ഇസ്രയേൽ–ഇറാൻ-പശ്ചിമേഷ്യ സംഘർഷം: സഹായമുറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കൂട്ടായ്മകള്‍ രൂപീകരിച്ചു. നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം. കൗണ്‍സിലിങ്ങിനായി 24 മണിക്കൂറും ടെലി മനസ്സ് സേവനം

New Update
images(1204)

തിരുവനന്തപുരം: ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയരുടെയും, വിദേശയാത്രക്കാരായ കേരളീയരുടെയും നിലവിലെ സാഹചര്യം ഹെൽപ്‌ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗങ്ങള്‍ വിലയിരുത്തി.

Advertisment

നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, നോര്‍ക്ക വകുപ്പ്, ലോക കേരള സഭാ, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘര്‍ഷ മേഖലകളില്‍ രാജ്യങ്ങള്‍ തിരിച്ച് പ്രത്യേകം റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും, ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി നോര്‍ക്ക  കൂട്ടായ്മകളും രൂപീകരിച്ചു.

നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍. 

ഇസ്രായേല്‍-ജോര്‍ദ്ദാന്‍-ഈജിപ്ത്-സൗദി അറേബ്യ
യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ഖത്തർ
ബഹ്റൈൻ
കുവൈത്ത്
ഒമാന്‍

യു.എ.ഇ 

വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരും അടിയന്തിരമായി നാട്ടിലേയ്ക്കും തിരിച്ചു വരേണ്ട പ്രവാസികളുമാണ് പ്രധാനമായും ബന്ധപ്പെട്ടത്. ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്കായി നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥിയുടെ കുടുംബം, വിവാഹത്തിനായി എത്തേണ്ട യുവതിയും കുടുംബവും,   ഹോട്ടൽ എക്സ്റ്റൻഷൻ ആവശ്യപ്പെട്ട്, താമസ രജിസ്ട്രേഷൻ അവസാനിച്ചവര്‍, വിമാനം റദ്ദായി ഗ്രേസ് പീരിയഡ് കഴിഞ്ഞാൽ പിഴ ബാധകമാകുമെന്ന ആശങ്കയുളളവര്‍, ട്രാന്‍സിറ്റ് വീസയിലെത്തി കുടുങ്ങിയവര്‍ എന്നിവരുള്‍പ്പെടെ 102 പേരാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെട്ടത്. അടിയന്തിര സഹായം ആവശ്യമുളളവര്‍ക്ക് ലഭ്യമാക്കി. 

ഖത്തർ

ഖത്തറിൽ നിന്ന് സുരക്ഷാ ആശങ്കകൾ, യാത്രാ തടസ്സങ്ങൾ, വിസ സംബന്ധമായ വിഷയങ്ങൾ, താമസം, ഭക്ഷണം, മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആകെ 54 അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ആവശ്യമായ തുടർനടപടികൾക്കും സഹായത്തിനുമായി എല്ലാ കേസുകളും രേഖപ്പെടുത്തി നിരീക്ഷിച്ചുവരുന്നു. അടിയന്തിര സാഹചര്യമുളളവയില്‍ നടപടി സ്വീകരിച്ചു. 


മറ്റു രാജ്യങ്ങള്‍

ബഹ്റൈൻ നിന്നും  51 പേരും കുവൈറ്റില്‍ നിന്നും 12 ഉം  ഒമാനില്‍ നിന്നു അഞ്ചും സൗദിയില്‍ നിന്നും നാലും യു.കെ യില്‍ നിന്നും രണ്ടു പേരുമാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കില്‍ ബന്ധപ്പെട്ടത്. പൊതുവായ അന്വേഷണങ്ങളാണ് ഇവിടങ്ങളില്‍ നിന്നു ഉണ്ടായത്. 

കൗണ്‍സിലിംങിന് ടെലി മനസ്സ് സേവനം

നോർക്ക ഹെൽപ്‌ഡെസ്ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരില്‍ ആവശ്യമായുളളവര്‍ക്ക് കൗണ്‍സിലിംങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. സേവനങ്ങള്‍ക്കായി പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416  എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. നോര്‍ക്കയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൗണ്‍സിലിങ്ങ് സേവനം ഏര്‍പ്പെടുത്തിയത്. 

നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക്  +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും)  ന്യൂഡൽഹി കേരള ഹൗസ്  കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുളള  ഏകോപനത്തിനാണ് കണ്‍ട്രോള്‍ റൂം. 

കറാച്ചിയില്‍ കുടുങ്ങിയ കേരളീയര്‍ നാളെ കൊച്ചിയിലെത്തും.

വിമാനങ്ങള്‍ വഴിമാറ്റി വിട്ടതിനെതുടര്‍ന്ന് കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളായ യാത്രക്കാര്‍ പാകിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് (മാര്‍ച്ച 02) ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തി. അര്‍ദ്ധരാത്രി 12.30 ന്റെ (മാര്‍ച്ച് 03) ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക് തിരിക്കും. മാര്‍ച്ച് 03 ന് പുലര്‍ച്ചെയുളള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലേയ്ക്കും തിരിക്കും.

Advertisment