മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച്ച ശേഷിക്കെ മണ്ഡലത്തില്‍ യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കം. ചിട്ടയായ പ്രവര്‍ത്തനവും സര്‍ക്കാര്‍ വിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂലമാകുമെന്ന വിലയിരുത്തലാണ് സി.പി.എം അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ക്കുള്ളത്.
മണ്ഡലത്തിലെ മുന്‍ എം.എല്‍.എയായ പി.വി അന്‍വര്‍ രണ്ട് മുന്നണികള്‍ക്കെതിരെയും ഉയര്‍ത്തിയ വെല്ലുവിളി ഏശിയേക്കില്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരത്തിനൊപ്പം മണ്ഡലത്തിന്റെ മലയോര മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷവും എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഉപതിരഞ്ഞെടുപ്പിന് വഴിവെച്ച അന്‍വറിന്റെ രാജിയടക്കം മണ്ഡലത്തില്‍ ആദ്യഘട്ടങ്ങളില്‍ ചര്‍ച്ചയായെങ്കിലും അന്‍വറിന്റെ നിലപാടുകളിലെ വൈരുധ്യവും ലക്ഷ്യം തെറ്റിയുള്ള പ്രസ്താവനകളും അന്‍വറിനെ അപ്രസക്തനാക്കി കഴിഞ്ഞു.
/sathyam/media/media_files/2025/06/05/A9kgOgg0hDVDj4XPiv9h.jpg)
പിണറായിസത്തിന് എതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്ത് വന്ന അന്‍വര്‍ പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ മുഹമ്മദിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു.
ഇതിന് പുറമേ തന്നെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ഇതോടെ അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നതോടെ അന്‍വര്‍ സതീശനെതിരെ തിരിയുകയും ചെയ്തു.
എന്നാല്‍ പത്രസമ്മേളനങ്ങളല്ലാതെ കാര്യമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ അന്‍വറിന് കഴിഞ്ഞിട്ടുമില്ല. പിണറായി വിജയനെതിരെ കാര്യകാരണസഹിതം വിമര്‍ശനം ഉന്നയിച്ച പി.വി അന്‍വര്‍ യു.ഡി.എഫിനും സതീശനുമെതിരെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സ്വന്തം വിശ്വാസ്യതയ്ക്ക് പോറല്‍ ഏല്‍പ്പിച്ചതോടെ മണ്ഡലത്തില്‍ അന്‍വര്‍ ഫാക്ടര്‍ ഏശിയേക്കില്ല.
കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് മറികടക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു സി.പി.എം ഉണ്ടായിരുന്നത്. എന്നാല്‍ സ്വരാജിന്റെ കടന്നു വരവ് എല്‍.ഡി.എഫ് ക്യാമ്പില്‍ ഒരു ഓളം സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കടുത്ത സര്‍ക്കാര്‍ വിരുദ്ധവികാരവും സ്വരാജ് അനുകൂല വികാരവും സൃഷ്ടിക്കാന്‍ സാംസ്‌ക്കാരിക നായകരെന്ന് പേരിട്ട് സി.പി.എം അനുകൂല എഴുത്തുകാരുടെയും സിനിമാക്കാരുടെയും സംഗമം മണ്ഡലത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രതിഫലം പിന്‍പറ്റിയവരാണ് സാംസ്‌ക്കാരിക നായകരെന്ന പേരില്‍ പ്രചാരണത്തിന് ഇറങ്ങുന്നതെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്. കാട്ടുപന്നിയെ കുടുക്കാനുള്ള കെണിയില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലും സര്‍ക്കാരും വൈദ്യുതി, വനം വകുപ്പുകളും പ്രതിക്കൂട്ടിലായിക്കഴിഞ്ഞു.
/sathyam/media/media_files/2025/06/02/8Vi4vdhTT65rdietG7K6.jpg)
ഇതിനെല്ലാം പുറമേ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയ ബി.ജെ.പിയുടെ സാന്നിധ്യം പോലും മണ്ഡലത്തില്‍ ഒരിടത്തും ദൃശ്യമാകുന്നില്ല. പ്രചാരണരംഗത്ത് എല്ലാതരത്തിലും പിന്നിലായ ബി.ജെ.പിക്ക് മണ്ഡലത്തില്‍ നിലവിലുള്ള വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിയുമോയെന്ന ആശങ്കയും നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.
അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പുന്ന ബി.ജെ.പിക്ക് ആകെ എത്ര വോട്ട് ലഭിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. മണ്ഡലത്തില്‍ വിവിധ മതസാമുദായിക സംഘടനകളും പാര്‍ട്ടികളും എല്‍.ഡി.എഫ്- യു.ഡി.എഫ് കക്ഷികള്‍ക്ക് നല്‍കിയ പിന്തുണയും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയും, വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫിനും പി.ഡി.പിയും ഹിന്ദുമഹാസഭയും എല്‍.ഡി.എഫിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിക്കാന്‍ ഒരു ഘട്ടത്തില്‍ ഗൂഡാലോചന നടത്തിയ ഹിന്ദുമഹാസഭ എല്‍.ഡി.എഫിന് നല്‍കിയ പിന്തുണ ജനങ്ങള്‍ക്കിടയില്‍ സി.പി.എമ്മിനെതിരെയുള്ള അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.