നിലമ്പൂർ : രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണം നീങ്ങുന്നത് മന്ദഗതിയിൽ.
ആദ്യഘട്ടത്തിൽ തിരുഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനത്തിൽ നിന്ന് പിന്മാറി ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായ മോഹൻ ജോർജ്ജിനെ ഇറക്കിയെങ്കിലും ഇത് ഉദ്ദേശിച്ച ഫലം ചെയ്തോ എന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ഇപ്പൊഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് .
ഇന്നലെ വരെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉറച്ച് നിന്നയാൾ എങ്ങനെ ഒരു സുപ്രഭാതത്തിൽ ബി.ജെ.പിക്കാരനാവുന്നതെന്ന ചോദ്യമാണ് മണ്ഡലത്തിൽ എൻഡിഎക്കെതിരായ പ്രധാന ആയുധം.
മർത്തോമ സഭാംഗമായ സ്ഥാനാർത്ഥി സഭാ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള മണ്ഡലം പ്രതിനിധിയാകാൻ മത്സരിച്ചപ്പോൾ നാനൂറിലേറെ ഇടവകക്കാരുള്ള സ്വന്തം പള്ളിയിൽ നിന്നും ആകെ 12 വോട്ട് മാത്രമാണ് ലഭിച്ചതെന്നും ഇദ്ദേഹത്തിന് സഭാ വിശ്വാസികളുടെ ഇടയിൽ തന്നെ വേണ്ടത്ര പിന്തുണയില്ലെന്നും വാദങ്ങളുയരുന്നുണ്ട്.
കാല് മാറ്റക്കാരന് എന്തിനാണ് വോട്ട് നൽകുന്നതെന്നും ബി.ജെ.പി സ്ഥാനാർത്ഥി മലയോര ജനതയുടെ പ്രതിനിധിയാണെന്നുള്ള വാദവും മണ്ഡലത്തിലെ വോട്ടർമാർ തള്ളുന്നുവെന്നാണ് എതിരാളികൾ ആരോപിക്കുന്നത്.
വിജയമുറപ്പില്ലെങ്കിലും പാർട്ടിയുടെ വോട്ട് ശതമാനം കൂട്ടാൻ കിണഞ്ഞ് പരിരശമിക്കുകയാണ് ബി.ജെ.പി നേതൃത്വം.
സ്ഥാനാർത്ഥിക്ക് 25000 വോട്ടിൽ കൂടുതൽ ലഭിച്ചാൽ ചില വ്യക്തിപരമായ പ്രയോജനങ്ങൾ അദ്ദേഹത്തിനുണ്ടാകുമെന്ന സന്ദേശം സ്ഥാനാർത്ഥിക്ക് പാർട്ടി നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.
ആകെ 12 ശതമാനത്തോളമാണ് മേഖലയിലെ ക്രൈസ്തവ പ്രാതിനിധ്യമുള്ളത്. മുമ്പ് ലഭിച്ച വോട്ടിനൊപ്പം ഇതിൽ നിന്നുള്ള പകുതി വോട്ടെങ്കിലും ലഭിച്ചാൽ ബി.ജെ.പിയുടെ വോട്ട് ശതമാനത്തിൽ വൻവർദ്ധനയുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.
സഭാ വിശ്വാസികൾക്കിടയിൽ കാസ പോലെയുള്ള സംഘടനകളും ചില വൈദികരും സ്ഥാനാർത്ഥിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ടെങ്കിലും മലയോര ജനതയുടെ മനസ് സ്ഥാനാർത്ഥിക്കൊപ്പമില്ലെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ തെളിയിക്കുന്നത്.
പ്രചാരണത്തിനായി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എത്തിയെങ്കിലും തണുപ്പൻ മട്ടിൽ നിന്നും ഇതുവരെ കരകയറാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
ഉപതിരഞ്ഞെടുപ്പായതിനാൽ കേന്ദ്ര നേതൃത്വം വലിയ പരിഗണന കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രചാരണത്തിന് കേന്ദ്രനേതാക്കളാരും എത്തില്ല. പ്രചാരണ കോലാഹലങ്ങൾക്കുളള ഫണ്ടും സംസ്ഥാന നേതൃത്വമാണ് കണ്ടെത്തേണ്ടത്.
ഇതിനിടെ സി.പി.എം - ബി.ജെ.പി ഡീലെന്ന യു.ഡി.എഫിന്റെ ആരോപണവും മണ്ഡലത്തിൽ ശക്തിപ്പെട്ട് കഴിഞ്ഞു.
ഹിന്ദുമഹാസഭയടക്കമുള്ള സംഘടനകൾ പരസ്യമായി ഇടത് സ്ഥാനാർത്ഥി എം. സ്വരാജിന് പിന്തുണ നൽകുന്നത് ഇതിന്റെ ഭാഗമാണെന്ന വാദമാണ് യു.ഡി.എഫ് ഉയർത്തുന്നത്.
എന്നാൽ ഇടത്- വലത് മുന്നണികൾ വർഗീയ കക്ഷികളുമായി കൂട്ടുചേർന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന ആരോപണം ബി.ജെ പിയും ഉയർത്തുന്നുണ്ട്.