/sathyam/media/media_files/2026/01/30/sreekanddan-nair-vinu-v-john-anto-augustine-2026-01-30-19-17-55.jpg)
കൊച്ചി: വൻ വാർത്തകളും സംഭവങ്ങളും ഇല്ലാതായതോടെ മലയാളം വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയുന്നു.
ഇന്ന് പുറത്തുവന്ന ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം സംബന്ധിച്ച ബാർക് (ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ) റേറ്റിങ്ങിലാണ് കാഴ്ചക്കാരുടെ എണ്ണം കുറയുന്നത് വ്യക്തമാകുന്നത്.
ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് മുതൽ ഏറ്റവും പിന്നിൽ നിന്ന് രണ്ടാമതുളള കൈരളി ന്യൂസ് വരെയുളള ചാനലുകളുടെ റേറ്റിങ്ങ് പോയിൻറ് ഇടിഞ്ഞു.
പീഡനപരാതികളെ തുടർന്ന് ജയിലിൽ കഴിഞ്ഞശേഷം പുറത്തുവന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ എക്സ്ക്ളൂസിവ് അഭിമുഖം സംപ്രേഷണം ചെയ്ത ട്വൻറിഫോറിനും പോയിൻറ് ഇടിഞ്ഞു.
ഏറ്റവും വലിയ പോയിൻറ് നഷ്ടം ഉണ്ടായത് റിപോർട്ടർ ടിവിക്കും മനോരമ ന്യൂസിനുമാണ്. റിപോർട്ടർ ടിവിക്ക് 8 പോയിൻറിൻെറ നഷ്ടം നേരിട്ടപ്പോൾ മനോരമ ന്യൂസിൻെറ നഷ്ടം ഏഴ് പോയിൻറ് ആണ്.
/filters:format(webp)/sathyam/media/media_files/2025/08/14/asianet-news-team-2025-08-14-16-28-32.jpg)
വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയുകയാണെങ്കിലും റേറ്റിങ്ങിലെ സ്ഥാനക്രമത്തിൽ മാറ്റമൊന്നുമില്ല. മലയാളം വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമത്.
കേരള യൂണിവേഴ്സ് വിഭാഗത്തിൽ 90 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് അജയ്യത തുടർന്നത്. തൊട്ടുമുൻപുളള ആഴ്ചയിൽ 96 പോയിൻറ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഒറ്റയാഴ്ച കൊണ്ട് 6 പോയിൻറാണ് നഷ്ടമായത്.
/filters:format(webp)/sathyam/media/media_files/2026/02/12/bark-rating-today-2026-02-12-17-38-02.jpg)
വലിയ വാർത്തകളോ സംഭവങ്ങളോ ഇല്ലാതിരുന്നതാണ് ഏഷ്യാനെറ്റിൻെറ പോയിൻറ് ഇടിയാൻ കാരണം.
73 പോയിൻറുമായി റിപോർട്ടർ ടിവിയാണ് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തിന് ഭീഷണിയൊന്നുമില്ലെങ്കിലും ഒരാഴ്ചത്തെ ഇടവേളയിൽ 8 പോയിൻറാണ് റിപോർട്ടർ ടിവിക്ക് നഷ്ടപ്പെട്ടത്.
മുൻആഴ്ചയിൽ 81 പോയിൻറായിരുന്നു റിപോർട്ടർ ടിവിക്ക് ലഭിച്ചിരുന്നത്. ചാനലിലെ സ്റ്റാർ അവതാരക സുജയ പാർവതി രാജിവെച്ച് പോയത് റേറ്റിങ്ങിനെ ബാധിച്ചിട്ടില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് റിപോർട്ടറിന് ഒറ്റയാഴ്ച കൊണ്ട് 8 പോയിൻറ് ഇടിഞ്ഞത്.
/filters:format(webp)/sathyam/media/media_files/2026/01/30/arun-kumar-2026-01-30-19-28-59.jpg)
ഡോ.അരുൺകുമാറിൻെറ മോണിങ്ങ് ഷോയ്ക്ക് ലഭിക്കുന്ന പോയിൻറിൻെറ ബലത്തിലാണ് റിപോർട്ടർ 73 പോയിൻറ് നേടിയത്. ചാനലിൻെറ ആകെയുളള പോയിൻറിൻെറ മൂന്നിലൊന്നും മോണിങ്ങ് ഷോയിൽ നിന്നാണ് റിപോർട്ടറിന് ലഭിക്കുന്നത്.
48 പോയിൻറ് നേടിക്കൊണ്ട് ട്വൻറി ഫോർ ന്യൂസാണ് റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്ത്. ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായരുടെ പുതിയ സംവാദ പരിപാടിയായ തമ്മിൽ തമ്മിലിൻെറ മികവിൽ പോയവാരം 50 പോയിൻറിലേക്ക് എത്തിയ ട്വൻറിഫോറിന് ഈയാഴ്ച ആ നേട്ടം ആവർത്തിക്കാനായില്ല.
