സണ്ണി ലിയോണിനെ തലസ്ഥാനത്ത് എത്തിച്ച് ഫാഷൻ പരിപാടി നടത്തിയ നിധി കമ്പനി ധൂർത്തടിച്ചത് നിക്ഷേപകരുടെ പണം. നിക്ഷേപത്തുക തിരികെ ചോദിച്ചതോടെ ഉടമകൾ മുങ്ങി. വസ്തുക്കളും വീടുകളും ബന്ധുക്കളുടെ പേരിലേക്ക് മാറ്റി പാപ്പരാണെന്ന് വരുത്തി. നിധികമ്പനി ഉടമയായ വനിത മുങ്ങിയത് കാനഡയിലേക്ക്. ഭർത്താവുമൊത്ത് ബംഗളുരുവിൽ എത്തുന്നതറിഞ്ഞ് എയർപോർട്ടിൽ കാത്തുനിന്ന് പിടികൂടി തമ്പാനൂർ പോലീസ്. എത്ര പണി കിട്ടിയാലും നിക്ഷേപത്തട്ടിപ്പുകളിൽ പാഠം ‌പഠിക്കാതെ മലയാളി

New Update
thara

തിരുവനന്തപുരം: തലസ്ഥാനത്ത് സണ്ണി ലിയോണിനെ എത്തിച്ച് ഫാഷൻ പരിപാടി നടത്തിയ നിധി കമ്പനി തട്ടിപ്പുകാരെ സാഹസികമായി പിടികൂടി പോലീസ്. തൈക്കാട് ഗോൾഡൻ വാലി നിധി കമ്പനി ഉടമ താര കൃഷ്ണനെ തമ്പാനൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

Advertisment

ഇതോടെ നിധി കമ്പനിയുടെ മറിവിലെ വൻ തട്ടിപ്പാണ് തെളിയുന്നത്. നിധി കമ്പനി ഉടമകൾ കഴിഞ്ഞ വർഷമാണ് തലസ്ഥാനത്ത് സണ്ണി ലിയോണിനെ എത്തിച്ച് ഫാഷൻ പരിപാടി നടത്തിയത്. ഇതോടെയാണ് ഇവരുടെ തട്ടിപ്പ് വിവരങ്ങൾ പുറം ലോകം അറിഞ്ഞത്.


നിക്ഷേപകരുടെ പണം ഉപയോഗിച്ച് ഡയറക്ടർമാർ ധൂർത്ത് നടത്തുകയും, മറ്റു അനധികൃത പരിപാടികൾ നടത്തുകയും ചെയ്തതോടെ നിക്ഷേപകർ പണം തിരികെ ചോദിക്കുകയായിരുന്നു.


തുടർന്ന് ഡയറക്ടർമാരായ താര, തോമസ് ഉൾപ്പെടെയുള്ളവർ നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങാൻ ശ്രമം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി താരയുടെ പേരിലുള്ള വീടും വസ്തുവും അവരുടെ അകന്ന ബന്ധുവിന്റെ  പേരിൽ വിറ്റതായി രേഖ ഉണ്ടാക്കി.  

താരയുടെ പേരിൽ ഉള്ള വസ്തുക്കളെല്ലാം ബന്ധുക്കളുടെ പേരിലേക്ക് മാറ്റി കാനഡയിലേക്ക് ഭർത്താവുമൊത്ത് മുങ്ങുകയായിരുന്നു. രണ്ടാം പ്രതി തോമസ് കേസ് വന്നതോടെ കുവൈറ്റിലേക്കും മുങ്ങി.


ഗോൾഡൻ വാലി നിധിയിലേക്ക് ലഭിച്ച നിക്ഷേപ തുകയ്ക്ക് പുറമെ, അവിടെ ലഭിച്ച സ്വർണ്ണ പണയം ഉൾപ്പെടെ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഉയർന്ന് തുകയ്ക്ക് നിക്ഷേപിച്ചും ഇവർ തട്ടിപ്പ് നടത്തി.


അതോടെ കോടിക്കണക്കിന് തുകയുമാണ് ഈ സംഘം മുങ്ങിയത്. ഇതിനിടെയാണ്  ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണൻ എന്നറിയപ്പെടുന്ന താര എം  (51) തമ്പാനൂർ പോലീസ് ബംഗുളുരൂ എയർപോർട്ടിൽ നിന്നും പിടികൂടിയത്.  

രണ്ടാം പ്രതിയും, തൈക്കാട് ശാഖാ മാനേജിംഗ് ഡയറക്ടറുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്സിൽ കെ. ടി തോമസ് എന്നറിയപ്പെടുന്ന (കറുകയിൽ  തോമസ് തോമസ് - 60), മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.


ഗോൾഡൻവാലി നിധി എന്ന പേരിൽ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട്  എന്നിവിടങ്ങളിൽ സ്ഥാപനം നടത്തി വന്നത്.  


നിധി കമ്പനിയുടെ മറവിൽ ഗോൾഡ് ലോണും, എഫ്.ഡി അക്കൗണ്ടുകളുമാണ് ഇവിടെ നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന്   ഡയറക്ടർമാരായ താര, തോമസ് എന്നിവരെ നിക്ഷേപകർ സമീപിച്ചപ്പോൾ സമയം നീട്ടി വാങ്ങി മുങ്ങുകയായിരുന്നു.  

പരാതികളായതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടർന്ന് താരയും, ഭർത്താവ് രാധാകൃഷ്ണനും വിദേശത്ത് നിന്നും ബംഗുളുരു വഴി വരുന്നുവെന്ന് ഡിസിപിക്ക് ലഭിച്ച രഹസ്യ നിർദ്ദേശത്തെ തുടർന്ന് അന്വേഷണ സംഘത്തെ ബംഗുളുരുവിലേക്ക് അയക്കുകയായിരുന്നു.


നിലവിൽ തിരുമല, പട്ടം, ഹരിപ്പാട് ശാഖകൾ പൂട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൈക്കാട്, കാട്ടക്കട, ആര്യനാട് ശാഖകളിൽ നിന്നും നിരവധി പേർക്ക് തുക തിരികെ നൽകാനുള്ളതായുള്ള പരാതികളും ഉണ്ട്.


അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം, കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

നിധി കമ്പനിയുടെ മറവിൽ ഇൻഡസെന്റ് ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി കോടിക്കണക്കിന് രൂപ വന്നതിനെ തുടർന്ന് ആറ് മാസം മുൻപ് ആ ബാങ്ക് അക്കൗണ്ട് ബാങ്ക് അധികൃതർ മരവിപ്പിച്ചിരുന്നു. അത് അടക്കമുള്ള തട്ടിപ്പുകളിൽ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം.

Advertisment