കോട്ടയം: വിവാദങ്ങളില്‍ വീണില്ല, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിഷയത്തിനു രമ്യമായ പരിഹാരം. കോളേജ് മാനേജ്‌മെന്റ്, മഹല്ല് കമ്മറ്റി, വിഷയത്തില്‍ ഇടപെട്ട എം.ഇ.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ എല്ലാവരും വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കാതെ പക്വതയാര്‍ന്ന നിപാടുകള്‍ സ്വീകരിച്ചപ്പോള്‍ സംസ്ഥാനത്തുടനീളം വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒരു വിഷയമാണു മറ്റുള്ളവര്‍ക്കു മാതൃകയാക്കാവുന്നതരത്തില്‍ പരിഹരിക്കപ്പെട്ടത്.
ജൂലൈ 26 നാണ് ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ നിസ്‌കാരം നടത്തുവാന്‍ മുറി അനുവദിക്കണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പളിനെ സമീപിച്ചത്. എന്നാല്‍, പ്രിന്‍സിപ്പല്‍ അടുത്തുള്ള പള്ളികളില്‍ പോയി നിസ്‌കരിക്കാമെന്നും അതിനായി പ്രത്യേക സമയമിളവുകള്‍ നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികളെ അറയിച്ചു.
എന്നാല്‍, ചില വിദ്യാര്‍ഥികള്‍ ചേര്‍ന്നു പ്രിന്‍സിപ്പലിനെ തടഞ്ഞുവെക്കുകയും പിന്നീട് വിഷയം പുറത്തു വന്‍ വിവാദമാവുകയും ചെയ്തു. ഇരു വിഭാഗങ്ങളുടെയും പക്ഷം പിടിച്ചു വാക്‌പോരുകളും നടന്നു.
ഇതോടെ വിഷയത്തില്‍ മഹല്ല് കമ്മിറ്റികള്‍ കോളജ് മാനേജുമെന്റുമായി ചര്‍ച്ച നടത്തി. മൂവാറ്റുപുഴയിലെ പ്രധാന രണ്ടു മഹല്ല് കമ്മിറ്റികള്‍ ചര്‍ച്ചയുടെ ഭാഗമായി. ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധത്തില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു. അനിഷ്ടകരമായ സംഭവങ്ങളാണു പ്രാര്‍ഥന മുറിയുമായി ബന്ധപ്പെട്ടു കോളജില്‍ നടന്നതെന്നു മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ ലത്തീഫ് ചര്‍ച്ചയ്ക്കു ശേഷം വ്യക്തമാക്കി.
പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട രീതികള്‍ ഇസ്‌ലാം മതം നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്നു തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അതു മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണം. വിഷയത്തില്‍ കുട്ടികള്‍ക്കു തെറ്റുപറ്റി. അതില്‍ ഖേദം പ്രകടപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെവിന്‍ കെ. കുര്യാക്കോസും വ്യക്തമാക്കി. മൂവായിരത്തില്‍പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നിര്‍മല കോളജ് ഉയര്‍ന്ന മതേതരമൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താന്‍ എന്നും ശ്രദ്ധപുലര്‍ത്തുന്ന സ്ഥാപനമാണ്.
കോളേജ് ഇതു പരിശോധിക്കുകയും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടു കോളജ് ഇക്കാലമത്രയും പുലര്‍ത്തിവരുന്ന അതേ നയം തന്നെ തുടരുമെന്നാണ് മാനേജ്‌ന്റെ നിലപാട്.
പൊതുസമൂഹത്തില്‍ നിന്നും സാമുദായിക രാഷ്ട്രീയ സംഘടനകളില്‍ നിന്നും പ്രത്യേകിച്ചു കത്തോലിക്ക കോണ്‍ഗ്രസ്, പൂര്‍വവിദ്യാര്‍ഥി സംഘടന, അധ്യാപകരക്ഷകര്‍ത്ത സമിതി, വൈദീക അല്മായ പ്രതിനിധികള്‍, മറ്റു മതനേതാക്കള്‍ തുടങ്ങിയവര്‍ നല്‍കിയ പിന്തുണയ്ക്കും പ്രിന്‍സിപ്പല്‍ നന്ദി അറിയിച്ചു. വിഷയത്തിന്‍ മേല്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചതും ശ്രദ്ധേയമായി.
അതേസമയം, മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയും വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകള്‍ മതേതരമായി നിലനിര്‍ത്തുന്നതിനു വേണ്ടി എന്നും മുന്നില്‍ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐയെന്നു സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ വിഷയത്തിൽ പ്രതികരിച്ചത്.