/filters:format(webp)/sathyam/media/media_files/2HuQxCecoTg1ob9i9No4.jpg)
മുൻ ആഴ്ചയിലേക്കാൾ 2 പോയിൻറിൻെറ നഷ്ടമാണ് ട്വൻറി ഫോറിന് ഉണ്ടായത്. ഇതര ചാനലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ നഷ്ടമാണ് ഉണ്ടായതെങ്കിലും നേട്ടമില്ലാതെ പോയത് നിരാശാജനകമാണ്.
റേറ്റിങ്ങ് ഉയർത്താമെന്ന പ്രതീക്ഷയിൽ സംപ്രേഷണം ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിൻെറ എക്സ്ക്ലൂസിവ് അഭിമുഖം ട്വൻറിഫോറിന് ഒരു നേട്ടവും ഉണ്ടാക്കി കൊടുത്തില്ലെന്നും പുതിയ റേറ്റിങ്ങ് കണക്കുകൾ വ്യക്തമാക്കുന്നു.
ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിൻെറ അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നാലെ ട്വൻറിഫോറിന് എതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു.
ഇടത് സൈബർ ഹാൻഡിലുകൾ ഒന്നടങ്കം ചാനലിന് എതിരെ രംഗത്ത് വന്നത് ട്വൻറിഫോറിന് നഷ്ടമാണ് ഉണ്ടാക്കിയത്. തമ്മിൽ തമ്മിലിൻെറ മെച്ചത്തിലാണ് വലിയ പോയിൻറ് നഷ്ടമില്ലാതെ ട്വൻറിഫോർ പിടിച്ചു നിന്നത്.
നാലാം സ്ഥാനത്ത് നിൽക്കാനായെങ്കിലും പോയിൻറ് നിലയിൽ താഴേക്ക് പോയത് മനോരമ ന്യൂസിനെയും അലട്ടുന്ന പ്രശ്നമാണ്. മുൻ ആഴ്ചയിലെ 38 പോയിൻറിൽ നിന്ന് 31 പോയിൻറിലേക്കാണ് മനോരമ ന്യൂസ് വീണുപോയത്.
മുൻനിര ചാനലുകളുടെ വാർത്താ അവതരണരീതിക്കും ചടുലതയ്ക്കും ഒപ്പം പിടിച്ചുനിൽക്കാനാവാത്തതാണ് മനോരമ ന്യൂസിൻെറ വീഴ്ചക്ക് കാരണമാകുന്നത്.
ശ്രദ്ധേയരായ അവതാരകരോ റിപോർട്ടർമാരോ ഇല്ലാതെ മനോരമ ബ്രാൻഡിൻെറ പരമ്പരാഗത പ്രേക്ഷകാടിത്തറയുടെ കരുത്തിൽ വിശ്വസിച്ച് മാത്രമാണ് മനോരമാ ന്യൂസിൻെറ മുന്നോട്ട് പോക്ക്.
/filters:format(webp)/sathyam/media/media_files/2026/02/12/johny-lukose-2026-02-12-17-28-16.jpg)
ഒരു പോയിൻറ് വ്യത്യാസത്തിൽ മാതൃഭൂമി ന്യൂസാണ് മലയാളം വാർത്താ ചാനൽ റേറ്റിങ്ങിൽ അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞയാഴ്ച 30 പോയിൻറുമായി ന്യൂസ് മലയാളം 24x7 ചാനലിനൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ടിരുന്ന മാതൃഭൂമി ന്യൂസിന് ഇക്കുറി ആ വെല്ലുവിളിയില്ല.
പോയിൻറ് നഷ്ടമില്ലാതെ 30 പോയിൻറിൽ തന്നെ പിടിച്ചുനിൽക്കാൻ മാതൃഭൂമി ന്യൂസിന് കഴിഞ്ഞു. രണ്ട് പോയിൻറ് ഇടിഞ്ഞ് 28 പോയിൻറിലേക്ക് വീണ ന്യൂസ് മലയാളം ചാനൽ ആറാം സ്ഥാനത്താണ്.
എന്നാൽ ഗ്രാമീണ മേഖലയിലെ പ്രേക്ഷക പങ്കാളിത്തം കണക്കാക്കുന്ന റേറ്റിങ്ങ് വിഭാഗത്തിൽ തങ്ങൾ നാലാം സ്ഥാനത്താണെന്ന് അവകാശപ്പെട്ട് കൊണ്ട് ന്യൂസ് മലയാളം കാർഡ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
24 പോയിൻറുമായി ജനം ടിവി ഏഴാം സ്ഥാനത്തും 16 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്. 10 പോയിൻറുമായി ന്യൂസ് 18 കേരളമാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us