/sathyam/media/media_files/2025/06/14/RXyLXrBjTpf4S5BcSAEZ.jpg)
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും നൽകാതെ വാർത്താചാനൽ നടത്തി മാധ്യമരംഗത്ത് ഏറെക്കുറെ വിജയം വരിച്ച എം.വി.നികേഷ് കുമാറിൻെറ രാഷ്ട്രീയ രംഗത്തെ പ്രവർത്തനത്തിൽ സി.പി.എമ്മിന് അതൃപ്തി.
ഏറെ പ്രതീക്ഷയോടെ നികേഷ് കുമാറിനെ ചുമതലയേൽപ്പിച്ച പാർട്ടിയുടെ സാമൂഹിക മാധ്യമ രംഗത്തെ ഏകോപനം അമ്പേപാളിയെന്നാണ് പാർട്ടിക്കുളളിലെ വിമർശനം.
സർക്കാരിൻെറയും പാർട്ടിയുടെയും നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയും വിവാദ വിഷയങ്ങളിൽ പ്രതിരോധം തീർക്കുകയും ചെയ്യേണ്ട ചുമതല നിറവേറ്റുന്നതിന് നികേഷ് കുമാറിന് കഴിയുന്നില്ലെന്നാണ് സി.പി.എം നേതൃത്വത്തിലെ വിമർശനം.
സമീപകാലത്ത് ഉണ്ടായ വിവാദങ്ങളിലെല്ലാം പാർട്ടിയുടെ പ്രതിരോധം ദുർബലമായതാണ് നികേഷ് കുമാറിനോട് നേതൃത്വത്തിന് അപ്രിയനാക്കിയത്.
സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ നികേഷ് കുമാറിനെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് താമസസൗകര്യവും അലവൻസും വാഹനവും കൊടുത്താണ് സാമൂഹിക മാധ്യമങ്ങളുടെ ചുമതല ഏൽപ്പിച്ചത്.
താമസിക്കുന്ന ഫ്ളാറ്റിന് വൻതുക വാടക നൽകുന്നതിലും മുഴുവൻ സമയ പാർട്ടി പ്രവർത്തകർക്ക് നൽകുന്ന തുകയേക്കാൾ വളരെ ഉയർന്ന തുക അലവൻസായി നൽകുന്നതിലും പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിൽ തന്നെ എതിർപ്പുണ്ട്.
വാടകയും അലവൻസുമായി ഏതാണ്ട് 1ലക്ഷത്തിലേറെ രൂപ നികേഷ് കുമാറിന് നൽകുന്നു എന്നാണ് നേതാക്കൾ പറയുന്നത്.
സാമൂഹിക മാധ്യമ ഇടപെടൽ ശക്തമാക്കുന്നതിൻെറ ഭാഗമായി പതിനൊന്ന് പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ തുടങ്ങാനും സ്വതന്ത്ര മാധ്യമം എന്ന നിലയിൽ പ്രവർത്തിക്കുന്ന ചില ഡിജിറ്റൽ ചാനലുകൾ പാർട്ടി ബന്ധുക്കളെ കൊണ്ട് ഏറ്റെടുപ്പിക്കാനും ശ്രമം നടന്നിരുന്നു.
ഇതിനെല്ലാം നികേഷ് കുമാർ തയാറാക്കി നൽകിയത് കോടിക്കണത്തിന് രൂപയുടെ എസ്റ്റിമേറ്റുകളായിരുന്നു. ലക്ഷങ്ങളിൽ കിടന്നിരുന്ന സമൂഹിക മാധ്യമ ചെലവ് പൊടുന്നനെ കോടികളായി മാറിയത് കണ്ട് സെക്രട്ടേറിയേറ്റ് അംഗങ്ങൾ തന്നെ അമ്പരന്നുപോയി.
ഇതോടെയാണ് നികേഷിൻെറ ആശയങ്ങളുടെയും ഇടപെടലുകളുടെയും പ്രായോഗികവിജയം പരിശോധിക്കാൻ തുടങ്ങിയത്.
കാര്യമായ സംവിധാനമോ നേതൃത്വമോ ഇല്ലാത്ത കാലത്ത് നടന്ന സാമൂഹിക മാധ്യമ ഇടപെടലിൻെറ അത്രപോലും വിജയമല്ല നികേഷിൻെറ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലെന്ന് പരിശോധനയിൽ വ്യക്തമായി.
ഇതോടെ നികേഷ് കുമാർ നൽകുന്ന പ്രൊപ്പോസലുകൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പിടിച്ചു വെക്കാൻ തുടങ്ങി.
ഒരു പണച്ചെലവും ഇല്ലാതെ റിപോർട്ടർ ടിവിയിലെ ഡോ.അരുൺകുമാറിനെ കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങൾക്ക് എന്തിനാണ് ഇത്ര പണച്ചെലവെന്ന ചോദ്യവും നേതാക്കൾ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്.
