Advertisment

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം, തദ്ദേശവാര്‍ഡ് വിഭജന ബില്‍ അവതരിപ്പിക്കും

New Update
niyamasbha

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും. തദ്ദേശ വാർഡ് വിഭജന ബില്ല് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം നിയമസഭയിൽ എത്തുക. ബാർക്കോഴ വിവാദം മുതൽ സിഎംആർഎൽ മാസപ്പടി വരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.

Advertisment

ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ സഭയിലെത്തുന്ന പ്രതിപക്ഷത്തെ ഭരണപക്ഷം എങ്ങനെ നേരിടും എന്നതാണ് ഉറ്റുനോക്കുന്നത്. നാളെ മുതൽ 28 ദിവസം നീളുന്ന സഭാ സമ്മേളനം ജൂലൈ 25നാണ് അവസാനിക്കുക. സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ബാർകോഴ മുതൽ മാസപ്പടി വരെ പ്രതിപക്ഷത്തിന്റെ അവനാഴിയിൽ ആയുധങ്ങൾ ഏറെ.

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമവും സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങിയതും സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയ പിഴവുകളടക്കം സഭയിൽ പ്രതിപക്ഷം ചർച്ചയാക്കും. സഭയ്ക്ക് അകത്തും പുറത്തും സർക്കാറിനെതിരെ ആഞ്ഞടിക്കാനാണ് നീക്കം. ബാർകോഴ വിവാദത്തിൽ 11ന് യൂത്ത് കോൺഗ്രസും 12ന് യുഡിഎഫും നിയമസഭയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെഎസ്ആർടിസിക്ക് പിന്നാലെ സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷം സഭയിലെത്തിക്കും.

ഭരണ നേട്ടങ്ങൾ ഉയർത്തിയാകും സർക്കാർ പ്രതിപക്ഷത്തെ പ്രതിരോധിക്കുക. രണ്ടാം പിണറായി സർക്കാർ മൂന്നു വർഷക്കാലം നടപ്പിലാക്കിയ പദ്ധതികളിലാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. ആരോപണ പ്രത്യാരോപണങ്ങൾ സഭയെ പ്രക്ഷുബ്ധം ആക്കുമെന്ന് ഉറപ്പ്. ഗവർണർ മടക്കിയ തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ബില്ലായി ആദ്യ ദിവസം സർക്കാർ സഭയിൽ അവതരിപ്പിക്കും. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ സഭയിലെത്തും. 17 വരെ ഇരുവർക്കും സമ്മേളനത്തിൽ പങ്കെടുക്കാം. 13 മുതൽ 15 വരെ ലോകകേരളസഭയ്ക്കും നിയമസഭ വേദിയാകും.

 

 

 

Advertisment