പ്രേതങ്ങളുടെ വടക്കന്‍പാട്ടുകള്‍- കൊളോണിയല്‍ ക്രൂരതകളുടെ ശേഷിപ്പികളുമായി ഇന്തോനേഷന്‍ കലാകാരന്‍ ജോംപെറ്റ്

New Update
KMB 2

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ വേദിയായ ഫോര്‍ട്ട്കൊച്ചി പെപ്പര്‍ ഹൗസിലെ ഒന്നാംനിലയില്‍ ആദ്യം കയറുമ്പോള്‍ കുറച്ചു പേര്‍ സംഗീതോപകരണങ്ങളുമായി നില്‍ക്കുന്നത് കാണാം. ആദ്യകാഴ്ചയില്‍ അത് മനുഷ്യനായി തോന്നാമെങ്കിലും അടുത്തടുത്ത് ചെല്ലുമ്പോള്‍ നിഴലായും പ്രതിമയായും ഈ കാഴ്ച കാണികളെ ആശയക്കുഴപ്പത്തിലാക്കും. നന്നേ അടുത്ത് ചെല്ലുമ്പോഴാണ് അത് കേവലം വസ്ത്രങ്ങള്‍ മാത്രം തൂക്കിയിട്ടിരിക്കുന്നതാണെന്ന് മനസിലാകുന്നത്.

ശരീരമില്ലെന്ന് മാത്രമേയുള്ളൂ വസ്ത്രങ്ങള്‍ തന്നെ ഗിത്താറും മറ്റ് സംഗീതോപകരണങ്ങളും പിടിച്ചിരിക്കുന്നു. ഇന്തോനേഷ്യൻ കലാകാരനും സംഗീതജ്ഞനുമായ ജോംപെറ്റ് കുസ്വിദനന്തോ ഒരുക്കിയ 'ദ ഗോസ്റ്റ് ബാലഡ്' (The Ghost Ballad) എന്ന ഇൻസ്റ്റലേഷൻ ബിനാലെ ആറാം ലക്കത്തിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന കലാപ്രതിഷ്ഠയെന്ന് നിസ്സംശയം പറയാം.

പോര്‍ച്ചുഗീസ് ഭരണത്തിലെ ക്രൂരകൃത്യങ്ങള്‍ ഒരു പോലെ അനുഭവിച്ച ജനതയാണ് ഇന്തോനേഷ്യയും ഇന്ത്യയിലെ പഴയ കോളനികളും. ഈ കാലത്ത് അനുഭവിച്ച ക്രൂരതയുടെ വിഷാദഭരിതവും വേട്ടയാടുന്നതുമായ സംഗീതമാണ് കലാപ്രതിഷ്ഠയുടെ കാതല്‍.

കൊളോണിയൽ കാലഘട്ടത്തിലെ ആഘാതങ്ങളെ ചലനങ്ങളിലൂടെ പുനരാവിഷ്കരിക്കുകയാണ് സൃഷ്ടി. പ്രേതങ്ങൾ അണിനിരക്കുന്നതും ഗിറ്റാർ വായിക്കുന്നതും ചെണ്ട കൊട്ടുന്നതും പാടുന്നതുമെല്ലാം ദൃശ്യമാണ്. മുഖമില്ലാത്ത, ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട, സ്കാർഫ് പുതച്ച പൊള്ളയായ രൂപങ്ങൾ സൃഷ്ടിക്കുന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഡ്രം മുഴങ്ങുന്നതും ഗിറ്റാറിന്റെ തന്ത്രികൾ ഉണരുന്നതും മുറിഞ്ഞ കൈത്തണ്ടകളിൽ പിടിച്ചിരിക്കുന്ന മൈക്കുകളിലൂടെ ഒഴുകിവരുന്ന ഗാനങ്ങളും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. തറയിൽ വെച്ചിരിക്കുന്ന സ്പീക്കറുകളിലൂടെ ഇന്തോനേഷ്യൻ ഭാഷയിൽ അവിടുത്തെ മനുഷ്യരുടെയും സംഗീത ചരിത്രത്തിന്റെയും കഥകൾ വിവരിക്കുന്നുണ്ട്.

