/sathyam/media/media_files/u2MQRPgPEqGLtfnNp9Ui.jpg)
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം പൊളിക്കാൻ മറുതന്ത്രമിറക്കി പിണറായി സർക്കാർ. തിരഞ്ഞെടുപ്പു വർഷത്തിൽ സർക്കാരിനെ ആരോപണങ്ങളിലൂടെ കൂച്ചു വിലങ്ങിടാനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രത്തെയാണ് അതേ നാണയത്തിൽ തന്നെ സർക്കാർ നേരിടുന്നത്.
സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പൊലീസ് മർദ്ദനങ്ങളും ഒരു വർഷത്തിനിടെ 16 ജീവനുകളെടുത്ത അമീബിക്ക് മസ്തിഷ്‌ക്ക ജ്വരവും സംബന്ധിച്ച് സഭയിൽ വന്ന രണ്ട് അടിയന്തിര പ്രമേയങ്ങളും സർക്കാർ ചർച്ചയ്‌ക്കെടുത്തതോടെ പ്രതിപക്ഷത്തിന്റെ നീക്കങ്ങളുടെ മൂർച്ച കുറഞ്ഞു.
രണ്ട് വിഷയങ്ങളിലും സഭയ്ക്കുള്ളിൽ അവതരിപ്പിക്കാനിരുന്ന അടിയന്തിര പ്രമേയത്തിലൂടെ സർക്കാരിനെ വെള്ളം കുടിപ്പിക്കാമെന്ന് കരുതി പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്ക് ചെറിയ തോതിലെങ്കിലും തിരിച്ചടി നേരിട്ടു കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം.
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക പീഡനാരോപണങ്ങളിൽപ്പെട്ട് കോൺഗ്രസ് വെല്ലുവിളി നേരിടുന്ന സന്ദർഭത്തിലാണ് സർക്കാരിനെതിരായ വിഷയങ്ങൾ സഭയിലുയർത്തി ഭരണപക്ഷത്തെ വിഷമവൃത്തത്തിലാക്കി മുന്നേറാൻ യു.ഡി.എഫ് ശ്രമിക്കുന്നത്.
എന്നാൽ എക്കാലത്തും സഭയ്ക്കുള്ളിൽ യു.ഡി.എഫിനുള്ള മേൽക്കൈ ഇത്തവണ അടിയന്തിര പ്രമേയങ്ങൾ ചർച്ചയ്‌ക്കെടുത്തതോടെ ഇല്ലാതായെന്ന് വിലയിരുത്തേണ്ടി വരും.
എല്ലാ പ്രശ്‌നങ്ങളും നിയമസഭയിൽ ചർച്ച ചെയ്ത് തള്ളിയതാണെന്ന സർക്കാർ വാദം പുറത്ത് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും തുരുപ്പ് ചീട്ടാവും. തിരഞ്ഞെടുപ്പ് വർഷത്തിൽ ഇത് സി.പി.എമ്മിന് രാഷ്ട്രീയമായി ഗുണം ചെയ്യും.
സർക്കാരിന്റെ പ്രധാനവകുപ്പുകളായ ആഭ്യന്തരം, ആരോഗ്യം എന്നിവയെ കടന്നാക്രമിക്കാനുള്ള യു.ഡി.എഫ് തന്ത്രത്തിന്റെ വീര്യം കുറയ്ക്കാനാണ് സി.പി.എം ശ്രമം.
പൊലീസ് മർദ്ദനങ്ങൾ സംബന്ധിച്ച് അടിയന്തിര പ്രമേയം ചർച്ചയ്‌ക്കെടുത്തെങ്കിലും ഇതിൽ തൃപ്തിയില്ലെന്ന സന്ദേശം പുറത്ത് നൽകി യു.ഡി.എഫ് എം.എൽ.എമാരായ എ.കെ.എം അഷ്‌റഫും സുനീഷ് കുമാറും സഭാ കവാടത്തിൽ നടത്തുന്ന നിരാഹാരം ചർച്ചയാക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ അമീബിക്ക് മസ്തിഷ്‌ക്ക ജ്വരമടക്കം ആരോഗ്യ വകുപ്പിന്റെ വീഴ്ച്ചകൾ അക്കമിട്ട് നിരത്തുന്ന പ്രതിപക്ഷത്തെ ഭരണപക്ഷം എങ്ങനെ നേരിടുമെന്നും കണ്ടറിയേണ്ടതാണ്.