ്ങനെ ' 2031 ല്‍ കേരളസംസ്ഥാനം രൂപീകരിച്ചിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നതിനാല്‍ കേരളത്തിന്റെ കഴിഞ്ഞകാല വളര്‍ച്ചയെ വിലയിരുത്തുന്നതിനും, ഭാവിവികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും, 2031 ല്‍ കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ശേഖരിക്കുന്നതിന് 2025 ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് 33 സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനായി താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവാകുന്നു.'

ആ 33 സെമിനാറുകള്‍ ഇവയെക്കുറിച്ചുള്ളതാണ് - 1)ഭക്ഷ്യ , പൊതുവിതരണം, 2) പൊതുവിദ്യാഭ്യാസം, 3) വ്യവസായം, 4)മൃഗസംരക്ഷണവും ക്ഷീരവികസനവും, 5) തൊഴില്‍, 6)ഗതാഗതം, 7) ആരോഗ്യം, 8) കൃഷി, 9) ഫിഷറീസ് , 10) ഉന്നതവിദ്യാഭ്യാസം, 11) സഹകരണം, 12)ജലവിഭവം, 13)ടൂറിസം, 14)ധനകാര്യം, രജിസ്‌ട്രേഷന്‍, 15)ഐ ടി, 16)സര്‍വെ, 17)ന്യൂനപക്ഷക്ഷേമം, 18)റവന്യൂ, 19)സാമൂഹ്യനീതി, 20) സാംസ്‌കാരികം, 21) വൈദ്യുതി, 22) തദ്ദേശസ്വയംഭരണം, 23) എക്‌സൈസ്, 24) കായികം, 25) വനിത-ശിശു വികസനം, 26) പൊതുമരാമത്ത്, 27) യുവജനക്ഷേമം, 28) പട്ടികജാതി പട്ടികവര്‍ഗവികസനം. 29) വനം വന്യജീവി, 30) തുറമുഖം, 31) ആഭ്യന്തരം, 32) മ്യൂസിയവും പുരാവസ്തു പുരാരേഖയും, 33) നോര്‍ക്ക.

ഇതില്‍ ഒന്ന് ന്യൂനപക്ഷക്ഷേമം ആണ്, അതിനെ വളച്ചൊടിച്ചാണ് സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം നടത്തുന്നു എന്ന പ്രചാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 


ന്യൂനപക്ഷ സംഗമം അല്ല നടത്തുന്നതെന്നും വിവിധ വകുപ്പുകളുടെ സെമിനാര്‍ ആണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. 2031 -ല്‍ കേരളം എങ്ങനെയായിരിക്കണം വികസനത്തിന്റെ പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകണം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സെമിനാര്‍. 


ഒക്ടോബര്‍ ഒന്നുമുതല്‍ 30 വരെയുള്ള തീയതികളില്‍ എല്ലാ വകുപ്പുകളുടെയും സെമിനാര്‍ വിവിധ ജില്ലകളിലായി നടക്കും. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിനെയാണ് സംഗമം ആക്കി ചിത്രീകരിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

ന്യൂനപക്ഷ വകുപ്പിന്റെ സെമിനാര്‍ എറണാകുളത്തും കായിക വകുപ്പിന്റെത് മലപ്പുറത്തും സംഘടിപ്പിക്കും. ഇതേ മാതൃകയില്‍ തന്നെയായിരിക്കും മറ്റ് വകുപ്പുകളുടെയും സെമിനാറുകള്‍.

സെമിനാറിനായി മൂന്നുലക്ഷം രൂപ വരെ വകുപ്പിന് ഉപയോഗിക്കാം. സെമിനാറിന് ശേഷം സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. സെമിനാറില്‍ ആയിരം പേരെ വരെ പങ്കെടുപ്പിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സെമിനാറിന്റെ ഭാഗമാക്കും. ഇതിനെ ന്യൂനപക്ഷ സംഗമമായി ചിത്രീകരിക്കേണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. 

pinarayi


അതേസമയം,തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ സംഗമം , അയ്യപ്പ സംഗമം എന്നൊക്കെ പറയുന്നത് പരിഹാസ്യമാണ്.


എല്ലാ മതങ്ങളുടെയും ജാതികളുടെയും പേരില്‍ സംഗമം നടത്തേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു. അയ്യപ്പ സംഗവും ന്യൂനപക്ഷ സംഗമവും പൊലീസ് മര്‍ദനങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണോ എന്ന ചോദ്യവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും രംഗത്തെത്തിയിട്ടുണ്ട്.  

ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മുസ്ലിം സംഘടനകളാരും ഇങ്ങനെയൊരു സംഗമം നടത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുമില്ല. പൊലീസ് ലോക്കപ്പ് മര്‍ദനങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുമ്പോള്‍ അതില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റി സമുദായങ്ങളെ വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍ അനുകൂലമായ സമീപനം ഉണ്ടാക്കാന്‍ വേണ്ടിയാണോ ഇതെന്ന് അറിയില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.


മതേതര സര്‍ക്കാര്‍ സമുദായം തിരിച്ച് സംഗമം നടത്തുന്നത് തന്നെ ശരിയാണോ? മതേതര സര്‍ക്കാറിനെ സംബന്ധിച്ച് കേരളത്തിലെ മൊത്തം ജനങ്ങളും സമന്മാരാണ്. അവരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് സര്‍ക്കാറിന്റെ മുന്നിലുള്ള കടമ.


Pinarayi

ചേരി തിരിച്ച് സംഗമങ്ങള്‍ നടത്തേണ്ട ആവശ്യമുണ്ടോ? ന്യൂനപക്ഷക്കാരനും ഭൂരിപക്ഷക്കാരനും പിന്നാക്കക്കാരനും മുന്നാക്കക്കാരനും എല്ലാവരുമാണല്ലോ ഇടത് മുന്നണി സര്‍ക്കാറിനെ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തിച്ചത്. 

ആ സര്‍ക്കാര്‍ ജനങ്ങളിലേക്ക് വരുമ്പോള്‍ ജാതിയും മതവും സമുദായവുമൊക്കെയായി വേറിട്ട് നിര്‍ത്തുന്നതെന്തിനാണെന്നാണ് ഇടതുപക്ഷത്തുള്ളവര്‍ തന്നെ ചോദിക്കുന്നത്. സര്‍ക്കാര്‍ സമുദായങ്ങളെ തരം തിരിച്ച് അഭിസംബോധന ചെയ്യുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക?

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെക്കുന്നവര്‍ക്ക് ഇത് വലിയ അവസരമല്ലേ നല്‍കുന്നത്? എന്നിങ്ങനെ ചോദ്യങ്ങളും ഉയരുന്നുണ്ട്. അയ്യപ്പ സംഗമം നടത്തുന്നതിനെക്കുറിച്ച് ഹൈക്കോടതിയും സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

Advertisment