പാർട്ടി സ്ഥാനാർത്ഥികൾ 'സിറ്റിങ്' എംഎൽഎ അടക്കം 5. മത്സരചിത്രം വ്യക്തം. നിലമ്പൂർ എന്തുകൊണ്ടും സമീപകാലത്ത് നടക്കുന്നതിൽ വച്ച് ഏറ്റവും തീപാറുന്ന ഉപതെരഞ്ഞെടുപ്പ്. 9 വർഷം പ്രതിപക്ഷത്തിരുന്ന യുഡിഎഫിന് നിലമ്പൂർ മോഡൽ പരീക്ഷാ വിജയമാകുമോ ? മൂന്നാം പിണറായി സർക്കാരിന് ഊർജ്ജമാകുമോ? പ്രചരണത്തിന് പ്രിയങ്ക ഗാന്ധിയും

 സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള മുൻനിര നേതാക്കൾ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് വേണ്ടി പ്രചരണത്തിനിറങ്ങും.

New Update
nilambur candidates

മലപ്പുറം: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം എത്തിയതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ മത്സര ചിത്രം തെളിയുന്നു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി. അൻവർ കൂടി മത്സരത്തിന് ഇറങ്ങിയതോടെ ചതുഷ്കോണ മത്സരത്തിനാണ് നിലമ്പൂരിൽ അരങ്ങൊരുങ്ങിയിരിക്കുന്നത്.

Advertisment

യു.ഡി.എഫിന് വേണ്ടി ആര്യാടൻ ഷൗക്കത്തും എൽ.ഡി.എഫിന് വേണ്ടി എം.സ്വരാജും ബിജെപി സ്ഥാനാർഥിയായി അഡ്വ. മോഹൻ ജോർജുമാണ് മത്സരിക്കുന്നത്. എസ്.ഡി.പി.ഐയും ശക്തമായി മത്സര രംഗത്തുണ്ട്. സിദ്ദിഖ് നടുത്തൊടിയാണ് എസ്.ഡി.പി.ഐ സ്ഥാനാർഥി. 


ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയുള്ള സെമി ഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അക്ഷരാർത്ഥത്തിൽ തീ പാറും എന്ന് ഉറപ്പായി. സംസ്ഥാനത്ത് സമീപകാലത്തൊന്നും ഇത്ര വാശിയേറിയ ഉപതിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. 

Untitledusspvanwar

നിലമ്പൂരും ഇതിന് മുൻപ് ഇത്ര വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. സഖാവ് കുഞ്ഞാലി, ആര്യാടൻ മുഹമ്മദ് തുടങ്ങിയ വലിയ നേതാക്കൾ മത്സരിച്ചപ്പോഴും ഇത്ര കടുത്ത മത്സരം നേരിട്ടിട്ടില്ല. നാമ നിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ എല്ലാ മുന്നണികളും പ്രചരണ രംഗത്ത് സജീവമാകുകയാണ്.

ഇടത് വലത് മുന്നണികൾക്കും പി.വി അൻവറിനും  ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. മൂന്നാമതും ഭരണം നേടാൻ ലക്ഷ്യമിട്ടിരിക്കുന്ന എൽഡിഎഫിന് നിലമ്പൂരിൽ ജയിച്ചേ തീരു. ഉപ തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ വേണം തദ്ദേശഭരണ - നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് ഇറങ്ങാൻ.


സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ എത്രമാത്രം ജനങ്ങൾ വിശ്വാസത്തിൽ എടുത്തു എന്നതിൻ്റെ അളവുകോലായും ഉപതിരഞ്ഞെടുപ്പ് ഫലം മാറും. കഴിഞ്ഞ 9 വർഷമായി അധികാര ഭ്രഷ്ടരായി കഴിയുന്ന യുഡിഎഫിന് നിലമ്പൂരിൽ ജയിച്ചേ പറ്റു. 


നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കാനുള്ള ശ്രമങ്ങൾക്ക് നിലമ്പൂർ ഫലം ഇന്ധനമാകും. സർക്കാരിന് എതിരായ ഭരണ വിരുദ്ധ വികാരത്തിൻ്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വിലയിരുത്താനുള്ള അവസരം കൂടിയാണ് യുഡിഎഫിന് നിലമ്പൂർ ഫലം.

പിണറായിസത്തിന് എതിരെ പോരാട്ടത്തിനിറങ്ങി, ഇപ്പോൾ സതീശനിസത്തെ കൂടി എതിർക്കുന്ന പി.വി. അൻവറിനും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ജീവന്മരണ പ്രശ്നമാണ്. 9 വർഷം താൻ പ്രതിനിധീകരിച്ച മണ്ഡലത്തിൽ ഇപ്പോഴും പ്രസക്തനാണെന്ന് തെളിയിക്കാൻ അൻവറിന് ശക്തി തെളിയിച്ചേ തീരു.

nilambur Untitleduss

 എന്നാൽ രണ്ട് പ്രധാന മുന്നണികളോട് എതിരിട്ട് ജയിക്കുക പ്രയാസമായിരിക്കും. രണ്ടാം സ്ഥാനത്ത് എത്തിയാല്‍ തല്‍ക്കാലം മുഖം രക്ഷിക്കാം. അതിലും താഴേയ്ക്ക് പോയാല്‍ പി വി അന്‍വര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തനാകും.

 മത്സരത്തിന് ഇറങ്ങാൻ മടിച്ച് നിന്ന ശേഷം അവസാന നിമിഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ച ബിജെപിക്ക് നിലമ്പൂരിൽ ജയ സാധ്യതയില്ല. എന്നാൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ നിലമ്പൂരിൽ നിന്ന് 17000 ൽ പരം വോട്ട് നേടിയിരുന്നു. ഇതിനൊപ്പം എത്തുന്നതോ അതിനെ മറികടക്കുന്നതോ ആയ പ്രകടനം കാഴ്ചവെക്കൊൻ ബിജെപിക്ക് മേലും സമ്മർദ്ദമുണ്ട്. 

മലപ്പുറത്തെ ഇതര മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിന്ദു വോട്ടുകൾ ഏറെയുള്ള മണ്ഡലമാണ് നിലമ്പൂർ.  എസ്.ഡി.പി.ഐക്കും അവിടവിടെ സ്വാധീനമുളള മണ്ഡലമാണ് നിലമ്പൂർ.  എസ്.ഡി.പി.ഐക്ക് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ആറായിരത്തോളം വോട്ടുണ്ടെന്നാണ് കണക്ക്.


ഉപ തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ദേശീയ- സംസ്ഥാന നേതാക്കൾ നിലമ്പൂരിൽ എത്തും. ഇടത് മുന്നണിക്ക് വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തും. ഈ മാസം 13 മുതൽ 3 ദിവസമാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ ഉണ്ടാവുക. 


Swaraj and shoukath

ദിവസം മൂന്ന് പരിപാടികൾ വീതമാണ് മുഖ്യമന്ത്രിക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. യുഡിഎഫിന് വേണ്ടിയും മുൻനിര നേതാക്കൾ പ്രചരണത്തിനെത്തും. നിലമ്പൂർ മണ്ഡലം ഉൾപ്പെടുന്ന വയനാട് ലോകസഭാ മണ്ഡലത്തിലെ എം.പിയായ പ്രിയങ്ക ഗാന്ധിയും ആര്യാടൻ ഷൗക്കത്തിന് വേണ്ടി വോട്ട് തേടാൻ മണ്ഡലത്തിലെത്തും.

 സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള മുൻനിര നേതാക്കൾ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് വേണ്ടി പ്രചരണത്തിനിറങ്ങും.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കൾ പ്രചരണത്തിന് എത്തുമെന്നാണ് പി.വി അൻവറിൻ്റെ അവകാശവാദം. എന്നാല്‍ മമത എത്തില്ലെന്നാണ് തൃണമൂല്‍ ദേശീയ നേതൃത്വത്തോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Advertisment