/sathyam/media/media_files/2025/06/14/ZaL3V9SFksvJPQFdm0rj.jpg)
നിലമ്പൂർ: മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. പ്രചാരണത്തിന് കൊഴുപ്പേകാൻ വയനാട് പാർലമെന്റ് അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഞായറാഴ്ച മണ്ഡലത്തിലെത്തും.
ഇന്നലെ വൈകിട്ട് കോഴിക്കോട് എത്തിയ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ ചില പരിപാടികളിൽ പങ്കെടുക്കും.
തുടർന്നാണ് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ നിലമ്പൂരിലേക്ക് നാളെ എത്തുന്നത്.
നാളെ വൈകിട്ട് മൂത്തേടം കാരപ്പുറത്തും നാലിന് നിലമ്പൂർ ചന്തക്കുന്നിലും പ്രിയങ്ക പ്രസംഗിക്കും. മഴ മാറിനിന്നാൽ റോഡ് ഷോയും സംഘടിപ്പിക്കാൻ നീക്കമുണ്ട്.
പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രിയങ്ക കൂടി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കോൺഗ്രസിന് അനുകൂലമായി മാറിയേക്കും.
കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രി ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യു.ഡി.എഫ് നടപടിയെ നിശിതമായി വിമർശിച്ചാണ് എൽ.ഡി.എഫ് ക്യാമ്പുകളെ സജീവമാക്കിയത്. പി.വി അൻവറിന് നേരെയും അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചു.
അൻവറിനെ വഞ്ചകനായി ചിത്രീകരിച്ചാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. യു.ഡി.എഫിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്.
പച്ച വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സി.പി.എം പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതിനിടെ ബി.ജെ.പിയുടെ പ്രചാരണം ഏറെപിന്നിലായി. സി.കെ പത്മനാഭൻ, കുമ്മനം രാജശേഖരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരടക്കം കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയെങ്കിലും പരിപാടികളിൽ ജനപങ്കാളിത്തവും പ്രവർത്തക പങ്കാളിത്തവും കുറഞ്ഞതും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us