/sathyam/media/media_files/2025/05/28/nGF5veXW9Y1rhV40J4Kw.jpg)
നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പൊതുസമ്മതനെ തേടി സി.പി.എം അലഞ്ഞു തിരിയുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മണ്ഡലത്തിന്റെ ചുമതല വഹിക്കുന്നയാളുമായ എം.സ്വരാജിനെ മത്സരിപ്പിക്കാത്തതെന്തെന്ന് ചോദ്യമുയരുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എം.സ്വരാജിന് ധൈര്യമുണ്ടോയെന്ന ചോദ്യം യൂത്ത് കോൺഗ്രസ് ഉയർത്തിയിരുന്നു. സ്വരാജിന് പൊതുസമ്മതിയില്ലേയെന്ന ചോദ്യവും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്.
നിലമ്പൂർ സ്വദേശിയും സംസ്ഥാനത്തെ സി.പി.എമ്മിന്റെ പരോമന്നത സമിതിയിൽ അംഗവുമായ സ്വരാജിനെ ചുറ്റിപ്പറ്റി ഉയരുന്ന ചോദ്യങ്ങൾക്ക് സി.പി.എം മൗനം പാലിക്കുകയാണ്.
പൊതുസമ്മതിയില്ലാത്ത സ്വരാജിനെ എന്തിനാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററായി എം.സ്വരാജ് പ്രവർത്തിക്കുകയാണ്.
2016ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിൽ എത്തിയ സ്വരാജ് 2021ൽ കെ.ബാബുവിനോട് പരാജയപ്പെട്ടിരുന്നു. സ്വരാജിന് പൊതുസമ്മതിയില്ലെന്നാണോ സി.പി.എം വ്യക്തമാക്കുന്നതെന്ന ചോദ്യവും കോൺഗ്രസ് ഉയർത്തുന്നുണ്ട്.
എന്നാൽ ഇതിനൊന്നും വ്യക്തമായി മറുപടി നൽകാൻ പാർട്ടി സംസ്ഥാന നേതൃത്വമോ നേതാക്കളോ തയ്യാറാവുന്നില്ല.
2005ൽ എസ്.എഫ്.ഐ സംസ്ഥാന സെ്രകട്ടറി സ്ഥാനത്തെത്തിയ അദ്ദേഹം 2011ൽ ഡി.വൈ.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. സി.പി.എമ്മിലെ ബുദ്ധിജീവിയെന്ന് അറിയപ്പെടുന്ന സ്വരാജിന്റെ പൊതുസമ്മതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർട്ടിയെ വലച്ചിട്ടുണ്ട്.
നിലവിൽ വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നും വിജയിച്ച അംഗമായ ഷെറോണ റോയിയെ സ്ഥാനാർത്ഥിയാക്കാനാണ് സി.പി.എം ആലോചിക്കുന്നത്.
മറ്റന്നാൾ എം. സ്വരാജ് കൂടി അംഗമായിട്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us