/sathyam/media/media_files/2025/06/02/g7nkylWfOYYxtj0iH559.jpg)
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സി.പി.എം സംഘടിപ്പിച്ച സാംസ്‌ക്കാരിക കൂട്ടായ്മ ഉദ്ദേശിച്ച ഫലം ചെയ്യാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനെ ഇറക്കി തിരഞ്ഞെടുപ്പ് അജന്‍ഡ സെറ്റ് ചെയ്യാനുള്ള നീക്കവുമായി എല്‍.ഡി.എഫ്.
കഴിഞ്ഞ ദിവസം സി.പി.എം അനുകൂലികളായ സാഹിത്യ- സിനിമാമേഖലിയിലുള്ളവരെ എകോപിപ്പിച്ച് ഇടത് സ്ഥാനാര്‍ത്ഥി സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് സാംസ്‌ക്കാരിക കൂട്ടായ്മ സി.പി.എം സംഘടിപ്പിച്ചത്.
എന്നാല്‍ കൂട്ടായ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നതോടെ വിഷയം ചര്‍ച്ചയാവുകയും സി.പി.എമ്മും എല്‍.ഡി.എഫും പ്രതിരോധത്തിലാവുകയും ചെയ്തു.
/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
ഇടത് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ആശാ സമരമടക്കമുള്ള നിരവധി ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കാതിരുന്ന ചില സാഹിത്യകാരന്‍മാര്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതെന്ന അദ്ദേഹത്തിന്റെ വിമര്‍ശനം കുറിയ്ക്ക് കൊള്ളുകയും ചെയ്തു.
ഇതിന് പിന്നാലെ സാഹിത്യകാരന്‍മാരായ കല്‍പ്പറ്റ നാരായണന്‍, പി.എഫ് മാത്യൂസ്, അഭിനേതാവും എഴുത്തുകാരനുമായ ജോയ് മാത്യു തുടങ്ങിയവര്‍ കടുത്ത വിമര്‍ശനം നടത്തിയതോടെ പരിപാടിയുടെ നിറം മങ്ങി.
തുടര്‍ന്ന് ഇടത് അനുകൂല സാഹിത്യകാരനായ വൈശാഖന്‍ സ്വരാജിന് വേണ്ടി രംഗത്തിറങ്ങി. സ്വരാജ് വലിയ വായനക്കാരനാണെന്നും അദ്ദേഹത്തിന്റെ ജയം നിലമ്പൂരിന് ആവശ്യമാണെന്നുമുള്ള സി.പി.എമ്മിന്റെ പൊതുവാദം ഉയര്‍ത്തിയായിരുന്നു കടന്നു വരവ്.
/sathyam/media/media_files/2025/06/13/xToGQbt5ERQWpVq0Ud2E.jpg)
എന്നാല്‍ ഇതിനെതിരെ നിശിത വിമര്‍ശനവുമായി കല്‍പ്പറ്റ നാരായണനും അരയും തലയും മുറുക്കി കളത്തിലിറങ്ങി. സ്വരാജിന് സി.പി.എമ്മിന് അതീതമായ ഒരു വ്യക്തിത്വവും ഉള്ള ആളല്ലെന്നും അദ്ദേഹത്തിന്റെ വായന കൊണ്ട് പാര്‍ട്ടിക്ക് പുറത്തുള്ള ആര്‍ക്കും അതിന്റെ ഗുണമുണ്ടെന്ന് കരുതാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സി.പി.എമ്മിന്റെ എല്ലാ തീരുമാനങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ പാലിച്ച് പോരുന്ന ഒരാളാണ് സ്വരാജെന്നും പാര്‍ട്ടിയുടെ ദുഷ്ചെയ്തികളെ തിരുത്തുകയോ അതിനെ വിമര്‍ശിക്കാനുള്ള ഇച്ഛാശക്തി കാണിക്കുകയോ ഒരാളല്ലെന്നും നിശബ്ദനായ കമ്മ്യൂണിസ്റ്റുകാരന് പൊതുലോകത്തില്‍ പ്രാധാന്യമുണ്ടെന്ന വാദം നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറഞ്ഞുവെച്ചതോടെ ഇടതുപക്ഷം കൂടുതല്‍ പ്രതിരോധത്തിലായി.
തുടര്‍ന്ന് പരിപാടി സംഘടിപ്പിച്ചെങ്കിലും സംസ്ഥാനമാകെയോ മണ്ഡലത്തിലോ വേണ്ടത്ര വാര്‍ത്താ പ്രാധാന്യം പോലും ലഭിച്ചില്ല.
/sathyam/media/media_files/2025/05/30/hftVrEHhVxe5Ss1AziWJ.jpg)
ഉപതിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കൊട്ടിഘോഷിക്കപ്പെട്ട പരിപാടി പൊളിഞ്ഞതോടെ വീണ്ടും മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനിലൂടെ അജന്‍ഡ സെറ്റ് ചെയ്യാനുള്ള പരിശ്രമമാണ് സി.പി.എം നടത്തുന്നത്. കഴിഞ്ഞ ദിവസം കൂടിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് സ്വരാജ് വിജയിക്കുമെന്ന വിലയിരുത്തല്‍ നടത്തിയെങ്കിലും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന പല നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇത് കൊണ്ട് തന്നെ ഇന്ന് മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അജന്‍ഡ സെറ്റ് ചെയ്യാനുള്ള തുറുപ്പു ചീട്ടാവും പുറത്തെടുക്കുക.
ഇന്ന് വൈകിട്ട് നാലിന് ചുങ്കത്തറയിലും, അഞ്ചിന് മൂത്തേടത്തും 14ന് വൈകിട്ട് നാലിന് വഴിക്കടവും അഞ്ചിന് എടക്കരയിലും 15ന് രാവിലെ ഒമ്പതിന് പോത്ത്കല്ലിലും, വൈകിട്ട് നാലിന് കരുളായിയിലും, അഞ്ചിന് അമരമ്പലത്തും പഞ്ചായത്ത് റാലികള്‍ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് പുറമേ പത്രസമ്മേളനവും നടത്തിയേക്കും. മണ്ഡലത്തിലെ വിവിധ സാമുദായിക നേതൃത്വങ്ങളുമായുള്ള ചര്‍ച്ചയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us