/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തിരുവനന്തപുരം: നിലവിൽ സ്ഥാനാർത്ഥികൾ ചെറിയ ഭൂരിപക്ഷത്തിൽ മാത്രം വിജയിക്കുന്ന നിലമ്പൂരിൽ ബി.ജെ.പിയുടെ വോട്ടുകൾ നിർണായക ഘടകമായേക്കും. വിജയസാദ്ധ്യത കുറവായതിനാൽ മത്സരിക്കണോയെന്ന ചിന്ത ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു.
ബിഡിജെഎസിന് സീറ്റ് നൽകുന്നതാണ് പരിഗണിച്ചതെങ്കിൽ ഇപ്പോൾ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനും ആലോചിക്കുന്നു. എൻ.ഡി.എ മത്സരിച്ചില്ലെങ്കിൽ വോട്ടു മറിച്ചെന്ന ആരോപണം ഉയരാനിടയുള്ളതിനാൽ മത്സരിക്കേണ്ടെന്ന് നേരത്തേയെടുത്ത തീരുമാനം പുനപരിശോധിക്കുകയാണ് പാർട്ടി.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപതോളം സീറ്റുകൾ ലക്ഷ്യമിടുന്ന ബിജെപി, തന്ത്രപരമായ അടവുനയമാണോ ഇപ്പോൾ കളിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നുണ്ട്.
2016ലെ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ഗിരീഷിന് 12284 വോട്ടുകളാണ് കിട്ടിയത്. അന്ന് അൻവറിന്റെ ഭൂരിപക്ഷം 11504 വോട്ടുകളായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ (2021) ബി.ജെ.പിയുടെ ടി.കെ അശോക് കുമാറാണ് മത്സരിച്ചത്. 8595 വോട്ടുകളാണ് കിട്ടിയത്.
അൻവറിന്റെ ഭൂരിപക്ഷം 2792മാത്രമായിരുന്നു. 2021ലൊഴികെ നിലമ്പൂർ മണ്ഡലത്തിൽ എൻ.ഡി.എ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. 2021 ൽ പോലും 8595 വോട്ടുകൾ നേടാൻ ബിജെപിയ്ക്ക് കഴിഞ്ഞു. അതായത് ബിജെപിക്ക് അവിടെ 9000 ഉറച്ച വോട്ടുകളുണ്ടെന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ 2016ലൊഴികെ എല്ലായ്പ്പോഴും ആറായിരത്തിൽ താഴെയാണ് നിലമ്പൂരിലെ ഭൂരിപക്ഷം. ഈ സാഹചര്യത്തിൽ ബിജെപിയുടെ 9000 ഉറച്ച വോട്ടുകൾക്ക് നിലമ്പൂരിൽ പൊന്നും വിലയാണുള്ളത്. ഇന്നത്തെ സാഹചര്യത്തിൽ ജയപരാജയങ്ങൾ നിർണ്ണയിക്കാൻ ബിജെപി വോട്ടുകൾക്ക് കഴിയും.
2019ൽ തുഷാർ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിൽ മത്സരിച്ചപ്പോൾ നിലമ്പൂരിൽ കിട്ടിയത് 10300 വോട്ടുകളാണ്. 2024ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ വയനാട്ടിൽ മത്സരിച്ചപ്പോൾ വോട്ടുകളുടെ എണ്ണം 17500ആയി ഉയർന്നു.
/sathyam/media/media_files/wFKkvKbl2qIPckNT3jMR.jpg)
രാഹുൽ ഗാന്ധി രാജിവച്ചതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പുണ്ടായപ്പോൾ ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസിന് നിലമ്പൂരിൽ കിട്ടിയത് 13500 വോട്ടുകൾ. അതിനാൽ ബിജെപിക്ക് ഒട്ടും വോട്ടില്ലാത്ത പ്രദേശമല്ല നിലമ്പൂർ.
വഖഫ് നിയമ ദേദഗതി പോലെയുള്ള ചരിത്രപരമായ നിയമ ഭേദഗതി മോദി സർക്കാർ കൊണ്ടുവന്നതിനുശേഷം ആ വിഷയം ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പുകൂടിയാണിത്.
40 ശതമാനം ഹിന്ദു, 8ശതമാനം ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ബിജെപി മത്സരിക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാൽ മത്സരത്തിനില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൽ ഒരുവിഭാഗം പറയുന്നത്.
എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 20മണ്ഡലങ്ങളിലെങ്കിലും വിജയം ലക്ഷ്യമിടുന്ന ബിജെപി ഇപ്പോൾ മത്സര രംഗത്തുനിന്ന് മാറിയാൽ തെറ്റായ സന്ദേശമായിരിക്കും നൽകുക. ബിജെപി മത്സരിക്കാതെ മാറിനിന്നാൽ "ബിജെപി വോട്ട് മറിച്ചു എന്ന ആരോപണം ശക്തമാവും.
ബിഡിജെഎസ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ സ്വതന്ത്രരെ നിർത്താനാണ് ഇപ്പോഴത്തെ ശ്രമം. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫുമായി എം.ടി രമേശ് ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നാലെ സതീശൻ ബീനയെ വിളിപ്പിച്ച് ചർച്ച നടത്തി. മറ്റേതെങ്കിലും സ്വതന്ത്രനെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us