പാലക്കാട്: പാലക്കാട് ജില്ലയില്‍ നിപ രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. കിഴക്കുംപുറം തച്ചനാട്ടുകര സ്വദേശിനി (38) ക്കാണ് നിപ രോഗ ബാധ സ്ഥിരീകരിച്ചത്.
നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
നിലവില്‍ 58 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. രോഗബാധയുളളയാളുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ട കരിമ്പുഴ, തച്ചനാട്ടുകര മേഖലകളിലാണ് കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കുണ്ടൂര്‍ക്കുന്ന്), വാര്‍ഡ് 8 (പാലോട്), വാര്‍ഡ് 9 (പാറമ്മല്‍), വാര്‍ഡ് 11 (ചാമപറമ്പ്) എന്നിവയും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 (ആറ്റശ്ശേരി), വാര്‍ഡ് 18 (ചോളക്കുറിശ്ശി) എന്നിവയുമാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പൊതുജനങ്ങള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണി വരെയാക്കി നിജപ്പെടുത്തി. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കാം. പ്രദേശവാസികളല്ലാത്ത പുറമെ നിന്നുള്ളവരുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും.
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ സംബന്ധിച്ച വിവരം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കണ്ടെയ്മെന്റ് സോണിലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രി സന്ദര്‍ശനം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ അനുമതിയുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്ക് മാത്രം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ടെയ്മെന്റ് സോണിന് അകത്ത് കടക്കാം. കണ്ടെയ്മെന്റ് സോണിലുള്ളവര്‍ എന്‍.95 മാസ്‌ക് തന്നെ ഉപയോഗിക്കണം.
ജില്ലയില്‍ പൊതുവായി ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക് ധരിക്കാനും സാനിറ്റൈസേഷന്‍ കൃത്യമായി ചെയ്യാനും കൂട്ടം കൂടുന്നത് ഒഴിവാക്കാനും ആശുപത്രികളില്‍ രോഗികളെ അനാവശ്യമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി പാലക്കാട് മെഡിക്കല്‍ കോളേജിലെ 6, 8 നിലകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നിപ പോലുള്ള സാഹചര്യങ്ങളില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും തിരിച്ചറിയാനും ശരിയായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കണം എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.