ആദ്യത്തെ രൂപത്തിന് സമീപത്തുകൂടി നടക്കുമ്പോൾ അവന്റെ നെഞ്ചിൽ തൂങ്ങിക്കിടക്കുന്ന തടി ഗിറ്റാറിൽ നിന്നും പുറപ്പെടുന്ന നേർത്ത ശബ്ദം അടുത്തേക്ക് ചെല്ലുമ്പോൾ മാത്രം കേൾക്കാവുന്ന രീതിയില്‍ ഇൻസ്റ്റലേഷനും സന്ദർശകനും തമ്മിൽ ആത്മബന്ധം സ്ഥാപിക്കുന്നു എന്നാണ് ജോംപെറ്റ് പറയുന്നത്. കൊച്ചിയിലെ സൃഷ്ടി കൊളോണിയൽ കാലഘട്ടത്തിലെ സംഗീതത്തിന്റെ ചരിത്രമാണ് പറയുന്നത്. അക്കാലത്ത് മനുഷ്യർ നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ സംഗീതം അവരുടെ അതിജീവനത്തിനുള്ള മാർഗ്ഗമായും പ്രതിഷേധത്തിന്റെ പ്രതീകമായും മാറി.

പോർച്ചുഗലിൽ ഉത്ഭവിച്ച 'ഫാഡോ' (Fado) വിലാപത്തിന്റെയും നഷ്ടങ്ങളുടെയും കടലിന്റെയും ആവിഷ്കാരമായാണ് പാടുന്നത്. പോർച്ചുഗീസുകാർ ഇന്തോനേഷ്യയിൽ എത്തിയപ്പോൾ അവരോടൊപ്പം വന്ന ഫാഡോയുടെ വകഭേദമായാണ് ജാവയിൽ പിന്നീട് തരംഗമായി മാറിയ 'കെറോൺചോംഗ്' (Keroncong) രൂപപ്പെട്ടത്.

ഇൻസ്റ്റലേഷനിലെ ഓരോ രൂപവും ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ, വാദ്യോപകരണങ്ങൾ പിടിച്ചിരിക്കുന്ന രീതി, ഇന്തോനേഷ്യൻ-ഇന്ത്യൻ വസ്ത്രധാരണ രീതികൾ എന്നിവയെല്ലാം ശ്രദ്ധേയമാണ്. ചിലർ മുട്ടുകുത്തി നിൽക്കുന്നു, ചിലർ ഇരിക്കുന്നു, മറ്റുചിലർ കപ്പൽ യാത്രയിലെന്നപോലെ ഒഴുകി നീങ്ങുന്നു. ഓരോ രൂപത്തിനും അരികിലായി ഓരോ ജോഡി പാദരക്ഷകൾ കാണാം. പുതിയ ഇടങ്ങളിലേക്ക് ഒഴുകിനീങ്ങിയ ശരീരങ്ങളെയും കടല്‍ യാത്രികരെയും സൂചിപ്പിക്കുന്നു.

ഇന്തോനേഷ്യയിൽ നിന്നുള്ള ഗിവിംഗ് ടോപ്പോയും ഗോവയിൽ നിന്നുള്ള നാദിയ റിബെല്ലോയും ആലപിക്കുന്ന ഗാനങ്ങൾ പോർച്ചുഗീസ് അധിനിവേശം നേരിട്ട ഇന്തോനേഷ്യയുടെയും ഇന്ത്യയുടെയും ചരിത്രത്തെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. പല വലിപ്പത്തിലുള്ള ഗിറ്റാറുകൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സംഗീതം ഉപേക്ഷിക്കാൻ ആളുകൾ ആഗ്രഹിക്കാത്തതിനാലാണ് കൊണ്ടുനടക്കാൻ എളുപ്പമുള്ള ചെറിയ ഗിറ്റാറുകൾ ഇതിൽ ഉൾപ്പെടുത്തിയത്. ചില ഉപകരണങ്ങൾ പൂർത്തിയാകാത്ത രൂപത്തിലാണ്, ഇത് സംഗീതത്തിന്റെ അവസാനിക്കാത്ത തുടര്‍ച്ചയെ സൂചിപ്പിക്കുന്നു.        

Advertisment
Advertisment