ലണ്ടനിലെ പ്രഭാഷണ പരമ്പരയിൽ കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റോറിയൽ സമീപനം വിശദീകരിച്ച് നിഖിൽ ചോപ്ര

New Update
nikhil chopra

കൊച്ചി: മനുഷ്യശരീരത്തിന്റെ ചലനങ്ങള്‍ പോലെയുള്ള പ്രക്രിയയാണ് കൊച്ചി-മുസിരിസ് ബിനാലെ (കെ.എം.ബി.)യുടെ ആറാം പതിപ്പെന്ന് ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര പറഞ്ഞു.

Advertisment

ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷൻ (ഡി.ബി.എഫ്)-കെ.എം.ബി. പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പായ 'ന്യൂ ഡയലോഗ്‌സ്: കണ്ടംപററി ആർട്ട് ഫ്രം സൗത്ത് ഏഷ്യ' എന്ന വിഷയത്തില്‍  ലണ്ടനിലെ ഹേവാർഡ് ഗാലറിയിൽ നടന്ന പ്രഭാഷണത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവ കേന്ദ്രമായുള്ള എച്ച്.എച്ച്. ആർട്ട് സ്‌പേസസുമായി ചേർന്നാണ് നിഖില്‍ ചോപ്ര കെ.എം.ബി.യുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. കെ.എം.ബി.യുടെ ആറാം പതിപ്പ് 2025 ഡിസംബർ 12-ന് ആരംഭിച്ച് 2026 മാർച്ച് 31-ന് സമാപിക്കും.

കലാകാരന്മാർ തങ്ങളുടെ സൃഷ്ടികള്‍‌ പൂര്‍ത്തീകരിക്കാന്‍ കഠിനാധ്വാനം ചെയ്യുമ്പോൾ മൂന്നാമതൊരു ശരീരം രൂപപ്പെടുന്ന പോലെയാണ് അനുഭവപ്പെടുന്നത്. കൂട്ടായ പ്രയത്നത്തിലൂടെ  നവീനമായി എന്തെങ്കിലും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പ്രദർശനമുടനീളം സംസാരിക്കാന്‍ പോകുന്നതെന്നും നിഖിൽ പറഞ്ഞു.

ബിനാലെ ആറാം പതിപ്പ് "ചലനാത്മകമായ പ്രക്രിയയാണ്; അത് സജീവവും, രൂപമാറ്റം വരുന്നതും, ചലിക്കുന്നതും, സ്പന്ദിക്കുന്നതും, ശ്വാസമെടുക്കുന്നതും, വിയർക്കുന്നതുമായ അവസ്ഥയിലൂടെ കലാകാരന്മാരുടെ കൂട്ടായ ആത്മാവിനെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്കാരിക, കലാപരവും, ക്യൂറേറ്റോറിയൽ രീതികളെക്കുറിച്ചുള്ള ഈ പ്രഭാഷണ പരമ്പര ലണ്ടനിലെ ക്വീൻ എലിസബത്ത് ഹാളിലെ പർസെൽ റൂമിലാണ് നടന്നത്. പഴയ സുഗന്ധവ്യഞ്ജനങ്ങളുടെ സംഭരണശാലകൾ ഉൾപ്പെടെയുള്ള മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വെല്ലിംഗ്‌ടൺ ഐലന്റ് എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ ബിനാലെ വേദികളായി നവീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഹ്രസ്വ വീഡിയോ അദ്ദേഹം അവതരിപ്പിച്ചു.

ഈ ഇടങ്ങളിലൂടെ മുൻപ് കടന്നുപോയ ആളുകളെയും ആശയങ്ങളെയും പോലെ, നമ്മളും ഇതുവഴി കടന്നു പോകും. സ്ഥിരതയുടെ ഉറച്ചനിലത്തു നിന്നല്ല, മറിച്ച് നശ്വരതയുടെ സ്ഥാനത്ത് നിന്നാണ് ഈ പ്രദർശനത്തെക്കുറിച്ച് ചിന്തിക്കുന്നത്. താത്കാലികതയെക്കുറിച്ചാണ് ചിന്തിക്കുന്നത്, ഓർമ്മ, മായാതെ നിൽക്കുന്ന സുഗന്ധം പോലെ ഈ സ്ഥലത്തിലൂടെ കടന്നുപോകുമ്പോൾ പിന്നിൽ അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് ആർട്ട് ഫിലാന്ത്രോപ്പിസ്റ്റ് ദുർജോയ് റഹ്മാന്‍, ബ്രിട്ടീഷ് ക്യൂറേറ്റർ റാൽഫ് റുഗോഫ് തുടങ്ങിയവരും സദസിനെ അഭിസംബോധന ചെയ്തു. കൊച്ചി-മുസിരിസ് ബിനാലെ എല്ലായ്‌പ്പോഴും ഒരു സംഗമ സ്ഥാനമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) ഇന്റർനാഷണൽ പാർട്ണർഷിപ്പ്സ് ആൻഡ് പ്രോഗ്രാം ഹെഡ് ഡോ. ശ്വേതൽ പട്ടേൽ പറഞ്ഞു.

ലോകത്തെമ്പാടുമുള്ള കലാകാരന്മാരെയും ചിന്തകരെയും കലാവിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന് കലാപരവും ക്യൂറേറ്റോറിയലുമായ രീതികൾ കൊണ്ട് പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിക്കുന്ന സംവാദത്തിനും, കൈമാറ്റത്തിനും, പരീക്ഷണങ്ങൾക്കുമുള്ള ഇടമായാണ് ബിനാലെ നിലകൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ദുൾ ഹാലിക് അസീസ്, ഹിറ്റ് മാൻ ഗുരുങ്, റൈസ കബീർ, ജിതിഷ് കല്ലട്ട്, സഹറ മൽക്കാനി, പല്ലവി പോൾ, ശീലാഷ രാജ്ഭണ്ഡാരി എന്നിവരായിരുന്നു മറ്റ് പ്രഭാഷകർ. മാരിയോ ഡിസൂസയും ഡോ. പട്ടേലും ചേർന്നാണ് പാനൽ ചർച്ചകൾക്ക് മോഡറേറ്റർമാരായത്. എഴുത്തുകാരി കാമില ഷംസി മുഖ്യ പ്രഭാഷണം നടത്തി.

Advertisment