ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി. അങ്കത്തിനിറങ്ങുന്നത് രണ്ടാം തവണ. 2016ൽ പരാജയപ്പെട്ടത് അൻവറിനോട്. ഇത്തവണ അനുകൂല ഘടകങ്ങളേറെ. ആത്മവിശ്വാസത്തിൽ യു.ഡി.എഫ്

നിലവിൽ നിലമ്പൂരിലെ എം.എൽ.എയായിരുന്ന പി.വി അൻവർ ഇടതുബന്ധം ഉപേക്ഷിച്ച് രാജിവെച്ചതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

New Update
aryadan

നിലമ്പൂർ : ചർച്ചകൾക്കൊടുവിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് യു.ഡി.എഫ്.

Advertisment

മണ്ഡലത്തിൽ ഇത് രണ്ടാം തവണയാണ് ഷൗക്കത്ത് മത്സരത്തിനിറങ്ങുന്നത്. 2016ൽ കോൺഗ്രസ് വിട്ട് ഇടത് സ്ഥാനാർത്ഥിയായ പി.വി അൻവറിനോട് മത്സരിച്ച് വമ്പൻ പരാജയം ഏറ്റു വാങ്ങിയിരുന്നു.

അതിന് ശേഷവും മണ്ഡലത്തിൽ നിറഞ്ഞ് നിന്നിട്ടും 2021ൽ അദ്ദേഹത്തെ പരിഗണിച്ചില്ല. 

കോൺഗ്രസിന്റെ മുതിർന്ന നേതാവ് അന്തരിച്ച ആര്യാടൻ മുഹമ്മദ്ദിന്റെ മകൻ കൂടിയാണ് ഷൗക്കത്ത്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അദ്ധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ച ഷൗക്കത്ത് 2016ലാണ് ആദ്യമായി നിയമസഭയിൽ മത്സരിക്കുന്നത്.

aryadan shoukath and anwar

മലപ്പുറം ഡി.സി.സി അദ്ധ്യക്ഷനായും പ്രവർത്തിച്ചിരുന്നു. തുടർന്ന് സംസ്‌ക്കാര സാഹിതിയുടെ സംസ്ഥാന അദ്ധ്യക്ഷപദവും വഹിച്ചു.

നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. ഷൗക്കത്തിലൂടെ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാമെന്നും യു.ഡി.എഫ് കരുതുന്നു.

നിലവിൽ നിലമ്പൂരിലെ എം.എൽ.എയായിരുന്ന പി.വി അൻവർ ഇടതുബന്ധം ഉപേക്ഷിച്ച് രാജിവെച്ചതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പിതാവ് ആര്യാടൻ മുഹമ്മദ്ദിന്റെ ഖബറിടത്തിലെത്തി പ്രാർത്ഥിച്ച ശേഷം നാളെ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലുമെത്തി അദ്ദേഹത്തിന്റെ ഖബറിലും പ്രാർത്ഥിക്കും.

 അതിന് ശേഷമാവും പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുക. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫിന്റെ പൊതുവിലയിരുത്തൽ.

Advertisment