ട്രെയിനുകളിൽ കത്തിയും വടിവാളും കൊണ്ട് കയറിയാൽ പോലും ആരും അറിയില്ല. വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട സംഭവം ഉണ്ടായിട്ടും പാഠം പഠിക്കാതെ റെയിൽവേ. മലബാർ എക്സ്പ്രസിൽ യാത്രക്കാരൻ കത്തിയുമായി പോലീസിനെ അക്രമിക്കാൻ ശ്രമിച്ച സംഭവം കൂടി പുറത്തായതോടെ ഉയരുന്നത് കുടത്ത സുരക്ഷാ ആശങ്കകൾ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
train.1.2515750

കോട്ടയം: വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ മദ്യപിച്ചു കയറിയ യാത്രക്കാരൻ ചവിട്ടി തള്ളിയിട്ട കേസില്‍ റെയില്‍വേ പോലീസ് കുറ്റപത്രം സമർപ്പിച്ച ദിവസം തന്നെയാണ് മലബാർ എക്സ്പ്രസിൽ യാത്രക്കാരൻ കത്തിയുമായി  പോലീസിനെ അക്രമിക്കാൻ ശ്രമിച്ച സംഭവം കൂടി പുറത്തു വരുന്നത്.

Advertisment

പുകവലി ചോദ്യം ചെയ്തതാണു പെണ്‍കുട്ടിയെ ചവിട്ടിതള്ളിയിടാൻ കാരണം. സംഭവം നടന്ന് 56 ദിവസത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. മദ്യലഹരിയില്‍ സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറില്‍ ആക്‌സോണല്‍ ഇൻജ്വറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്.

വർക്കല അക്രമം നടന്നതിനു പിന്നാലെ പ്ലാറ്റ്ഫോമുകളിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് എല്ലാം പേരിന് മാത്രമായി. ഇതിനിടെയാണ് മദ്യപിച്ചു കത്തിയുമായി സ്ഥിരം ക്രിമിനൽ കേസ് പ്രതി മലബാർ എക്സ്പ്രസിൽ കയറുന്നത്. പുതുവത്സര ദിവസത്തിൻ്റെ ഭാഗമായി പ്ലാറ്റ്ഫോമുകളിൽ കടുത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നാണ് റെയിൽവേ പറയുന്നത്.

ഇവരുടെ എല്ലാം കണ്ണിനു മുന്നിൽ കൂടിയാണ് അക്രമി ട്രെയിനിൽ കയറിക്കൂടിയത്. തുടർന്ന് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇയാളെ ടിടിഇ ചോദ്യം ചെയ്യുകയും പിന്നീട് പോലീസ് എത്തി പിടികൂടാനും ശ്രമിക്കുന്നതിനിടയാണ് അക്രമി കത്തി വീശിയത്. പോലീസ് ഉദ്യോഗസ്ഥൻ ഒഴിഞ്ഞു മാറിയതു കൊണ്ട് വയറിൽ ചെറിയ മുറിവ് മാത്രമേ ഉണ്ടായുള്ളൂ. ഇയാൾ മറ്റു സാധാരണ യാത്രക്കാരുടെ നേരെയാണ് അക്രമം നടത്തിയിരുന്നതെങ്കിൽ വൻ ദുരന്തമായേനെ ഉണ്ടാവുക.


ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലാണ് ഏറ്റവും കുറവെങ്കിലും ഇത്തരക്കാർ കേരളത്തിലുമുണ്ട്. ട്രെയിനുകളിലെ തിരക്കു മുതലെടുത്താണ് ഇത്തരം സാഹസിക യാത്രകള്‍.

ടിക്കറ്റില്ലാത്തവരെ പിടികൂടി പിഴയീടാക്കാന്‍ ടി.ടി.ഇ മാരെക്കൂടാതെ സ്‌പെഷല്‍ സ്‌ക്വാഡും കേരളത്തിലുണ്ട്. ഇവര്‍ക്കു പ്രതിമാസം ഫൈനായി ഈടാക്കേണ്ട തുകയ്ക്കു ടാര്‍ജറ്റും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, കാലുകുത്താന്‍ ഇടയില്ലാത്ത മെമുവിലും വേണാട് പോലുള്ള ലോക്കല്‍ ട്രെയിനുകളില്‍ ഇത്തരം പരിശോധനകള്‍ സാധ്യമല്ല. ട്രെയിന്‍ യാത്രയുടെ സുരക്ഷയാണ് ഇത്തരം സംഭവങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ട്രെയിനുകളില്‍ യാത്രക്കാര്‍ക്കു മാത്രമല്ല, ടി.ടി.ഇമാരടക്കമുള്ള ജീവനക്കാര്‍ക്ക് നേരെ പോലും തുടരെ ആക്രമണങ്ങളുണ്ടാകുന്നതു യാത്രക്കാരുടെയും ജീവനക്കാരുടെയും ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എറണാകുളം- പാട്‌ന എക്‌സ്പ്രസില്‍ ഉത്തരേന്ത്യക്കാരനായ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച ടി.ടി.ഇ വിനോദിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ ദാരുണ സംഭവം ട്രെയിന്‍ യാത്രക്കാരെ മാത്രമല്ല, റെയില്‍വെ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചതാണ്.

ട്രെയിനില്‍ യാത്രക്കാരെ ആക്രമിക്കുക മാത്രല്ല, കൊലപ്പെടുത്തിയ സംഭവങ്ങള്‍ വരെ കേരളത്തില്‍ നടന്നിട്ടുണ്ട്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയും തള്ളിയിട്ടു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതി ഗോവിന്ദച്ചാമി ഇപ്പോഴും വധശിക്ഷ കാത്തു ജയിലില്‍ കഴിയുകയാണ്.

റെയില്‍വെയില്‍ വിവിധ വിഭാഗങ്ങളിലായി രണ്ടു ലക്ഷത്തോളം ഒഴിവുകളുണ്ടെങ്കിലും അതു നികത്താനുള്ള ഒരു നടപടിയും റെയില്‍വെയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

Advertisment