നിലമ്പൂർ: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് പി.ഡി.പി നൽകിയ പിന്തുണയിൽ പാർട്ടിക്കുള്ളിലും ഇടതുമുന്നണിയിലും വിവാദം ആളിപ്പടരുന്നു.
തങ്ങളുടെ പ്രവർത്തകരെയടക്കം രാഷ്ട്രീയമായി എതിർത്തും കായികമായി നേരിട്ടും കൊലപാതകം നടത്തിയും മുന്നോട്ട് പോകുന്ന പി.ഡി.പിയുടെ പിന്തുണ സ്വീകരിച്ചതിലാണ് പാർട്ടിയിൽ കലാപമുയരുന്നത്.
ഇതിന് പുറമേ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി.ജയരാജൻ പുറത്തിറക്കിയ പുസ്തകത്തിൽ അതിനശിതമായി വിമർശിക്കുന്ന പാർട്ടിയുടെ പിന്തുണ സി.പി.എം തേടിയതിൽ വ്യക്തതക്കുറവുണ്ടെന്ന വിമർശനവും ചിലർ പങ്ക്‌വെയ്ക്കുന്നുണ്ട്.
പി.ഡി.പിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ലെന്നും ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വർഗീയ ശക്തിയാണെന്നും ആർ.എസ്.എസിന്റെ ഹിന്ദുരാഷ്വ്രാദം പോലെ പോലെ ഇസ്ലാമിക രാഷ്ട്രംവേണമെന്ന് വാദിക്കുന്നവരാണ് അവരന്നെും ആ നിലപാടല്ല പി.ഡി.പിക്കുള്ളതെന്നും പി.ഡി.പി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്.
പി.ഡി.പിക്കെതിരെ രൂക്ഷ വിമർശനമടങ്ങുന്ന പി.ജയരാജന്റെ പുസ്തകത്തിന് പുറമേ പാർട്ടി സഖാക്കളെ വധിച്ച കേസിലും പി.ഡി.പിക്കാർ പ്രതിയാക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത പുറത്ത് വന്നു കഴിഞ്ഞു.
1995 ജനുവരി 16-ന് അർധരാത്രിയാണ് എസ്.എഫ്.ഐ നേതാവും തിരുവനന്തപുരം ഗവ. ലോ കോളേജ് യൂണിയൻ ചെയർമാനുമായ എ.എം സക്കീറിനെ ഒരു സംഘം പി.ഡി.പി പ്രവർത്തകർ അദ്ദേഹത്തിന്റെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നത്.
ലോ കോളജ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ദിവസമാണ് കൊല്ലപ്പെട്ടത്. 20 പി.ഡി.പി പ്രവർത്തകരാണ് നിഷ്ഠൂരമായ കൊലപാതകം നടത്തിയത്.
പെരുമാതുറ മാടൻനടയിലുള്ള എ.എം സക്കീറിന്റെ വീട്ടിലെത്തി സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ് പി.ഡി.പിക്കാർ സക്കീറിനെ വെട്ടിയത്.
വെട്ടുകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങിയോടിയ സക്കീറിനെ പിന്തുടർന്ന അക്രമിസംഘം സക്കീറിന്റെ വീടിന് അരക്കിലോമീറ്ററോളം അകലെ വച്ച് ഒരു തെങ്ങിൻ തോട്ടത്തിൽ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് സി.പി.എമ്മിന്റെ ഭാവി വാഗ്ദാനമായിരുന്ന ഒരു യുവ നേതാവിനെ അയാളുടെ വീട്ടിൽ കയറി ക്രൂരമായി വെട്ടിക്കൊന്നവരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പീഡിതരുടെ സംഘം എന്ന് വിശേഷിപ്പിച്ചതെന്നും വാദമുയർന്നു കഴിഞ്ഞു.
20 പ്രതികളിൽ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. ഒന്ന് മുതൽ 10 വരെയുള്ള പ്രതികൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
സക്കീറിന്റെ രക്തസാക്ഷിത്വത്തെയാണ് വോട്ടിന് വേണ്ടി പാർട്ടി മറന്നതെന്നും അവരുടെ അദ്ദേഹത്തിന്റെ കുടുംബത്തോട് പാർട്ടി എങ്ങനെ മറുപടി പറയണമെന്നും സി.പി.എമ്മിൽ ചോദ്യമുയർന്നു കഴിഞ്ഞു.