കോട്ടയം: കഴിഞ്ഞ നവംബറില്‍ ദുബായില്‍വെച്ചു നിവിന്‍ പോളി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് പോസ്റ്റ്. യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് പോസ്റ്റ് പ്രകാരം മെയ് മാസം യുവതിയെ പീഡനത്തിനരയാക്കി വീഡിയോ ചിത്രീകരിച്ചെന്നും വ്യക്തമാക്കുന്നു.
നിവിന്‍ പോളിക്കെതിരെ ആരോപണം ഉന്നയിച്ച യുവതി നിരന്തരം സാമൂഹ്യമാധ്യമങ്ങളിലൂടെ നടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. വാട്സ്ആപ്പിലൂടെ നിവിൻ എല്ലാവര്‍ക്കും വൈറസുള്ള മെസേജ് അയക്കുകയും ഇതിലൂടെ മൊബൈല്‍ ഹാക്ക് ചെയ്തു ക്യാമറ ഓണാക്കി സുഹൃത്തുക്കളായവരുടെ ബെഡ്റൂമിലെ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ബ്ലാക്മെയില്‍ ചെയ്യുന്നുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. നിവിന്‍ പോളിയുടെ കൈയില്‍ നിന്നും വാട്സ്ആപ്പ് മെസേജ് കിട്ടിയിട്ടുള്ളവര്‍ സൂക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് യുവതി ഫേസ്ബുക്കില്‍ പലപ്പോഴായി പങ്കുവെച്ചിട്ടുള്ളത്.
അതേസമയം യുവതി പീഡനം നടന്നു എന്നു പറയുന്ന 2023 നവംബറിനു മുന്‍പു 2023 മെയ് 17 ന് യുവതിയുടെ ഭര്‍ത്താവു ഫേസ്ബുക്കില്‍ യുവതി പീഡനത്തിന് ഇരയായത് സംബന്ധിച്ചു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. "നിന്റെ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള മെമ്മറി കാര്‍ഡിലെ വീഡിയോ നിന്റെ മരണമാണ്. വീഡിയോ പുറത്തുവിട്ടാലും ഒന്നും സംഭവിക്കില്ല, ഒരു പെണ്ണിനെ അവളുടെ സാചര്യം മുതലെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു അതിന്റെ വീഡിയോ എടുത്തു ജീവിതകാലം മൊത്തം ബ്ലാക്മെയില്‍ ചെയ്യാമെന്നു കരുതിയ നിന്നെപോലുള്ളവര്‍ക്കു മരണം തന്നെയാണ് നല്ലത്" എന്നും പറയുന്നു.
എന്നാല്‍, ആരാണ് പീഡിപ്പിച്ചതെന്നോ വീഡിയോ ചിത്രീകരിച്ചതെന്നോ പറഞ്ഞിരുന്നില്ല. പിന്നീടാണ് നടന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്നുകണ്ടു പോലീസ് അന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ യുവതി വീണ്ടും ആരോപണവുമായി രംഗത്തുവരുകയായിരുന്നു.
യൂറോപ്പില്‍ ജോലിക്കായാണ് യുവതി ഒന്നാം പ്രതിയായ ശ്രേയയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ ദുബായിലേക്ക് കൊണ്ടുപോയി ഹോട്ടലില്‍ പീഡിപ്പിച്ചെന്നാണ് മൊഴി നല്‍കിയത്. ആദ്യം മർദിച്ചു എന്നു പറഞ്ഞതു പിന്നീട് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നു മൊഴി മാറ്റി പറയുകയും ചെയ്തു. ഒപ്പം ആദ്യം പരാതി നല്‍കിയപ്പോള്‍ തന്റെ മൊഴി പോലും രേഖപ്പെടുത്തിയില്ലെന്നു യുവതി പറയുന്നു.
തന്റെ പുറകില്‍ ഒരു ഗ്രൂപ്പുമില്ല, താന്‍ ഒറ്റയ്ക്കാണ്. നീതി കിട്ടുമെന്ന് ഉറപ്പുണ്ട്. നീതി കിട്ടുവരെ പോരാടും. പോലീസ് പറയുന്ന എന്ത് നടപടിയ്ക്കും താന്‍ തയ്യാറാന്നെും യുവതി പറയുന്നു.
അതേ സമയം നിവിൻ പോളിയും നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണ്. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ നേരിട്ടു കാണുകയോ ഫോണ്‍ വിളിക്കുകയോ വാട്സ് ആപ്പില്‍ സന്ദേശം അയയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് നിവിന്‍ പോളി വ്യക്തമാക്കിയിരുന്നു. മന:പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ടെന്നും നടന്‍ പറഞ്ഞു.
ലൈംഗികാതിക്രമ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിവിന്‍ പോളി ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിയടക്കം ആറു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയായ നിവിന്‍ പോളിക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി.
വിദേശ ജോലിക്ക് റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുന്ന ശ്രേയയെന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. നിര്‍മാതാവ് എ.കെ. സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെ പ്രതികള്‍. പീഡനം, കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകളാണ് ചുമത്തിയത്.