ആഗോള അയ്യപ്പ സംഗമം ആളിക്കത്തിച്ചിട്ടും മുൻനിര വാർത്താ ചാനലുകളുടെ റേറ്റിം​ഗിൽ വൻ ഇടിവ്. പോയിന്റ് കുറഞ്ഞെങ്കിലും ഒന്നാമതായി ഏഷ്യാനെറ്റ് ന്യൂസ്. സർക്കാർ അനുകൂല ലൈൻ പിടിച്ച റിപോർട്ടർ ടിവി രണ്ടാമതാണെങ്കിലും പ്രേക്ഷക പിന്തുണ കുറഞ്ഞു. റിപോർട്ടറിൻെറ കുതിപ്പിന് തടയിട്ടത് കോൺഗ്രസിനോടുള്ള ശത്രുതാപരമായ സമീപനം. 4ാം സ്ഥാനം തിരിച്ചുപിടിച്ച് മനോരമ. മാതൃഭൂമി 5ാമത്. കുതിപ്പ് തുടർന്ന് ന്യൂസ് മലയാളം

New Update
news channel rating

കോട്ടയം: രാഷ്ട്രീയ വിവാദം ആളിക്കത്തിച്ച ആഗോള അയ്യപ്പ സംഗമം പ്രധാന വാർത്തയായിരുന്ന ആഴ്ചയിലെ വാർത്താ ചാനൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്.

Advertisment

വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുത്തനെ ഇടിയുകയാണെങ്കിലും ആഗോള അയ്യപ്പ സംഗമത്തെ വിമർശനാത്മകമായി സമീപിച്ച വാർത്താവതരണത്തിൻെറ ബലത്തിൽ ഏഷ്യാനെറ്റ് ന്യൂസ് റേറ്റിങ്ങിലെ അജയ്യത അരക്കിട്ടുറപ്പിക്കുകയായിരുന്നു.


ചാനൽ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് കൌൺസിൽ (BARC) പുറത്തുവിട്ട റേറ്റിങ്ങ് കണക്കുകളിലാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ മുന്നേറ്റം വ്യക്തമായത്.


കേരള യൂണിവേഴ്സ് വിഭാഗത്തിൽ 82 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. മുൻപത്തെ ആഴ്ചയിലേക്കാൾ രണ്ട് പോയിൻറ് നഷ്ടമുണ്ടായത് ഏഷ്യാനെറ്റ് ന്യൂസിന് നിരാശ പകരുന്നുണ്ട്.

റേറ്റിങ്ങ് പോയിൻറ് പടിപടിയായി കുറഞ്ഞുവരുന്നത് ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയുന്ന പ്രവണതയുടെ കൃത്യമായ തെളിവാണ്.


മുൻനിര ചാനലിന് പോലും ആഴ്ചകളായി പോയിൻറ് ഇടിയുന്നതിന് പ്രേക്ഷകർ കുറയുന്നതല്ലാതെ മറ്റുകാരണങ്ങളില്ല.


ആഗോള അയ്യപ്പസംഗമവും അനുബന്ധ വിവാദങ്ങളുമാണ് പ്രേക്ഷക നഷ്ടത്തിന് ഇടയിലും മലയാളത്തിലെ വാർത്താ ചാനലുകളെ പിടിച്ച് നിർത്തിയത്. ആഗോള സംഗമത്തെ കോടികൾ മുടക്കിയുളള ഈവൻറ് എന്നതിനപ്പുറം സമഗ്രമായി സമീപിച്ചതാണ് ഏഷ്യാനെറ്റ് ന്യൂസിന് മെച്ചമായത്.

c9a948f0-0afc-4616-b179-258a656f0a45

ആളില്ലാകസേരകളും ചർച്ചകളിലെ പങ്കാളിത്തകുറവും എല്ലാം സ്പഷ്ടമായ ദൃശ്യങ്ങൾ സഹിതം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു.

ട്വൻറി ഫോർ, റിപോർട്ടർ ടിവി  അടക്കമുളള ചാനലുകളാകട്ടെ, പങ്കാളിത്തം കുറവ് ആണെന്ന വസ്തുത പറയാൻ പോലും ഭയപ്പെട്ട് റിപോർട്ട് ചെയ്യുന്നത് പോലെയാണ് അനുഭവപ്പെട്ടത്.


