/sathyam/media/media_files/2025/05/25/vCZ85zzb5VxOQB2AdCUY.jpg)
നിലമ്പൂർ : ഉപതിരഞ്ഞെടപ്പ് നടക്കാനിരിക്കുന്ന നിലമ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളിൽ അവസാന റൗണ്ടിൽ ആര്യാടൻ ഷൗക്കത്തിന് സാധ്യതയെന്ന് സൂചന.
ഷൗക്കത്തിനൊപ്പം വി.എസ് ജോയിയെ പരിഗണിച്ചിരുന്നെങ്കിലും അവസാന റൗണ്ടിൽ ജയസാധ്യതയ്‌ക്കൊപ്പം മറ്റ് ചില കാര്യങ്ങൾ കൂടി മുൻനിർത്തിയാണ് ഷൗക്കത്തിലേക്ക് ചർച്ചകൾ തിരിഞ്ഞിരിക്കുന്നത്.
സീറ്റ് ലഭിച്ചില്ലെങ്കിൽ ആര്യാടൻ ഷൌക്കത്ത് പാർട്ടി വിടുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. നാളെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നേക്കും.
മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ കൂടിയായ വി.എസ് ജോയിയെ ചുറ്റിപ്പറ്റി ചർച്ചകൾ ചൂടുപിടിച്ചിരുന്നു. ഇടത് സ്വതന്ത്രനായിരുന്ന രാജിവെച്ച എം.എൽ.എ പി.വി അൻവറും ജോയിക്ക് അനുകൂലമായ നിലപാടെടുത്തിരുന്നു.
എന്നാൽ തുടർന്നുള്ള ചർച്ചകളിലാണ് ഷൗക്കത്തിന് അനുകൂലമായ ഘടകങ്ങൾ പരിഗണിക്കപ്പെട്ടത്. യു.ഡി.എഫ് ജോയിയെ സ്ഥാനാർത്ഥിയാക്കുകയും മറുവശത്ത് എൽ.ഡി.എഫ് ഒരു മുസ്ലീം സ്ഥാനാർത്ഥിയെ രംഗത്തിറക്കുകയും ചെയ്താൽ രാഷ്ട്രീയ സാഹചര്യം കുഴഞ്ഞ് മറിയുമെന്ന വിലയിരുത്തലും യു.ഡി.എഫ് നടത്തിയിരുന്നു.
ഇതിന് പുറമേ ആര്യാടൻ ഷൗക്കത്തിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ അദ്ദേഹത്തിനോട് അനുഭാവം പുലർത്തുന്ന നേതാക്കൾ സി.പി.എമ്മിൽ ചേക്കേറിയാൽ ഉണ്ടാകുന്ന അപകടവും മുന്നണി നേതൃത്വവും കോൺഗ്രസും പരിഗണിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു.
ഷൗക്കത്തിനെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുക്കാനുള്ള തന്ത്രം സി.പി.എം മുന്നോട്ട് വെച്ചാൽ അതും രാഷ്ട്രീയമായി കോൺഗ്രസിനും യു.ഡി.എഫിനും അപകടം ചെയ്യുമെന്നും പാർട്ടി വിലയിരുത്തി.
അതിനേക്കാൾ കോൺഗ്രസ് ഭയപ്പെടുന്നത് ആരെയാണ് ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ആശങ്കയാണ്. അത്തരം ചില സൂചനകൾ ഇതിനോടകം പുറത്തുവന്നിരുന്നു.
ഇതിനെല്ലാം പുറമേ ആര്യാടൻ ഷൗക്കത്തിന്റെ വാദവും പാർട്ടി മുഖവിലയ്‌ക്കെടുത്തുവെന്ന് വേണം കരുതാൻ.
2011ൽ ആര്യാടൻ ഷൗക്കത്തിന്റെ പിതാവ് ആര്യാടൻ മുഹമ്മദ്ദ് മത്സരിക്കുമ്പോൾ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട പ്രൊഫസർ എം. തോമസ് മാത്യുവിനെയാണ് അദ്ദേഹം 5000ത്തിൽപ്പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.
അന്ന് ലീഗ് അടക്കമുള്ള മുസ്ലീം സംഘടനകളുടെ എതിർപ്പ് മറികടന്നായിരുന്നു അദ്ദേഹത്തിന്റെ വിജയം.
2016ൽ 11504 വോട്ടുകൾക്കാണ് അന്ന് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി അൻവർ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തിയത്. കോൺഗ്രസിനോട് കലഹിച്ച് പാർട്ടി വിരുദ്ധനായാണ് അന്ന് അൻവർ മത്സരരംഗത്തിറങ്ങിയത്.
എന്നാൽ ഷൗക്കത്ത് നിലമ്പൂർ മണ്ഡലം കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കുന്ന സ്ഥിതിയാണുണ്ടായത്. 2021ൽ അദ്ദേഹത്തിന് നിലമ്പൂർ സീറ്റ് നൽകിയില്ല.
പകരം ഡി.സി.സി അദ്ധ്യക്ഷൻ വി.വി പ്രകാശിനാണ് യു.ഡി.എഫ് സീറ്റ് നൽകിയത്.
അന്നും പാർട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്താതെ ഇരുന്ന ഷൗക്കത്ത് പ്രകാശിന്റെ വിജയത്തിനായി പ്രവർത്തിച്ചു. പ്രകാശിന് വിജയിക്കാനായില്ലെങ്കിലും അൻവറിന്റെ ഭൂരിപക്ഷം 2700ലേക്ക് താഴ്ന്നു.
നിലവിൽ കോൺഗ്രസിനെ വഞ്ചിച്ച അൻവറിന്റെ വാക്ക് കേട്ട് ജോയിക്ക് സീറ്റ് നൽകുന്നതിനെയും ഷൗക്കത്ത് എതിർക്കുന്നു.
തനിക്ക് ഒരവസരം കൂടി നൽകണമെന്നും യു.ഡിഎഫും കോൺ്രഗസും രാഷ്ട്രീയ സാഹചര്യങ്ങൾ ആലോചിക്കണമെന്നുമാണ് ഷൗക്കത്ത് ഉയർത്തുന്ന വാദം.
ഷൗക്കത്തിലേക്ക് ചർച്ചകൾ തിരിഞ്ഞതോടെ മലപ്പുറം ഡി.സി.സി അദ്ധ്യക്ഷനായി ജോയിയെ നിലനർത്താനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് ജോയിക്ക് നൽകാനുമുള്ള ആലോചനകളും കോൺഗ്രസിൽ സജീവമാണ്.
ഇക്കാര്യമടക്കം കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ കൂട്ടായി നടത്തുന്ന ചർച്ചകൾക്ക് ശേഷം ഷൗക്കത്തിന്റെ പേര് എ.ഐ.സി.സി നേതൃത്വത്തിന് നൽകാനാവും കോൾൺഗ്രസ് നീങ്ങുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്.
നോമിനേഷൻ നൽകാനുള്ള തീയ്യതി അടുത്തിരിക്കെ നാളെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഡൽഹിയിൽ നിന്നും ഉണ്ടായേക്കുമെന്നും കരുതപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us