/sathyam/media/media_files/u2MQRPgPEqGLtfnNp9Ui.jpg)
തിരുവനന്തപുരം: രാഷ്ട്രീയാന്തരീക്ഷം പ്രക്ഷുബ്ധമായി കൊണ്ടിരിക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ മുതല്‍ ഒക്ടോബര്‍ 10 വരെ ചേരുന്ന പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ പ്രധാന അജണ്ട നിയമനിര്‍മ്മാണമാണ്. മൂന്ന് സെഷനുകളിലായി ആകെ 12 ദിവസമാണ് സഭ സമ്മേളിക്കുക.
നാളെ മുതല്‍ ഈ മാസം 19 വരെയാണ് ആദ്യ സെഷന്‍. സി.പി.ഐയുടെ അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ പിന്നീട് സെപ്റ്റംബര്‍ 29ന് മാത്രമേ സഭ സമ്മേളിക്കുകയുളളു. രണ്ടാം ഘട്ടത്തില്‍ രണ്ട് ദിവസം മാത്രമാണ് സഭ സമ്മേളിക്കുക. പിന്നീട് ഒക്ടോബര്‍ 6 മുതല്‍ 10 വരെയാണ് സഭ സമ്മേളിക്കുക.
ആദ്യ ദിവസമായ നാളെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ , മുന്‍ സ്പീക്കര്‍ പി.പി തങ്കച്ചന്‍,പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. ബാക്കിയുളള 11 ദിവസങ്ങളിലായി 9 ദിവസങ്ങള്‍ നിയമനിര്‍മ്മാണത്തിനായും രണ്ട് ദിവസം സ്വകാര്യ ബില്ലുകള്‍ക്കുമായി നീക്കിവെക്കും.
മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വന്യജീവികളെ കൊന്നൊടുക്കുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്‍ അടക്കമുളള നിയമനിര്‍മ്മാണമാണ് പതിനാലാം സമ്മേളനത്തില്‍ പരിഗണിക്കുന്നത്. നിയമനിര്‍മ്മാണത്തിനായി ചേരുന്ന സെഷനില്‍ രാഷ്ട്രീയം സംസാരിക്കുന്നതിന് പരിമിതി ഉണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കി കൊണ്ടിരിക്കുന്ന നിരവിധി വിഷയങ്ങള്‍ സഭാതലത്തില്‍ ഉന്നയിക്കപ്പെടുമെന്ന് ഉറപ്പാണ്.
പൊലീസ് അതിക്രമങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതില്‍ നിന്നുതന്നെ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം നിയമസഭാ സമ്മേളനം രാഷ്ട്രീയ വിഷയങ്ങള്‍ കൊണ്ട് സജീവമാകുമെന്ന് ഉറപ്പിക്കാം.
ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനുളള ആയുധങ്ങള്‍ മാത്രമല്ല സഭാതലത്തില്‍ ഉയരുക. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന ഒരുപിടി വിഷയങ്ങള്‍ നിറച്ച ആവനാഴിയുമായാണ് ഭരണപക്ഷം സഭാതലത്തില്‍ എത്താന്‍ പോകുന്നത്.
യുവ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യയും ആത്മഹത്യ ചെയ്ത നേതാവിന്റെ കുടുംബാംഗത്തിന്റെ ആത്മഹത്യാശ്രമവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ്.
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന് എതിരെ കെ.ടി.ജലീല്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ലീഗിനെയും വെട്ടിലാക്കാന്‍ പോകുന്നതാണ്.ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അങ്ങോട്ടും കടന്നാക്രമിക്കാന്‍ നിരവധി വിഷയങ്ങളുളളതിനാല്‍ ഇത്തവണത്തെ സഭാ സമ്മേളനം പ്രക്ഷൂബ്ധമാകാനാണ് സാധ്യത.
കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ മൃഗീയമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും പ്രതിപക്ഷം സര്‍ക്കാരിനെ ആക്രമിക്കാന്‍ പോകുന്നത്. പീച്ചി പൊലീസ് സ്‌റ്റേഷനിലും സമാനമായ തോതില്‍ മര്‍ദ്ദനം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആലപ്പുഴയില്‍ നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിലും പൊലീസിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷമായ വിമര്‍ശനം നടന്നിരുന്നു. എന്നിട്ടും മുഖ്യമന്ത്രി വായ തുറന്നിട്ടില്ല. പൊലീസ് അതിക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിടുന്ന പ്രതിപക്ഷം അദ്ദേഹത്തെ കൊണ്ട് മറുപടി പറയിക്കാന്‍ എല്ലാവഴികളും തേടും.
തൃശൂരിലെ സി.പി.എം നേതാക്കളുടെ വലിയ പണം സമ്പാദനത്തെ കുറിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് നടത്തിയ സംഭാഷണം പുറത്തുവന്നതും പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കും.
തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് വകുപ്പിന്റെ വീഴ്ചകളും തെറ്റുകളും എണ്ണിപറഞ്ഞുകൊണ്ട് സര്‍ക്കാരിനെതിരെ കുറ്റപത്രം ചമയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിപക്ഷം സഭാതലത്തില്‍ ഉന്നയിക്കുമെന്ന് തീര്‍ച്ചയാണ്.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗീകാരോപണങ്ങളും വയനാട്ടിലെ വിവാദങ്ങളും പ്രതിപക്ഷത്ത പ്രതിരോധത്തിലേക്ക് തളളിവിടുന്നുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ നിന്ന് സസ്‌പെന്റെ ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക ബ്‌ളോക്കിലായിരിക്കും സീറ്റ് അനുവദിക്കുകയെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അറിയിച്ചു.
പ്രതിപക്ഷ ബ്ലോക്കിന് പിറകിലായിരിക്കും രാഹുലിന്റെ സീറ്റ് അടങ്ങുന്ന ബ്‌ളോക്ക്. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടതോടെ അടിയന്തിര പ്രമേയ ചര്‍ച്ചകളില്‍ രാഹുലിന് അവസരം ലഭിക്കില്ലെന്നും സ്പീക്കര്‍ അറിയിച്ചു.