മനോരമാ ന്യൂസും മാതൃഭൂമി ന്യൂസുമാണ് ഇക്കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് അടുത്ത് നിൽക്കുന്ന റിപോർട്ടിങ്ങ് നടത്തിയത്. ആഗോള അയ്യപ്പ സംഗമത്തിലും സർക്കാർ അനുകൂല ലൈൻ പിടിച്ച റിപോർട്ടർ ടിവിയാണ് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത്.


കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 66 പോയിൻറാണ് റിപോർട്ടറിൻെറ സമ്പാദ്യം. എന്നാൽ റേറ്റിങ്ങ് പടിപടിയായി കുറയുന്നതാണ് റിപ്പോർട്ടർ ടിവി നേരിടുന്ന തിരിച്ചടി. 

എന്തെല്ലാം അഭ്യാസ പ്രകടനങ്ങൾ നടത്തിയിട്ടും തൊട്ട് മുൻപുളള ആഴ്ചയിലേക്കാൾ റിപോർട്ടറിന് രണ്ട് പോയിൻറ് കുറഞ്ഞിട്ടുണ്ട്. മുൻപത്തെ ആഴ്ചയിൽ 68 പോയിൻറ് ഉണ്ടായിരുന്ന റിപോർട്ടർ 66 പോയിൻറിലേക്കാണ് താഴ്ന്നത്.


സർക്കാർ - സി.പി.എം അനുകൂല നിലപാടും കോൺഗ്രസിനോടും യു.ഡി.എഫിനോടുമുളള ശത്രുതാപരമായ സമീപനവുമാണ് റിപോർട്ടറിൻെറ കുതിപ്പിന് തടയിട്ടത്.


തിരുവനന്തപുരത്തെ നഗരസഭാ കൌൺസിലർ കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടിട്ടും റേറ്റിങ്ങിൽ നേട്ടം ഉണ്ടാക്കാനാകാതെ പോകുന്നത് വിശ്വാസ്യാത നഷ്ടം കൊണ്ടെന്ന് വ്യക്തമാണ്.

50 പോയിൻറുമായി ട്വൻറി ഫോർ ന്യൂസാണ് റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്ത്. പോയവാരം പോയിൻറ് നിലയിൽ കുത്തനെ ഇടിവ് നേരിട്ട ട്വൻറി ഫോറിന് ഈയാഴ്ച അൽപ്പം മെച്ചമുണ്ട്. കഴിഞ്ഞയാഴ്ചയിലെ 48 പോയിൻറിൽ നിന്ന് 50 പോയിൻറായി വർദ്ധിപ്പിക്കാൻ ട്വൻറി ഫോറിനായി.

റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞതോടെ പരിഭ്രാന്തിയിലായ ട്വൻറി ഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി നിരന്തരം മെയിൽ അയച്ചുകൊണ്ടിരിക്കുകയാണ്.


റേറ്റിങ്ങിലെ ഇടിവ് പരിഹരിക്കാൻ മുതിർന്ന മാധ്യമപ്രവർത്തകർ പണിയെടുക്കണമെന്നും 66 വയസ് പിന്നിട്ട താൻ സമയം നോക്കാതെ പണിയെടുക്കമ്പോൾ മറ്റുളളവർക്ക് എന്താണ് മടിയെന്നും ചോദിച്ചുകൊണ്ടാണ് ശ്രീകണ്ഠൻനായർ മെയിൽ അയക്കുന്നത്.


പരിപാടികളിൽ മാറ്റം വരുത്തിയും മറ്റും പോയിൻറ് ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയ ചടുലത തിരിച്ചുകൊണ്ടുവരാൻ ശ്രീകണ്ഠൻ നായരുടെ ചാനലിന് കഴിയുന്നില്ല.

വാർത്തകളോടുളള ശ്രീകണ്ഠൻ നായരുടെ സമീപന രീതി തന്നെയാണ് ട്വൻറി ഫോറിൻെറ പിന്നോട്ടടി തുടരാൻ കാരണമെന്നാണ് ജീവനക്കാർ തന്നെ ചൂണ്ടിക്കാണിക്കുന്നത്. 

images (58)

റിപോർട്ടർ ടിവിയുടെ വരവോടെ വാർത്താവതരണത്തിൽ ട്വൻറി ഫോർ കൊണ്ടുവന്ന ഭാവുകത്വ പരിണാമം പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്.

