/sathyam/media/media_files/u2MQRPgPEqGLtfnNp9Ui.jpg)
തിരുവനന്തപുരം: ശബരിമല ശ്രീകോവിലില്‍ പൊതിഞ്ഞ സ്വര്‍ണ്ണപ്പാളി സംബന്ധിച്ച വിവാദത്തില്‍ കടുത്ത പ്രതിരോധത്തില്‍ ഇടതുസര്‍ക്കാര്‍. രാവിലെ നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ വിഷയമുയര്‍ത്തി യു.ഡി.എഫ് കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ സര്‍ക്കാരിന് മറുപടിയില്ലാതായി.
തുടര്‍ന്ന് സപീക്കര്‍ ചോദ്യോത്തരവേള റദ്ദ് ചെയ്ത് സഭ നിര്‍ത്തിവെച്ചു. വീണ്ടും സഭ പുനരാരംഭിച്ചിട്ടും ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി യു.ഡി.എഫ് പ്രതിഷേധം കടുപ്പിച്ചതോടെയാണ് ഇന്നത്തേക്ക് സഭ പിരിഞ്ഞത്. ഹൈക്കോടതി നിരീക്ഷണത്തില്‍ വിഷയം സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
ശബരിമലയിലെ സ്വത്തുക്കള്‍ അമ്പലം വിഴുങ്ങികളായ സര്‍ക്കാര്‍ കൊള്ളയടിക്കുന്നുഒവെന്ന മുദ്രാവക്യമുയര്‍ത്തിയായിരുന്നു യു.ഡി.എഫ് പ്രതിഷേധം. അമ്പലം വിഴുങ്ങികളെന്ന് എഴുതിയിരുന്ന ബാനറും സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ഉയര്‍ത്തി. ഇത് സ്പീക്കറിന്റെ കാഴ്ച്ച മറച്ചതോടെ അദ്ദേഹം രോഷാകുലനായി.
സഭയില്‍ നോട്ടീസ് തരാതെ എന്തിനാണ് പ്രതിഷേധമുയര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ചര്‍ച്ചകളെ ഭയക്കുന്നത് കൊണ്ടാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് തരാതെ ഒളിച്ചോടിയതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി രാജേഷും ബഹളത്തിനിടയില്‍ സഭയില്‍ പ്രസ്താവന നടത്തി.
സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബഹളം നിര്‍ത്തി തിരികെ സീറ്റുകളിലേക്ക് പോകാന്‍ പ്രതിപക്ഷം തയ്യാറായില്ല. തുടര്‍ന്നാണ് സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സ്പീക്കര്‍ സഭ പിരിച്ചു വിട്ടത്.
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ കടുത്ത പ്രതിരോധത്തിലായ സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും കാര്യങ്ങള്‍ സഭയില്‍ വിശദീകരിക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതായത്. ഓരോ ദിവസവും ഇതില്‍ ഉള്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡും മന്ത്രിയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതല്ലാതെ സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.
മുമ്പ് വിജയ് മല്യ നല്‍കിയ സ്വര്‍ണ്ണം പൂശിയ പാളികള്‍ ചെമ്പ് എന്ന നിലയിലാണ് കണ്ടെത്തപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ബഹളത്തിനിടയില്‍ ധനകാര്യ ബില്ല്, 2025ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവത്ക്കരണ ബില്‍ എന്നിവയടക്കം ആകെ 7 ബില്ലുകളും അവതരിപ്പിച്ചു.