നിലമ്പൂർ : ആശാ സമരത്തോടനുബന്ധിച്ചുണ്ടായ കോൺഗ്രസ് -ഐ.എൻ.ടി.യു.സി ഭിന്നത അവസാനിക്കുന്നു. തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സി സംഘടിപ്പിക്കുന്ന ക്യാമ്പ് എക്സിക്യൂട്ടീവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങിയവർ പങ്കെടുക്കാൻ ധാരണയായി.
ഈ മാസം 9, 10 തീയ്യതികളിൽ മഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീ വിലാണ് നേതാക്കൾ പങ്കെടുക്കുന്നത്.പാർട്ടി പോഷക സംഘടനയായ ഐ.എൻ ടി.യു.സിയെ കൂടുതൽ ചലനാത്മക മാക്കാനും നേതൃതലത്തിൽ ധാരണയായി.
ആശാ സമരത്തിന് കോൺഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി. യു.സി പിന്തുണ നൽകാത്തതിൻ്റെ പേരിൽ പാർട്ടിയിൽ വിവാദമുയർന്നിരുന്നു.
ഇടത് സംഘടനയായ എസ്.യു.സി .ഐ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിന് പിന്തുണ നൽകാനാവില്ലെന്നായിരുന്നു സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ്റെ നിലപാട്.
എന്നാൽ പിന്നീട് പാർട്ടി സമ്മർദ്ദത്തിന് വഴങ്ങി പിന്തുണ നൽകിയെങ്കിലും ചന്ദ്രശേഖരൻ പാർട്ടി നേതൃത്വവുമായി ഉടക്കിലായിരുന്നു.
ഒരു ഘട്ടത്തിൽ സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വെയ്ക്കുമെന്ന് കാട്ടി കെ.പി.സി സി ക്ക് കത്തും നൽകിയിരുന്നു.
ആശാസമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സമരം ചെയ്യുന്ന ആശ പ്രവർത്തകരെ നേരിൽ കാണാൻ ആർചന്ദ്രശേഖരൻ തയാറായിരുന്നില്ല.
എസ് യു. സി. ഐ കോൺഗ്രസ് വിരുദ്ധ നിലപാടുള്ള നക്സൽ സംഘടനയാണെന്നും എല്ലാക്കാലത്തും കോൺഗ്രസ് ആശയങ്ങൾക്ക് എതിരായ സംഘടനയായതു കൊണ്ടാണ് അവരുമായി സഹകരിക്കാതിരുന്നതെന്നും ചന്ദ്രശേഖരൻ പാർട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.
പിന്നീട് കൂടുതൽ ചർച്ചകൾ പാർട്ടി നേതൃത്വവുമായി നടന്നിരുന്നില്ല. 'നിലവിൽ ആശമാരുടെ സമരത്തെക്കുറിച്ച് അവരുടെ സംഘടന ബുള്ളറ്റിനില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പോലും ഫോട്ടോയോ അവര്‍ സമരത്തിന് നല്‍കിയ പിന്തുണയെക്കുറിച്ചോ കാര്യമായ പരാമര്‍ശങ്ങള്‍ ഇല്ലാത്തത് കോൺഗ്രസ് നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ചന്ദ്രശേഖരൻ ഉന്നയിച്ച വാദങ്ങളിൽ കഴമ്പുണ്ടെന്ന് നേതൃത്വത്തിന് മനസിലായത്.
ഇതോടെ ഐ.എൻ.ടി.യു.സിയുമായി കൂടുതൽ ആശയവിനിമയത്തിന് നേതൃത്വം നയ്യാറാവുകയായിരുന്നു.
മഞ്ചേരിയിൽ നടക്കുന്ന ദ്വിദിന ക്യാമ്പ് എക്സിക്യൂട്ടീവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചരണ പരിപാടികൾക്കും രൂപം നൽകും.
ചന്ദ്രശേഖരൻ അടുത്ത ഒരാഴ്ച മുഴുവൻ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും. നിലവിൽ നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തൊഴിലാളികളെ കൂടുതൽ സജീവമാക്കാനും പ്രത്യേക ഓഫീസും മണ്ഡലത്തിൽ തുറന്നിട്ടുണ്ട്.