/sathyam/media/media_files/fNUZtJuONKj6p4y9yhfo.jpg)
കൊല്ലം: ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി യുവാവ് നിബിന്‍ മാക്‌സ്വെലിന്റെ വേര്‍പാട് താങ്ങാനാകാതെ കുടുംബം. നിബിന്‍ ഇസ്രയേലില്‍ പോയിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് പിതാവ് പറഞ്ഞു.
ഇസ്രയേലില്‍ ജോലി ചെയ്യുന്ന നിബിന്റെ സഹോദരന്‍ തന്നെയാണ് വിവരം കുടുംബത്തെ അറിയിച്ചത്. അപകടം പറ്റിയെന്നാണ് ആദ്യം അറിഞ്ഞതെന്നും, പിന്നീട് കേട്ടത് മരണവാര്‍ത്തയാണെന്നും നിബിന്റെ പിതാവ് പത്രോസ് പറഞ്ഞു.
മകൻ മസ്കറ്റിലും ദുബായിലുമൊക്കെയായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് നാട്ടിൽ വന്നപ്പോഴാണ് ഇസ്രായേലിലേക്ക് പോയതെന്നും പിതാവ് പറഞ്ഞു.
ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയേയും അഞ്ചുവയസുള്ള മകളേയും തനിച്ചാക്കിയാണ് നിബിന്‍ യാത്രയായത്. നിബിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാലുദിവസത്തിനകം ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
വടക്കന്‍ ഇസ്രയേലിലെ ഒരു കാര്‍ഷിക ഫാമിലായിരുന്നു നിബിന്റെ ജോലി. ഹിസ്ബുല്ല നടത്തിയ മിസൈല്‍ അക്രമണത്തില്‍ നിബിന്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.