/sathyam/media/media_files/2026/03/05/kcvenugopal-2026-03-05-20-03-41.jpeg)
ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി നിലവില്‍ യാതൊരു രാഷ്ട്രീയ ചര്ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണെന്നും, ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എന്ത് തീരുമാനം എടുക്കണമെന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി. സുധാകരനും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് തന്റെ നിലപാടെന്ന് വേണുഗോപാല്‍ പറഞ്ഞു. ദീര്‍ഘകാല രാഷ്ട്രീയാനുഭവവും പക്വതയും ഉള്ള നേതാവായതിനാല്‍ എന്ത് തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി. സുധാകരന് മത്സരിക്കാന്‍ സീറ്റ് നല്‍കണമോയെന്നത് സിപിഎമ്മിന്റെ തീരുമാനമാണെന്നും, അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതിന് പിന്നിലെ മാനദണ്ഡങ്ങള്‍ എന്താണെന്നത് തനിക്ക് അറിയില്ലെന്നും അതിനെക്കുറിച്ച് പാര്‍ട്ടിയാണ് വിശദീകരിക്കേണ്ടതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ നിലനില്‍ക്കുന്ന വികാരങ്ങളാണ് ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. അണികളുടെ വികാരം മാനിച്ചല്ല സിപിഎമ്മിന്റെ ഭരണമെന്നത് തങ്ങള്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യമാണെന്നും, ജി. സുധാകരന്റെ പരസ്യ പ്രതികരണം അതിനെ ശരിവെക്കുന്നതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പി.ആര്‍.ഡി പരസ്യം തകര്‍ന്ന സര്‍ക്കാര്‍ പ്രതിച്ഛായ ശരിയാക്കാന്
പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്ത് ഇടത് സര്‍ക്കാര്‍ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പത്രങ്ങളില്‍ നല്‍കിയ പി.ആര്‍.ഡി പരസ്യങ്ങളെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. ആശാപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, തൊഴിലാളികള്‍ എന്നിവര്‍ കൂലിവര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് പ്രതിച്ഛായ നിര്‍മ്മാണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഈ ധൂര്‍ത്തിന് പൊതുജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും സിപിഎം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണെന്നും, കള്ളപ്രചരണം പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതും അതിന്റെ ഭാഗമാണെന്നും വേണുഗോപാല്‍ ആരോപിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു ഘട്ടം പിന്നിട്ടിട്ടുണ്ടെന്നും ചില സീറ്റുകളില്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ മുന്നണിക്കുള്ളില്‍ തന്നെയാണ് നടക്കുന്നതെന്നും, ഊഹാപോഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us