നിപ: 16 പേരുടെ പരിശോധനഫലം കൂടി നെഗറ്റീവ്; മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

New Update
nipah Untitledan

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് 16 പേരുടെ സ്രവ പരിശോധനഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതുവരെ 104 പരിശോധനഫലങ്ങളാണ് നെഗറ്റിവായത്.

Advertisment

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റീന്‍ ബുധനാഴ്ച അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലുപേരുടെയും സെക്കൻഡറി പട്ടികയിലെ 90 പേരുടെയും ക്വാറന്റീനാണ് അവസാനിക്കുക. രോഗബാധിത മേഖലയിലെ കണ്ടെയിൻമെന്റ് സോണ്‍ നിയന്ത്രണം പിൻവലിച്ച് ജില്ല കലക്ടർ ഉത്തരവായി.

രോഗലക്ഷണങ്ങളുമായി ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കുന്നത്.

അതേസമയം, മലപ്പുറം തിരുവാലി പഞ്ചായത്തില്‍ നിപ മൂലമുള്ള മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലും പഞ്ചായത്തിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു.

തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളിൽ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണുകളാണ് പിൻവലിച്ചത്.

കൂടാതെ, മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.

Advertisment