സാമൂഹിക മാധ്യമ രംഗത്തെ ഇടപെടലിനായി നികേഷിന് കീഴിൽ വലിയൊരു സംഘംതന്നെ എകെജി സെന്ററിൽ പ്രവർത്തിക്കുന്നുണ്ട്.
പുതിയ എ.കെ.ജി സെന്ററിലും ഇപ്പോൾ എ.കെ.ജി പഠന ഗവേഷണ കേന്ദ്രമായി പേരുമാറിയ പഴയ എ.കെ.ജി സെൻററിലും ആധുനികസൗകര്യമുളള രണ്ട് സ്റ്റുഡിയോകളും സജ്ജീകരിച്ചിട്ടുണ്ട്.
ഇത്രയെല്ലാം ചെയ്തിട്ടും നികേഷിൻെറ ഇടപെടൽ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്നാണ് വിമർശനം. ഫലം ചെയ്യുന്നില്ല എന്നുമാത്രമല്ല മുൻപത്തെക്കാൾ മോശമായി എന്നാണ് പാർട്ടി നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിൻ്റെ വിമർശനം.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ പ്രതിപക്ഷത്തിൻെറ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും നികേഷിൻെറ സൈബർ സംഘം പരാജയപ്പെട്ടെന്നും വിലയിരുത്തലുണ്ട്.
മാധ്യമ പ്രവർത്തകനായിരിക്കുമ്പോൾ നികേഷ് കുമാർ വലിയ സംഭവമാണെന്ന് വിചാരിച്ചിരുന്ന നേതാക്കൾ പോലും ഇപ്പോൾ നിരാശരാണ്.
നികേഷ് കുമാർ പരാജയമാണെന്ന് മനസിലാക്കിയാണ് സാമൂഹിക മാധ്യമങ്ങളിൽ പാർട്ടിക്ക് വേണ്ടി ഇടപെടുന്നതിന് സ്വതന്ത്ര പരിവേഷമുളള വ്യത്യസ്ത മേഖലകളിലെ പതിനായിരം പേരെ പരിശീലനം നൽകി കളത്തിലിറക്കുന്നത്.
വലതുപക്ഷ-കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾക്കാണ് കേരളത്തിൽ മേധാവിത്വമെന്ന് വിലയിരുത്തിയാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ഇടപെടലിന് സി.പി.എം തീരുമാനിച്ചത്.
ദിനപത്രം എന്ന നിലയിൽ ദേശാഭിമാനിയും വാർത്താ ചാനലായി കൈരളി ന്യൂസും ഉണ്ടെങ്കിലും സർക്കാരിനും പാർട്ടിക്കും എതിരായ വാർത്താ പ്രവാഹത്തെ തടയാൻ ഇതൊന്നും പോരായെന്നാണ് കൊല്ലം സംസ്ഥാന സമ്മേളനം ചൂണ്ടിക്കാണിച്ചത്.
നവമാധ്യമ ഇടപെടൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് പാർട്ടിയുടേതെന്ന് തോന്നാത്തതരത്തിൽ പൊതുസ്വഭാവമുളള ഡിജിറ്റൽ പ്ളാറ്റ് ഫോമുകൾക്ക് രൂപം നൽകാനും ഇപ്പോൾ പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമുകളെ പാർട്ടിക്ക് വേണ്ടി അണിനിരത്താനും തീരുമാനിച്ചത്.
ഇതിൻെറ നിർവഹണ ചുമതലയാണ് നികേഷ് കുമാറിനെ ഏൽപ്പിച്ചത്. സംസ്ഥാനെ സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഈ ചുമതല നികേഷിനെ ഏൽപ്പിക്കാൻ മുൻകൈയ്യെടുത്തത്.
രാഷ്ട്രീയ ഗുരുവായ എം.വി.രാഘവൻെറ മകനോടുളള വാത്സല്യമാണ് ഗോവിന്ദന് തീരുമാനം എടുക്കാൻ പ്രേരണയായത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പേരെടുത്ത നികേഷിന് സാമൂഹിക മാധ്യമരംഗത്തെ ഇടപെടലിൽ വലിയ സംഭാവന നൽകാൻ കഴിയും എന്നായിരുന്നു എം.വി.ഗോവിന്ദൻെറ കണക്കുകൂട്ടൽ.
