/sathyam/media/media_files/YzhfpgQxh8GULuE2lT74.jpg)
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം സർക്കാർ വിരുദ്ധമാകാതിരിക്കാൻ അതീവ ശ്രദ്ധയോടെ എൽഡിഎഫ് രംഗത്ത്.
സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ യുഡിഎഫ് ഉയർത്തുന്ന ആരോപണങ്ങൾ ചർച്ചയാകാതിരിക്കാൻ ആണ് എൽഡിഎഫ് നീക്കം നടത്തുന്നത്.
9 കൊല്ലം പൂർത്തിയാക്കിയ സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ഒരിടത്തും ദൃശ്യമാകുന്നില്ലെന്ന് ആരോപണം യുഡിഎഫ് ഉന്നയിച്ചിരുന്നു.
ഇതിനുപുറമെ മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശവും ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി യുഡിഎഫ് ചർച്ചയാക്കിയിരുന്നു.
പ്രചാരണം അവസാന ലാപ്പിൽ എത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രിയെ തന്നെ ഇറക്കി മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ അജണ്ട പൊളിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.
സർക്കാർ വിരുദ്ധ പ്രചാരണങ്ങളും മുഖ്യമന്ത്രി നടത്തിയ മലപ്പുറം വിരുദ്ധ പരാമർശങ്ങളും ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് നൽകിയിട്ടുള്ള പിന്തുണ സംബന്ധിച്ച വിവാദത്തിൽ അലിയിച്ച് കളയാനാണ് എൽഡിഎഫ് ശ്രമം.
ഇന്നലെ മുതൽ മണ്ഡലത്തിൽ പ്രചാരണത്തിലുള്ള മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തിക്കാട്ടിയാണ് യുഡിഎഫിനെ കടന്നാക്രമിക്കുന്നത്.
ജമാഅത്തെ വിരുദ്ധരായ മുസ്ലിംലീഗിനും മുഖ്യമന്ത്രി ചില മുന്നറിയിപ്പുകൾ ഉപദേശ രൂപേണ പ്രസംഗത്തിനിടെ നൽകുന്നുണ്ട്.
മത രാഷ്ട്രവാദം പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് ജയിക്കാൻ ശ്രമിക്കുന്നതെന്നാണ് എൽഡിഎഫ് ഉയർത്തുന്ന പ്രധാന ആരോപണം.
എന്നാൽ എൽഡിഎഫിന്റെ പ്രചാരണത്തിനെതിരെ ഇന്നലെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു.
കഴിഞ്ഞ 30 വർഷമായി ജമാഅത്തെ ഇസ്ലാമി പിന്തുണ സിപിഎമ്മിനാണ് ലഭിച്ചിരുന്നത് എന്നും അന്നില്ലാത്ത എന്ത് വർഗീയതയാണ് അവർ ഇപ്പോൾ ഉന്നയിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
ഒന്നും രണ്ടും പിണറായി സർക്കാർ അധികാരത്തിലേറിയ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയും മറ്റു സംഘടനകളും നൽകിയ പിന്തുണ എന്തുകൊണ്ടാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇതിനുപുറമെ എൽഡിഎഫിന് ലഭിച്ചിട്ടുള്ള പിഡിപി പിന്തുണയെയും അദ്ദേഹം നിശ്ചിത വിമർശനത്തിന് ഇരയാക്കിയിട്ടുണ്ട്.
9 വർഷമായി എൽഡിഎഫിന് ഒപ്പം നിന്നിരുന്ന പിവി അൻവർ മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് ഉപയോഗിക്കുന്ന പ്രധാന ആരോപണം.
മലപ്പുറത്തെ വർഗീയമായി ചിത്രീകരിക്കുന്ന തരത്തിൽ ദേശീയ മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ എടുത്തുന്നയിച്ചാണ് എൽഡിഎഫ് കടന്നാക്രമണത്തെ യുഡിഎഫ് ഫലപ്രദമായി തടയുന്നത്.
ക്ഷേമ പെൻഷൻ അടക്കമുള്ള പദ്ധതികൾ ഉയർത്തിക്കാട്ടി എൽഡിഎഫ് സർക്കാരിൻറെ നേട്ടങ്ങൾ എണ്ണി പറയുമ്പോൾ പെൻഷൻ കുടിശിക അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് യുഡിഎഫ് പ്രതിരോധിക്കുന്നത്.
ദേശീയപാത നിർമ്മാണത്തിനിടെ റോഡുകളിൽ ഉണ്ടായ വിള്ളലും യുഡിഎഫ് ഉയർത്തി കാണിക്കുന്നു.
വികസന പ്രശ്നങ്ങൾക്ക് പുറമേ സാമുദായിക രാഷ്ട്രീയവും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നിർണായക പ്രചാരണ വിഷയമായി മാറിയിട്ടുണ്ട്.
മലയോര മേഖലയിലെ വന്യജീവി ആക്രമണം സംബന്ധിച്ച് ഉയരുന്ന പ്രശ്നങ്ങൾക്കും സർക്കാറിന് മുഖ്യമന്ത്രിക്കും വനം വകുപ്പിനും മറുപടിയില്ല.
ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടി യുഡിഎഫും ബിജെപിയും സിപിഎമ്മിനെ വെട്ടിലാക്കുകയാണ്.
പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെങ്കിലും മലയോര മേഖലയിൽ നിന്നുള്ള ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥിയായ മോഹൻ ജോർജിനെ രംഗത്തിറക്കി ബിജെപിയും പ്രചാരണ രംഗത്ത് സജീവമാണ്.
എന്നാൽ ക്രൈസ്തവ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ മോഹൻ ജോർജിന് കഴിയുന്നില്ലെന്ന് മണ്ഡലത്തിലെ താഴെ തട്ടിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിൽ വ്യക്തമാണ്.
മൂന്നു മുന്നണികളെയും ഒരുപോലെ എതിർക്കുന്ന മുന്‍ എംഎൽഎ പി വി അൻവർ സ്വതന്ത്രനായി മത്സരിക്കുന്നുണ്ടെങ്കിലും താഴെ തട്ടിൽ ഉള്ള പ്രചാരണം ഫലപ്രദമായി ഏകോപിപ്പിക്കാൻ ഇതുവര അന്‍വറിനും കഴിഞ്ഞിട്ടില്ല.
പിണറായി വിജയനും എൽഡിഎഫിനും എതിരെ യുദ്ധം പ്രഖ്യാപിച്ചൂ രംഗത്ത് വന്ന അൻവർ തന്നെ യുഡിഎഫിൽ ഉൾപ്പെടുത്താത്തതിനെ തുടര്‍ന്ന് യുഡിഎഫിനെതിരെ തിരയുകയായിരുന്നു.
ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ അൻവറിന് ഉണ്ടായിരുന്ന മേൽകൈ പിന്നീട് നഷ്ടമാകുന്ന കാഴ്ചയാണ് മണ്ഡലത്തിൽ ദൃശ്യമായതെന്നാണ് വിലയിരുത്തല്‍.
പ്രചാരണം അവസാനിപ്പിക്കാൻ അഞ്ച് ദിവസങ്ങൾ മാത്രം ശേഷിക്ക് മുന്നണികളും സ്ഥാനാർത്ഥികളും കലാശക്കൊട്ടിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us