/sathyam/media/media_files/2024/11/08/QwspDnCFqzwEhZqP5Tjf.jpg)
പാലക്കാട്: കള്ളപ്പണ വിവാദത്തിൽ 'എയറിലായതിന് ' പിന്നാലെ ഘടകകക്ഷി പാർട്ടിയുടെ മൺമറഞ്ഞ നേതാവിനെതിരെ പരാമർശം നടത്തി വെട്ടിലായി നിതിൻ കണിച്ചേരി.
മനോരമ ന്യൂസ് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ കേരള കോൺഗ്രസ് ചെയർമാൻ ആയിരുന്ന കെ.എം മാണി അഴിമതിക്കാരനായിരുന്നു എന്ന് പറഞ്ഞാണ് മന്ത്രി എം ബി രാജേഷിന്റെ അളിയൻ നിതിൻ കണിച്ചേരി വെട്ടിലായത്.
യുഡിഎഫ് സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വി.എം സുധീരനും നാടകം കളിച്ച് ബാർകോഴ ഇടപാട് നടത്തിയെന്ന പരാമർശത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി നടത്തിയ ഇടപെടലാണ് നിതിൻ കണിചേരിയെ വീണ്ടും എയറിലാക്കിയത്.
ഉമ്മൻചാണ്ടിയും സുധീരനും നാടകം കളിച്ചെങ്കിൽ കെ.എം മാണി അഴിമതിക്കാരനാണോ അല്ലയോ എന്ന് വ്യക്തമാക്കണം എന്നായിരുന്നു അബിൻ വർക്കിയുടെ ചോദ്യം.
ഇതിൽ വീണ നിതിൻ കണിചേരി, യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാണി അഴിമതി ചെയ്തിട്ടുണ്ട് എന്ന് പരാമർശിക്കുകയായിരുന്നു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും ഇതെല്ലാം കേൾക്കുന്നുണ്ടോ എന്ന് ചോദിച്ച് അബിൻ വർക്കി വീണ്ടും ഇടപെട്ടു.
ഇതോടെ അബദ്ധത്തിലായി എന്ന് മനസ്സിലാക്കിയ നിതിൻ കണിച്ചേരി പരാമർശം തിരുത്താൻ ശ്രമിച്ചു. യുഡിഎഫ് സർക്കാരിന്റെ ഭാഗമായിരുന്നപ്പോഴാണ് കെ എം മാണി അഴിമതി നടത്തിയതെന്നായിരുന്നു നിതിൻ കണിച്ചേരിയുടെ തിരുത്ത്.
അതും ഏറ്റുപിടിച്ച അബിൻ വർക്കി , ഘടകകക്ഷി പാർട്ടിയുടെ നേതാവിനെ അഴിമതിക്കാരൻ എന്ന് വിളിച്ചത് ആയുധമാക്കി സദസ്സിലേക്ക് നോക്കി കേരള കോൺഗ്രസുകാർ ആരെങ്കിലും ഉണ്ടെങ്കിൽ മറുപടി കൊടുക്കൂ എന്ന് അബിൻ വിളിച്ചുപറഞ്ഞു. അബിൻ വർക്കി സൃഷ്ടിച്ച ബഹളത്തിനിടയിൽ നിലപാട് സ്പഷ്ടമാക്കാൻ നിതിന് കഴിഞ്ഞതുമില്ല.
ഫലത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ പിതാവും മുൻമന്ത്രിയുമായ കെ.എം മാണി അഴിമതിക്കാരനാണ് എന്ന പരാമർശം മാത്രമാണ് ബാക്കിയായത്. ചർച്ചയുടെ ആവേശത്തിൽ വീണുപോയ വാക്ക് തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് പാലക്കാട്ടെ എൽ.ഡി.എഫ് നേതൃത്വം.
സംഭവത്തിൽ കേരളാ കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉള്ളത്. തെരഞ്ഞെടുപ്പിന് ശേഷം സംഭവത്തിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിക്കാനാണ് കേരളാ കോൺഗ്രസ് തീരുമാനം.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയതിൽ പിന്നെ മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരൻ നിതിൻ കണിചേരിയും നിരന്തരം വിവാദങ്ങളിൽ ആണ്.
കള്ളപ്പണ ആരോപണത്തിൽ നടന്ന പാതിരാ റെയ്ഡ് ആണ് ഏറ്റവും ഒടുവിൽ ഇരുവരെയും വിവാദത്തിലേക്ക് തള്ളിവിട്ടത്. എം.ബി രാജേഷും അളിയനും ചേർന്നാണ് പരിശോധന നാടകം അരങ്ങേറ്റിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ ഷാഫി പറമ്പിൽ അടക്കമുള്ള മുൻനിര കോൺഗ്രസ് നേതാക്കൾ കൂടി ആരോപണം ഏറ്റെടുത്തതോടെ എം ബി രാജേഷും നിതിൻ കണിചേരിയും വൻ ആക്രമണമാണ് നേരിടുന്നത്.
അതിനിടയിലാണ് ഘടക പാർട്ടിയുടെ നേതാവിനെ അഴിമതിക്കാരൻ എന്ന് വിളിക്കുന്ന പരാമർശം വന്നത്.