എന്നാൽ സാമൂഹിക മാധ്യമ അക്കൗണ്ട് പോലുമില്ലാത്തയാളായിരുന്നു നികേഷ് കുമാർ
റിപോർട്ടർ ടിവിയെപ്പറ്റി വരുന്ന ശമ്പളവും ആനുകൂല്യവും നൽകാത്തതിനെപ്പറ്റിയുളള പോസ്റ്റുകളും കുറിപ്പുകളും വായിക്കേണ്ടി വരുമെന്നതിനാൽ മാധ്യമ പ്രവർത്തകൻ ആയിരുന്ന കാലത്തൊന്നും നികേഷിന് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല.
ഫേസ് ബുക്കിൽ നിന്ന് മാറി പുതിയ തലമുറ ഇൻസ്റ്റഗ്രാമിൽ കേന്ദ്രീകരിച്ച് കഴിഞ്ഞ കാലത്താണ് നികേഷ് ഫേസ് ബുക്ക് അക്കൗണ്ട് എടുക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലെ പുതിയ പ്രവണതകളെ കുറിച്ചോ സംവേദന രീതികളെ കുറിച്ചോ ഒരു അറിവും ഇല്ലാതിരുന്ന നികേഷിനെയാണ് സി.പി.എം നവമാധ്യമ ചുമതല ഏൽപ്പിച്ചതെന്ന് പാർട്ടി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനേക്കാൾ മികവുറ്റ ഇടപെടലാണ് ഒരു പരിചയവും പരിശീലനവും ഇല്ലാതെ പോരാളി ഷാജിമാരും റെഡ് ആർമിയും ഒക്കെ നടത്തിയതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക മാധ്യമങ്ങളുടെ ചുമതലക്കാരനായ നികേഷിൻെറ ആദ്യ പരീക്ഷണശാല പാലക്കാട് ഉപതിരഞ്ഞെടുപ്പായിരുന്നു. നീലട്രോളി വിവാദവും സമസ്തയുടെ പത്രത്തിലെ പരസ്യവും എല്ലാമായി സർവത്ര കുളമായി എന്നതാണ് ചരിത്രം.
നികേഷ് വിശ്വസ്തനായി കണ്ട് ഓപ്പറേഷൻ ഏൽപ്പിച്ച ചില മാധ്യമപ്രവർത്തകരാണ് നീലപ്പെട്ടിസംഭവം കുളംതോണ്ടിയതെന്നും ആക്ഷേപമുയർന്നിരുന്നു. സ്വന്തം സ്ഥാപനം എന്ന നിലയിൽ റിപോർട്ടർ ടിവിയെ മുന്നിൽ നിർത്തി കളിക്കാനുളള നികേഷിൻെറ ശ്രമവും പാലക്കാട്ട് പാളിപ്പോയിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും നികേഷ് കുമാർ മാധ്യമ ഇടപെടലിൻെറ ചുമതലക്കാരനായി കോപ്പുകൂട്ടിയെങ്കിലും അവിടെയും അമ്പേപാളി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് മത്സരിച്ചിട്ടും എതിരാളികളുടെ അടുത്തെത്താൻ പോലും നിലമ്പൂരിൽ സി.പി.എമ്മിന് കഴിഞ്ഞിരുന്നില്ല.
വോട്ട് കണക്കിൽ മാത്രമല്ല, നവ മാധ്യമ പ്രചരണങ്ങളിലും സിപിഎം ബഹുദൂരം പിന്നിലായിരുന്നു. ഇതോടെയാണ് നികേഷ് കുമാർ പാർട്ടി നേതൃത്വത്തിൻെറ ഗുഡ് ബുക്കിൽ നിന്ന് പോയത്.
സാമൂഹിക മാധ്യമ ഇടപെടലിൻെറ ചുമതലയുണ്ടെങ്കിലും നികേഷ് കുമാറിൻെറ ആത്യന്തികമായ ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലൊരു സീറ്റാണ്.
സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദൻ ഇനി മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ അദ്ദേഹത്തിൻെറ മണ്ഡലമായ തളിപ്പറമ്പാണ് നികേഷ് നോട്ടമിട്ടിരിക്കുന്നത്.
2016ൽ മത്സരിച്ച അഴീക്കോട് സീറ്റിൽ കെ.വി.സുമേഷ് ഒരു ടേം മാത്രമേ പൂർത്തിയാക്കിയിട്ടുളളു എന്നതിനാൽ അവിടെ രക്ഷയില്ല. അതാണ് നോട്ടം തളിപ്പറമ്പിലേക്ക് മാറ്റിയത്.
കിണറ്റിൽ വരെയിറങ്ങി അഭ്യാസ പ്രകടനം നടത്തിയെങ്കിലും അഴിക്കോട് സി.പി.എം മേഖലയിലെ വോട്ടുചോർച്ചയിലാണ് നികേഷ് തോറ്റത്.
തളിപ്പറമ്പിലെ ലോകസഭാ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് നോക്കിയാൽ അവിടെയും നികേഷിന് ആശാവഹമാകാൻ സാധ്യതയില്ല.