ഇത് മനസിലാക്കാതെ ശ്രീകണ്ഠൻ നായരും അദ്ദേഹത്തിൻെറ പ്രോഗ്രാം ചാനലിലെ ജീവനക്കാരും ചേർന്ന് തട്ടിക്കൂട്ടന്ന വാർത്താ സമീപന രീതിയാണ് ട്വൻറി ഫോർ ഇപ്പോൾ പിന്തുടരുന്നത്.


ഗൌരവമുളള രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളോ ട്വൻറി ഫോറിൽ ഇല്ല എന്നതാണ് ട്വൻറി ഫോറിൻെറ പ്രധാന ന്യൂനത.ഈ കുറവുകൾ നികത്തി റിപോർട്ടർ മുന്നേറിയപ്പോഴാണ് ട്വൻറി ഫോറിൻെറ കീഴ്പോട്ടിറക്കം തുടങ്ങിയത്.


ചാനൽ റേറ്റിങ്ങിലെ നാലാം സ്ഥാനക്കാർ മുതൽ ആറാം സ്ഥാനക്കാർ വരെയുളളവർ തമ്മിലുളള കടുത്ത മത്സരമാണ് ഈയാഴ്ചയിലെ റേറ്റിങ്ങിൻെറ മുഖ്യസവിശേഷത.

നാലാം സ്ഥാനം മുതൽ ആറാം സ്ഥാനക്കാർ വരെയുളളവർ തമ്മിൽ കേവലം 1 പോയിൻറിൻെറ വ്യത്യാസം മാത്രമേയുളളു എന്നത് തന്നെയാണ് കടുത്ത മത്സരത്തിൻെറ തെളിവ്. 

യൂണിവേഴ്സ് വിഭാഗത്തിൽ 35 പോയിൻറുമായി മനോരമാ ന്യൂസാണ് റേറ്റിങ്ങിൽ നാലാം സ്ഥാനത്ത്. 34 പോയിൻറുമായി തൊട്ടുപിന്നിൽ തന്നെയുളള മാതൃഭൂമി ന്യൂസാണ് അഞ്ചാം സ്ഥാനത്ത്. 


33 പോയിൻറുമായി ന്യൂസ് മലയാളം 24x7 ചാനലാണ് ആറാം സ്ഥാനത്ത്. ചാനൽ റേറ്റിങ്ങിലെ വാലറ്റത്ത് നടക്കുന്ന ഇഞ്ചോടിഞ്ച് മത്സരം ടെലിവിഷൻ മാധ്യമ പ്രവർത്തനത്തിൻെറ നിലവാരം ഉയരാൻ കാരണമാകട്ടെയെന്നാണ് പ്രതീക്ഷ.


പിന്നണിയിൽ നടക്കുന്ന കടുത്ത മത്സരം മുൻനിരയിലുളള ചാനലുകളെയും ഗുണപരമായ മാറ്റത്തിന് നിർബന്ധിതമാക്കുമെന്ന് തീർച്ചയാണ്.

news malayalam channel

ആഗോള അയ്യപ്പ സംഗമം മുഖ്യ വാർത്തയായ ആഴ്ചയിൽ ജനം ടിവിക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ല. 23 പോയിൻറുമായി ജനം ടിവി ഏഴാം സ്ഥാനത്താണ്. മുൻ ആഴ്ചയിലേക്കാൾ 3 പോയിൻറ് വർധിപ്പിച്ച് 16 പോയിൻറിലേക്ക് എത്തിയ കൈരളി ന്യൂസ് എട്ടാം സ്ഥാനത്താണ്.

11 പോയിൻറുമായി ന്യൂസ് 18 കേരളം ഒമ്പതാം സ്ഥാനത്താണ്. മുൻ ആഴ്ചയിലേ അതേ പോയിൻറ് നിലയുമായി പതിവ് പോലെ മീഡിയാ വൺ ചാനലാണ് ഏറ്റവും പിന്നിൽ.

Advertisment